*പ്രവാസികൾക്ക് കുറഞ്ഞ പലിശനിരക്കിൽ രണ്ട് കോടി വരെ വായ്പ ; സംസ്ഥാന സർക്കാർ*


23-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

കോവിഡ് മൂലം ജോലിയും വരുമാനവും നഷ്ടപ്പെട്ട് ലക്ഷണക്കണക്കിന് പ്രവാസികള്‍ കേരളത്തില്‍ തിരിച്ചെത്തിയിരുന്നു. യാത്രാവിലക്ക് മൂലം വിദേശത്തേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്തവരുടെ എണ്ണവും കുറവല്ല. ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാനും സംരംഭം ആരംഭിക്കാനും സംസ്ഥാന സര്‍ക്കാര്‍ ഈ സാമ്പത്തികവര്‍ഷം 50 കോടിയുടെ ‘നോര്‍ക്ക പ്രവാസി പുനരധിവാസ ഏകോപന സംയോജന പദ്ധതി’ (പ്രവാസി–ഭദ്രത) ആണ് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു ഘട്ടമായാണ് ഇതു നടപ്പിലാക്കുക

ചെറുസംരംഭങ്ങള്‍ക്ക് ഉള്ളതാണ് പേള്‍ (പ്രവാസി എന്‍ട്രപ്രണര്‍ഷിപ് ഓഗ്മെന്റേഷന്‍ ആന്‍ഡ് റിഫോര്‍മേഷന്‍ ഓഫ് ലൈവ്ലി ഹുഡ്സ്) എന്ന പദ്ധതി. അതത് പ്രദേശത്തെ കുടുംബശ്രീയാണ് ഇതു നടപ്പിലാക്കിയിരിക്കുന്നത്. ഇതിനു വേണ്ട അപേക്ഷകള്‍ നല്‍കേണ്ടത് സിഡിഎസിലാണ്. അപേക്ഷകനോ കുടുംബാംഗമോ കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമാകണം. രണ്ട് വര്‍ഷമെങ്കിലും പ്രവാസിയായിരുന്ന വ്യക്തിക്കോ കുടുംബാംഗങ്ങള്‍ക്കോ (ജീവിതപങ്കാളി/ മാതാപിതാക്കള്‍) വായ്പയും ധനസഹായവും നല്‍കും. പരമാവധി രണ്ടു ലക്ഷം രൂപയോ പദ്ധതിത്തുകയുടെ 75 ശതമാനമോ ഏതാണ് കുറവ് അത് പലിശരഹിത വായ്പയായി നല്‍കും.

25% തുക സംരംഭക വിഹിതമാണ്. മൂന്നു മാസത്തിനു ശേഷം തിരിച്ചടവ് തുടങ്ങിയാല്‍ മതി. വായ്പത്തുക 21 മാസത്തിനകം തുല്യ ഗഡുക്കളായി അടയ്ക്കണം. പാസ്പോര്‍ട്ട്, വിസ പേജ്, റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവയുടെ കോപ്പിയും പ്രോജക്‌ട് റിപ്പോര്‍ട്ടും അടക്കം വേണം അപേക്ഷിക്കാന്‍. അപേക്ഷാഫോം സിഡിഎസ് ഓഫിസുകളിലും കുടുംബശ്രീ വെബ്സൈറ്റിലും (www.kudumbashree.org/perl) ലഭിക്കും. പരിശീലനം ആവശ്യമുള്ളവര്‍ കുടുംബശ്രീ ജോബ് പോര്‍ട്ടലില്‍ മേല്‍ നല്‍കിയ ലിങ്ക് മുഖേന റജിസ്റ്റര്‍ ചെയ്യണം. ഇടത്തരം സംരംഭങ്ങള്‍ക്കായി മൈക്രോ എന്റര്‍പ്രൈസ് അസിസ്റ്റന്‍സ് സ്കീം പ്രകാരം 5 ലക്ഷം രൂപ വായ്പ അനുവദിക്കും. തുടക്കത്തില്‍ത്തന്നെ സബ്സിഡി ലഭിക്കുന്ന പദ്ധതിയാണിത്. ഒരു ലക്ഷം രൂപ ആദ്യം തന്നെ മൂലധന സബ്സിഡിയായി അനുവദിക്കും. കേരള ബാങ്ക് വഴിയാണ് വായ്പ അനുവദിക്കുന്നത്

*5% പലിശയ്ക്ക് രണ്ട് കോടി വരെ വായ്പ*

വന്‍കിട സംരംഭങ്ങള്‍ക്കായുള്ള പ്രവാസി ഭദ്രത മെഗാ (സ്പെഷ്യല്‍ അസിസ്റ്റന്‍സ് സ്കീം) സ്കീമിന്റെ നടത്തിപ്പ് കെഎസ്‌ഐഡിസിക്കാണ്. 25 ലക്ഷം മുതല്‍ രണ്ടുകോടി രൂപ വരെ വായ്പയായി അനുവദിക്കും.8.25% മുതല്‍ 8.75% വരെ പലിശ. എന്നാല്‍, സംരംഭകന്‍ 5% പലിശ നല്‍കിയാല്‍ മതി. ബാക്കി 3.25% – 3.75% വരെ നോര്‍ക്ക റൂട്സ് സബ്സിഡിയാണ്.

വിദേശത്തുനിന്ന് മടങ്ങിയവര്‍ക്ക് മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മടങ്ങിയെത്തിയവര്‍ക്കും സംരംഭം തുടങ്ങാന്‍ ഈ വായ്പ ലഭിക്കും. കെ.എസ്‌.ഐ.ഡി.സി അപേക്ഷ പരിഗണിച്ച ശേഷം സബ്സിഡിക്കായി നോര്‍ക്ക റൂട്സിന് ശുപാര്‍ശ ചെയ്യും. ഏതെങ്കിലും ഒരു സ്കീമില്‍നിന്ന് ഒരു വായ്പയേ അനുവദിക്കൂ. സ്കീമുകള്‍ക്ക് കീഴില്‍ പുതിയ വായ്പകള്‍ മാത്രമേ അനുവദിക്കൂ. ടേക്ക് ഓവര്‍ സൗകര്യം ഉണ്ടായിരിക്കില്ല.
➖️➖️➖️➖️➖️➖️➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*