Pages

*സംസ്ഥാനത്തെ കോളജുകൾ നാളെ തുറക്കും*


03-Oct-2021

സംസ്ഥാനത്തെ കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും. അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് ക്ലാസ് തുടങ്ങുന്നത്. ഇതോടൊപ്പം സ്‌കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. ഇന്ന് വിദ്യാഭ്യാസ ഓഫിസർമാരുടെ യോഗം ചേരും. ( kerala colleges open tomorrow )

കോളജുകളിൽ ബിരുദാനന്തര ബിരുദ ക്ലാസ്സുകൾ മുഴുവൻ വിദ്യാർത്ഥികളെയും വച്ച് നടത്തും. ബിരുദ ക്ലാസ്സുകൾ പകുതി വീതം വിദ്യാർത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ക്ലാസുകൾക്ക് മൂന്നു സമയക്രമം നിർദ്ദേശിച്ചിട്ടുണ്ട്. രാവിലെ 8.30 മുതൽ 1.30 വരെയുള്ള ഒറ്റ സെഷൻ, അല്ലെങ്കിൽ, 9 മുതൽ 3 വരെ, 9.30 മുതൽ 3.30 വരെ. ഇതിൽ കോളേജ് കൗൺസിലുകൾക്ക് സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കാമെന്നാണ് നിർദ്ദേശം. മിക്ക കോളജുകളും 8.30 മുതലുള്ള ഒറ്റ സെഷനാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ആഴ്ചയിൽ 25 മണിക്കൂർ ക്ലാസ് വരത്തക്കവിധം ഓൺലൈൻ ഓഫ്‌ലൈൻ ക്‌ളാസുകൾ സമ്മിശ്രരീതിയിലാക്കിയാണ് ടൈം ടേബിൾ. മറ്റു സെമസ്റ്ററുകളുടെ ക്ലാസ്സുകൾ ഓൺലൈനിൽ തന്നെ തുടരും.

എഞ്ചിനീയറിങ് കോളജുകളിൽ ആറ് മണിക്കൂർ ദിവസേന ക്ലാസ് നടത്തുന്ന സംവിധാനം തുടരും. ഹോസ്റ്റലുകൾ തുറന്നു പ്രവർത്തിക്കും. കാമ്പസുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കാമ്പസുകൾ കേന്ദ്രീകരിച്ച് വാക്‌സിൻ നൽകിയ ശേഷമാണ് നാളെ മുതൽ ക്ലാസുകൾ തുടങ്ങുന്നത്.

സ്‌കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ മറ്റന്നാൾ പുറത്തിറക്കും. ഓരോ സ്‌കൂളിലും ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ ഡോക്ടർമാരുടെ സേവനം ഇതിനായി ഉപയോഗിക്കാം. ആയുഷ് നിർദ്ദേശിച്ച ഹോമിയോ മരുന്നുകൾ കുട്ടികൾക്ക് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*