Pages

വിദ്യാലയം തുറക്കുമ്പോൾ കരുതലോടെ ജില്ല*'അതിജീവനത്തിന്റെ ഉത്സവം' നവംബർ ഒന്നിന്

വിദ്യാലയം തുറക്കുമ്പോൾ കരുതലോടെ ജില്ല

*'അതിജീവനത്തിന്റെ ഉത്സവം' നവംബർ ഒന്നിന്

നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാനിരിക്കെ മുന്നൊരുക്കങ്ങൾക്കായി കരുതലോടെ ജില്ലാ ഭരണകൂടം. അതിന്റെ ഭാഗമായി ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ നേതൃത്വത്തിൽ വിപുലമായ യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ജില്ലാ വികസന കമ്മീഷണർ അരുൺ വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ  പ്രവർത്തന പരിപാടികൾ വിശദീകരിച്ചു.

പൊലീസ് മേധാവി ഉൾപ്പടെ വിവിധ വകുപ്പ് തലവന്മാർ യോഗത്തിൽ പങ്കെടുത്തു. പൊലീസ് സ്റ്റേഷൻ പരിധിക്കകത്തുള്ള വിദ്യാലയങ്ങളുടെ മേധാവികളുടെ യോഗം അടിയന്തിരമായി ചേരും. അതോടൊപ്പം കൂടുതൽ കുട്ടികളുള്ള വിദ്യാലയങ്ങളിൽ പൊലീസിന്റെ സഹായം ലഭ്യമാക്കും. തിരക്കേറിയ പ്രദേശങ്ങളിൽ പൊലീസിനെ വിന്യസിക്കും. ആവശ്യമായ എല്ലാ ജാഗ്രതയും സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് പ്രതിനിധി അറിയിച്ചു. 

കുട്ടികളുടെ ആരോഗ്യ പരിപാലനകാര്യത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രത പുലർത്തും. ഒരു വിദ്യാലയത്തിന് ഒരു ആരോഗ്യപ്രവർത്തകന്റെ സേവനം ഉറപ്പുവരുത്തും. വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പി എച്ച് സി യിലെ ഡോക്ടർമാർക്ക് ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച് പ്രത്യേക നിർദ്ദേശം നൽകും. 
അധ്യാപകരിൽ കോവിഡ് ബാധിച്ചവർ, അലർജി മുതലായ രോഗങ്ങളുള്ളവർ  എന്നിങ്ങനെയുള്ളവരുടെ വാക്‌സിനേഷൻ പൂർത്തിയാകാനുണ്ട്.
പാചകത്തൊഴിലാളികൾ, സ്കൂൾ വാഹനത്തിലെ ഡ്രൈവർമാർ, സഹായികൾ തുടങ്ങി വിദ്യാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും നവംബർ ഒന്നിന് മുൻപായി രണ്ടു ഡോസ് വാക്‌സിനേഷനും പൂർത്തിയാക്കണം. 

വിദ്യാലയത്തിലെ കുടിവെള്ളം അണുവിമുക്തമാക്കാനുള്ള ചുമതലയും അടുക്കള ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങളും ഭക്ഷണവിതരണം തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കുന്നതിൽ പൊതുവിദ്യാഭ്യാസ വകുപ്പിനൊപ്പം ആരോഗ്യം, ഭക്ഷ്യം, തദ്ദേശസ്വയംഭരണം, വനിതാ ശിശുക്ഷേമം തുടങ്ങിയ വകുപ്പുകൾ കൂടി സഹകരിക്കും. സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് എന്നിവ ലഭ്യമാക്കാൻ കെ എം എസ് സി എല്ലുമായി ചർച്ച ചെയ്യാനും യോഗത്തിൽ ധാരണയായി.

യോഗത്തിൽ പങ്കെടുത്ത വിവിധ സംഘടനകളുടെ പ്രതിനിധികൾ  മാസ്ക് ഉൾപ്പെടെയുള്ള വിഭവങ്ങൾ സംഭാവന നൽകുമെന്ന് അറിയിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള കൗൺസിലിങ് നടത്താനുള്ള ചുമതല വനിതാ ശിശു ക്ഷേമ വകുപ്പിനെ ഏല്പിച്ചു. വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് പഞ്ചായത്ത്‌, മുനിസിപ്പൽ, കോർപറേഷൻ തല വിദ്യാഭ്യാസ സമിതികൾ വിളിച്ചു ചേർക്കും.

സ്‌കൂളുകളുടെ ഫിറ്റ്‌നെസ് കർശനമാക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻജിനീയറിങ് വിഭാഗം ആവശ്യമെങ്കിൽ കൂടുതൽ പരിശോധന നടത്തും. വിദ്യാലയങ്ങളുടെ വാഹനപരിശോധന, തിരക്കേറിയ റോഡുകളിൽ അധികവാഹനങ്ങൾ മുതലായ കാര്യങ്ങളിൽ ഗതാഗത വകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. 

വിദ്യാലയം ശുചിയാക്കാൻ ജില്ലയിൽ നടത്തിയ കളിമുറ്റമൊരുക്കാം എന്ന പരിപാടി വമ്പിച്ച വിജയമായെന്നും യോഗം വിലയിരുത്തി. ഒക്ടോബർ 27നുള്ളിൽ ശുചീകരണ പ്രവർത്തനം പൂർത്തിയാകും. വലിയ ബഹുജന പങ്കാളിത്തമാണ് കളിമുറ്റമൊരുക്കൽ പരിപാടിയിൽ  ഉണ്ടായത്. അടുത്ത ദിവസങ്ങളിൽ തുടർപ്രവർത്തനങ്ങൾ ആരംഭിക്കും. ഒക്ടോബർ 25ന് മുൻപ് എല്ലാ വിദ്യാലയങ്ങളും ശുചീകരണം പൂർത്തിയാക്കുകയും പ്രത്യേകയോഗം വിളിച്ചുചേർത്ത് പൂർത്തീകരണപ്രഖ്യാപനം നടത്തുകയും വേണം. ജില്ലാതല പ്രഖ്യാപനം ഒക്ടോബർ 27ന് നടത്തും. വിദ്യാലയ സന്ദർശനത്തിന്, വിദ്യാഭ്യാസ ഓഫീസർമാർ  ജനപ്രതിനിധിനിധികളെയും അവരുടെ സൗകര്യം കൂടി കണക്കിലെടുത്ത് ഒപ്പം കൂട്ടണം. 22ന് ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട്‌ ജില്ലാ കലക്ടർക്ക് കൈമാറണം. 

നവംബർ ഒന്നിന്, 'അതിജീവനത്തിന്റെ ഉത്സവം' എന്ന് പേരിട്ടിരിക്കുന്ന  പ്രവേശനോത്സവം എല്ലാ വിദ്യാലയത്തിലും ജനകീയമായി സംഘടിപ്പിക്കും. നേരത്തെ കളിമുറ്റമൊരുക്കാം എന്ന പരിപാടിയുടെ ഭാഗമായി, വിദ്യാലയത്തിൽ വിളിച്ചു ചേർത്ത മുഴുവൻ ബഹുജനങ്ങളെയും ഉൾപ്പെടുത്തി സംഘാടക സമിതികൾ രൂപീകരിക്കണം. വിദ്യാലയം തുറക്കുന്ന നവംബർ ഒന്നിന് മുൻപുള്ള ദിവസങ്ങളിൽ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവർക്കുള്ള ക്ലാസ്സുകളും അധ്യാപകർക്കുള്ള പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനോത്സവം ആഘോഷമാക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരികോത്സവവും സംഘടിപ്പിക്കുന്നതിന് ആലോചിക്കുന്നുണ്ട്.


വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,  തൊഴിലാളി-വിദ്യാർത്ഥി -യുവജന -അധ്യാപക സംഘടനാ പ്രതിനിധികൾ,  തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, ജില്ലാതല വിദ്യാഭ്യാസ അധികൃതർ, വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.