നിങ്ങൾ ഉടൻ ഒരു വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? മറ്റൊന്നും നോക്കാനില്ല; ഇലക്ട്രിക് വാഹനം തന്നെ മതി.
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സബ്സിഡി, ചാർജിങ് സൗകര്യം, അനുബന്ധ ഗതാഗത സംവിധാനം എന്നിങ്ങനെ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
സ്വകാര്യ ഇലക്ട്രിക് മോട്ടോർ സൈക്കിൾ, കാർ, സർവീസ് വെഹിക്കിൾ, ത്രീവീലർ എന്നിവയുടെ ഒറ്റത്തവണ നികുതി വിലയുടെ അഞ്ചു ശതമാനമാക്കിയിട്ടുണ്ട്. റജിസ്ട്രേഷൻ മുതൽ ആദ്യ അഞ്ചു വർഷം തുകയുടെ 50 ശതമാനം ഇളവുണ്ട്.
ഇലക്ട്രിക് ഓട്ടോ നികുതി ആദ്യ അഞ്ചു വർഷം പൂർണമായും ഒഴിവാക്കി. മൂന്നു ലക്ഷം രൂപയ്ക്കു താഴെ വാർഷിക വരുമാനമുള്ളവർക്ക് ഇലക്ട്രിക് ഓട്ടോയ്ക്കായി 30,000 രൂപ സബ്സിഡി നൽകുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളെ പെർമിറ്റ് എടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. അടുത്ത മാസത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചാർജിങ് സ്റ്റേഷനുകൾ ഒരുങ്ങും. വൈദ്യുതി ബോർഡിന്റെ പോസ്റ്റുകളിൽ ചാർജ് പോയിന്റുകൾ സ്ഥാപിക്കുന്ന പദ്ധതിയും പുരോഗമിച്ചു വരുന്നു.
ഗോ ഇലക്ട്രിക് പദ്ധതി പ്രകാരം പൊതുജനങ്ങൾക്ക് വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഇലക്ട്രിക് ടൂ വീലറുകൾ വാങ്ങാം. www.MyEv.org.in എന്ന വെബ് സൈറ്റ് വഴിയും MyEV മൊമൈൽ ആപ്പു വഴിയും ബക്ക് ചെയ്യാം. 20,000 മുതൽ 43,000 രൂപ വരെ സബ്സിഡി ലഭിക്കും.