Pages

'കരയരുതെന്ന് അന്ന് എന്നോട് പറഞ്ഞു'; ഇന്ദിരയുടെ ഓര്‍മകളില്‍ വികാരാധീനനായി രാഹുല്‍


ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ചരമവാര്‍ഷിക ദിനത്തില്‍ വികാരഭരിതമായ ആദരാഞ്ജലി വീഡിയോയുമായി കൊച്ചുമകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ഇന്ദിര ഗാന്ധിയുടെ സംസ്‌കാര ചടങ്ങില്‍ നിന്നുള്ള ഏതാനും ദൃശ്യങ്ങളാണ് രാഹുല്‍ പങ്കുവെച്ചിരിക്കുന്നത്. ദാദിയെ(മുത്തശ്ശി)കുറിച്ചുള്ള ഓര്‍മകളും അവര്‍ക്കൊപ്പമുള്ള അനുഭവങ്ങളും വീണ്ടും ഓര്‍ത്തെടുത്തുകൊണ്ട് ഏറെ വികാരാധീനനായാണ് മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാഹുല്‍ സംസാരിക്കുന്നത്. 

1984ലെ ഈ ദിവസമാണ് എന്റെ പ്രിയപ്പെട്ട ദാദി, ഇന്ദിരാജി കൊല്ലപ്പെട്ടത്. എന്നെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത എന്റെ അമ്മയെപ്പോലെയായിരുന്നു അവര്‍. അവരുടെ മരണം എന്റെ ജീവിതത്തില്‍ വലിയൊരു ശൂന്യത സൃഷ്ടിച്ചു. രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച രക്തസാക്ഷിയായിരുന്നു ഇന്ദിര. അവര്‍ ഒരിക്കലും മറക്കപ്പെടില്ലെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുല്‍ കുറിച്ചു. 

വീഡിയോയില്‍ രാഹുല്‍ പറയുന്നത് ഇങ്ങനെ..

ഇതെന്റെ ദാദിയുടെ മരണാനന്തര ചടങ്ങാണ്. ജീവിതത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടാമത്തെ ദിവസം. 'തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കരയരുതെന്ന് അവര്‍ മരിക്കുന്നതിന് മുന്‍പ് എന്നോട് പറഞ്ഞിരുന്നു. പക്ഷെ എന്താണ് ദാദി ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. രണ്ട് മൂന്ന് മണിക്കൂറിന് ശേഷം ദാദി മരിച്ചു. കൊല്ലപ്പെടുമെന്ന സൂചന അവര്‍ക്ക് ഉണ്ടായിരിക്കണം. കുടുംബത്തിലെ എല്ലാവര്‍ക്കും അത്തരമൊരു തോന്നല്‍ ഉണ്ടായിരുന്നുവെന്ന് തോന്നി. ഒരിക്കല്‍ ഭക്ഷണമേശയില്‍ ഇരിക്കുന്നതിനിടെ ദാദി പറഞ്ഞത്, രോഗം മൂലം മരിക്കുന്നതാണ് ഏറ്റവും ശപിക്കപ്പെട്ട അവസ്ഥ എന്നാണ്. ദാദിയുടെ ആ ഒരു കാഴ്ചപ്പാടില്‍ ഇതാണ് ഏറ്റവും മികച്ച മരണം, രാജ്യത്തിന് വേണ്ടി, താന്‍ സ്‌നേഹിക്കുന്ന ആശയങ്ങള്‍ക്ക് വേണ്ടി.. അത് ഇന്നെനിക്ക് മനസ്സിലാവുന്നു. രാഹുല്‍ പറഞ്ഞു. എന്റെ വീട്ടില്‍ പിതാവ് വളരെ കണിശക്കാരനായിരുന്നു. എനിക്ക് രണ്ട് അമ്മമാരുണ്ടായിരുന്നു. പിതാവ് ദേഷ്യപ്പെടുമ്പോള്‍ എന്നെ സംരക്ഷിക്കുന്നത് എന്റെ ദാദി ആയിരുന്നുവെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നുണ്ട്. 

1984 ഒക്ടോബര്‍ 31നാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സ്വന്തം അംഗരക്ഷകരാല്‍ വധിക്കപ്പെട്ടത്. മരണത്തിനു ശേഷം ഇന്ദിരാഗാന്ധിയുടെ വസതി മ്യൂസിയമാക്കി മാറ്റുകയായിരുന്നു. ഇന്ദിരാഗാന്ധിയുടേയും കുടുംബത്തിന്റേയും നിരവധി ഓര്‍മചിത്രങ്ങളും മറ്റുമാണ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. 

Content Highlights: Rahul Gandhi's Video Tribute For Indira Gandhi

കടപ്പാട് : മാതൃഭൂമി ന്യൂസ്