Pages

*‘കോവിഡ് നിയന്ത്രണവിധേയം; മാസ്ക് ധരിക്കുന്നതിൽ ഇളവ് നൽകാനാകില്ല’*


22-Sep-2021

തിരുവനന്തപുരം∙ മാസ്ക് ധരിക്കുന്നതിൽ ഇളവ് നൽകാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വ്യാപാര സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും മാസ്ക് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആകെ 3.44 കോടി പേർ ഒന്നും രണ്ടും ഡോസ് വാക്സീൻ എടുത്തു. 24 ലക്ഷം പേരാണ് ഒന്നാം ഡോസ് വാക്സീൻ എടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവർ മൂന്നു മാസം കഴിഞ്ഞ് വാക്സീൻ എടുത്താൽ മതി. മുതിർന്ന പൗരൻമാരിൽ കുറച്ചുപേര്‍ ഇനിയും വാക്സീൻ എടുക്കാനുണ്ട്. വാക്സീൻ എടുക്കാൻ പലരും വിമുഖത കാട്ടുന്നു. ഇത് ഒഴിവാക്കണം. 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ വാക്സീനെടുക്കാൻ ബാക്കിയുണ്ടെങ്കിൽ ഉടനെ വാക്സീൻ എടുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

കോവിഡ് എതാണ്ട് നിയന്ത്രണ വിധേയമാണെന്നും അതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളും 10, 12 ക്ലാസുകളുമാണ് നവംബർ 1ന് ആരംഭിക്കുന്നത്. 15 മുതൽ മറ്റു ക്ലാസുകൾ ആരംഭിക്കും. സ്കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നു. വിദ്യാഭ്യാസ–ആരോഗ്യമന്ത്രിമാർ ചർച്ച നടത്തി. വ്യാഴാഴ്ച ഉന്നതതല യോഗം ചേരും. കരടു പദ്ധതി തയാറാക്കി മറ്റു വകുപ്പുകളുമായി ചർച്ച നടത്തും.

കുട്ടികൾക്കു പൂർണ സുരക്ഷ ഉറപ്പുവരുത്തും. ജില്ലാതലത്തിൽ അധ്യാപക സംഘടനകളുമായും മറ്റു സംഘടനകളുമായും ചർച്ച നടത്തി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. വിദ്യാലയങ്ങൾക്കു സമീപമുള്ള അശാസ്ത്രീയ പാർക്കിങ് ഒഴിവാക്കും. വിദ്യാലയങ്ങളിൽ അനാവശ്യമായി കൂട്ടംകൂടാൻ അനുവദിക്കില്ല. സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണി കൃത്യമായി നടക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ പൊലീസ് സ്റ്റേഷൻ തലത്തിൽ സൗകര്യമൊരുക്കും. കോവിഡ് പ്രോട്ടോകോളിനെ സംബന്ധിച്ച് ആയമാർ, ഡ്രൈവർമാർ എന്നിവർക്കു പൊലീസ് പ്രത്യേക പരിശീലനം നൽകും.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*