*ടി.പി അഷ്‌റഫലിക്ക് ഭാരവാഹിത്വമില്ല ; തിരിച്ചടിച്ചത് ഹരിത വിവാദമോ...?*


23-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ടി.പി അഷ്‌റഫലിയെ പരിഗണിക്കാതെ യൂത്ത് ലീഗിന് പുതിയ സംസ്ഥാന ഭാരവാഹികള്‍. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ പദവികളില്‍ മാറ്റമില്ല. പ്രസിഡണ്ടായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറിയായി പി.കെ ഫിറോസും തുടരും. പി.ഇസ്മായില്‍ ആണ് ട്രഷറര്‍. ഈ പദവിയിലേക്ക് ടി.പി അഷ്‌റഫലി എത്തുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. എന്നാല്‍ സാദിഖലി ശിഹാബ് തങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അഷ്‌റഫലിയുടെ പേര് മാറ്റിവച്ച്‌ ചര്‍ച്ച ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹരിത വിവാദത്തില്‍ പരാതിക്കാര്‍ക്കൊപ്പമായിരുന്നു അഷ്‌റഫലി. എം.എസ്‌.എഫിന്റെ ദേശീയ നേതൃ പദവിയില്‍ നിന്ന് അഷ്‌റഫലിക്ക് വൈകാതെ സ്വാഭാവികമായുള്ള പുറത്താകല്‍ സംഭവിക്കും. പുതിയ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗില്‍ പദവി ലഭിച്ചതുമില്ല. ഇതോടെ അഷ്‌റഫലിയെ മനഃപ്പൂര്‍വം തഴഞ്ഞതാണോ എന്ന സംശയത്തിനിടയാക്കിയിട്ടുണ്ട്. പല ജില്ലാ കമ്മിറ്റികളും അഷ്‌റഫലിയെ ട്രഷറര്‍ ആക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവത്രെ.

ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് ഇടനീര്‍, മുജീബ് കാടേരി, മാഹില്‍ കെഎ എന്നിവരാണ് യൂത്ത് ലീഗിന്റെ പുതിയ വൈസ് പ്രസഡിന്റുമാര്‍. നജീബ് കാന്തപുരം വഹിച്ചിരുന്ന സീനിയര്‍ വൈസ് പ്രസിഡന്റ് പദവി ഇല്ലാതായി. അദ്ദേഹം പെരിന്തല്‍മണ്ണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതോടെ യൂത്ത് ലീഗില്‍ ഭാരവാഹിത്തമില്ല. ഇനി മുസ്ലിം ലീഗിലാകും നജീബ് കാന്തപുരത്തിന്റെ പ്രവര്‍ത്തനം.

സി.കെ മുഹമ്മദലി, അഡ്വ: നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍ എന്നിവരാണ് സെക്രട്ടറിമാര്‍. വനിതകള്‍ക്ക് ഇത്തവണ സംസ്ഥാന സമിതിയില്‍ പ്രാതിനിധ്യം നല്‍കിയിട്ടില്ല. താഴേത്തട്ട് മുതല്‍ നടക്കുന്ന അടുത്ത സംഘടനാ തിരഞ്ഞെടുപ്പില്‍ വനിതകളെ ഉള്‍പ്പെടുത്തുമെന്ന സൂചനയാണ് നേതാക്കള്‍ നല്‍കിയത്. വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുകയാണെങ്കില്‍ സാധ്യത എം.എസ്‌.എഫ് നേതാവ് ഫാത്തിമ തഹ്ലിയക്കായിരുന്നു. ഹരിത വിവാദത്തില്‍ പരാതിക്കാര്‍ക്കൊപ്പം നിലകൊണ്ട വ്യക്തിയാണ് തഹ്ലിയ. ഇവരെയും ഭാരവാഹിത്തത്തില്‍ നിന്ന് തഴയാനാണ് സാധ്യതയെന്ന് നേരത്തെ റിപ്പോര്‍ട്ടുകല്‍ വന്നിരുന്നു.
➖️➖️➖️➖️➖️➖️➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*