Pages

ആര്യൻ ഖാൻ പുറത്ത്, വിവാദ നായകനായി സമീർ വാംഖഡെ; പരാതിപ്പെട്ടാൽ അന്വേഷണമെന്ന് മന്ത്രി

മുംബൈ: നർകോടിക്സ് കൺട്രോൾ ബ്യൂറോ (NCB) മുംബൈ സോൺ മേധാവി സമീർ വാംഖഡെയുടെ ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആരോപണമുയരുന്നതിനിടെ വാംഖഡെയുടെ വീട് സന്ദർശിച്ച് ദേശീയ പട്ടികജാതി കമ്മിഷൻ. സംഭവത്തിൽ ദേശീയ പട്ടികജാതി കമ്മിഷൻ വൈസ് ചെയർമാൻ അരുൺ ഹാൽദറാണ് സമീർ വാംഖഡെയുടെ വീട്ടിലെത്തി യഥാർത്ഥ രേഖകൾ പരിശോധിച്ചത്.

രേഖകളുമായി ബന്ധപ്പെട്ടുയരുന്നതിന്റെ പശ്ചാത്തലത്തിൽ യഥാർത്ഥ രേഖകൾ കാണുന്നതിന് വേണ്ടി ഹൽദാർ തങ്ങളുടെ വീട് സന്ദർഷിച്ചുവെന്നും ആരോപണം ഉന്നയിച്ചവർക്കെതിരെ അന്വേഷണം നടത്തുമെന്നും വാംഖഡെയുടെ ഭാര്യ ക്രാന്തി റെഡ്കാർ വാങ്കഡെ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

sameer wankhede
ദേശീയ പട്ടികജാതി കമ്മിഷൻ വൈസ് ചെയർമാൻ അരുൺ ഹാൽദർ സമീർ വാംഖഡെയുടെ വീട്ടിൽ | Photo: ANI

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെ സമീർ വാംഖഡെയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. മുസ്ലിം ആയിരുന്നിട്ടും സമീർ വാംഖഡെ യു പി എസ് സി പരീക്ഷയിൽ സംവരണം ലഭിക്കാൻ പട്ടികജാതി എന്നാക്കി മാറ്റിയെന്നായിരുന്നു നവാബ് മാലിക്കിന്റെ ആരോപണം.

സമീർ വാംഖഡെയുടെ ആദ്യ ഭാര്യയായ ഷബാന ഖുറേഷിയുടെ ചിത്രവുമായി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. വിവാഹ സർട്ടിഫിക്കറ്റിൽ സമീർ ദാവൂദ് വാംഖഡെ എന്നായിരുന്നു പേര്. മഹർ നൽകിയ തുകയും രേഖപ്പെടുത്തിയിരുന്നു. ട്വിറ്ററിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ ഇത് തള്ളിക്കൊണ്ട് സമീർ വാംഖഡെ രംഗത്തെത്തുകയും ചെയ്തിരുന്നു. തന്നെയും കുടുംബത്തെയും അപമാനിക്കുക എന്ന ഉദ്ദേശം മാത്രമാണ് അവർക്കുള്ളത് എന്നായിരുന്നു സമീർ വാംഖഡെ പറഞ്ഞിരുന്നത്. 

ഹൽദാറിന്റെ സന്ദർശനത്തിന് ശേഷം തങ്ങളുടെ കുടുംബം അപകടത്തിലാണെന്നും ചിലർ വീട് നിരീക്ഷിക്കുന്നുണ്ടെന്നും സമീർ വാംഖഡെയുടെ ഭാര്യ പറഞ്ഞിരുന്നു. 

നിലവിൽ ആര്യൻ ഖാന് ജാമ്യം ലഭിച്ചിരിക്കുകയാണ്. എന്നാൽ അറസ്റ്റ് ചെയ്ത എൻസിബി ഉദ്യോഗസ്ഥൻ സമീർ വാംഖഡെയെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആരെങ്കിലും പരാതിപ്പെട്ടാൽ അന്വേഷണം നടത്താൻ തയ്യാറാണെന്നാണ് മഹാരാഷ്ട്ര സാമൂഹ്യനീതി മന്ത്രി ധനഞ്ജയ് മുണ്ടെ വ്യക്തമാക്കിയത്.

വിജിലൻസ് അന്വേഷണം

അതേസമയം ആഢംബര കപ്പലിലെ മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് 25 കോടി കൈക്കൂലി ആവശ്യപ്പെട്ടു എന്ന കേസിൽ സമീർ വാംഖഡെ നവിജിലൻസ് അന്വേഷണം നേരിട്ടു കൊണ്ടിരിക്കുകയാണ്. കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് സമീര്‍ വാംഖഡെയ്‌ക്കെതിരേ എന്‍.സി.ബി. അന്വേഷണം പ്രഖ്യാപിച്ചത്.

കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മുംബൈയിലെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറലിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സമീര്‍ വാംഖഡെക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Sameer Wankhede
സമീര്‍ വാംഖഡെ | ഫയല്‍ചിത്രം | പി.ടി.ഐ.

ലഹരിമരുന്ന് കേസില്‍ പ്രതിയായ ആര്യന്‍ ഖാനെ വിട്ടയക്കാനായി കേസിലെ സാക്ഷിയായ കെ.പി. ഗോസാവിയും എന്‍.സി.ബി. ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡെയും പണം കൈപ്പറ്റിയെന്നായിരുന്നു പ്രഭാകര്‍ സെയിലിന്റെ ആരോപണം. സാം ഡിസൂസ എന്നയാളുമായി കോടികളുടെ ഇടപാടാണ് ഗോസാവി നടത്തിയതെന്നും ഇതില്‍ എട്ട് കോടി സമീര്‍ വാംഖഡെയ്ക്ക് നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ആകെ 25 കോടി രൂപയുടെ പണമിടപാട് നടന്നിട്ടുണ്ടെന്നും കേസിലെ സാക്ഷിയാക്കിയ തന്നില്‍നിന്ന് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ വെള്ളപേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങിയെന്നും പ്രഭാകര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അന്വേഷണം പ്രഖ്യാപിക്കുന്നത്.

Content Highlights: Caste panel official visits NCB's Sameer Wankhede's home after document forgery allegations


കടപ്പാട്: മാതൃഭൂമി ന്യൂസ്