ഇന്ത്യയില്‍ എവിടെയും ആസ്തി സ്വന്തമാക്കാനുള്ള അവസാരമാണ് ഇ- ലേലം മുന്നോട്ടുവയ്ക്കുന്നത്. അതാത് സ്ഥലങ്ങളിലെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാനവില കണക്കാക്കിയാകും വസ്തുക്കളുടെ വില നിര്‍ണയിച്ചിരിക്കുന്നത്. വായ്പാ തുകയും കുടിശികയും തിരിച്ചുപിടിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. ബാങ്ക് തന്നെയാണു മെഗാ ലേലത്തിന്റെ കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
ലേലത്തിന്റെ വിവരങ്ങള്‍
എസ്.ബി.ഐയില്‍ ഈട് നല്‍കി വായ്പ സ്വന്തമാക്കിയതും തിരിച്ചടവുകള്‍ മുടങ്ങിയതുമായ ആസ്തികാളണ് ലേലത്തിലുള്ളത്. കോടതി ഉത്തരവിനെ തുടര്‍ന്നു എസ്.ബി.ഐ. ജപ്തി ചെയ്തവയാണ് ഈ ആസ്തികള്‍. വളരെ സുതാര്യമായാകും ലേലം നടത്തുകയെന്നു ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. സ്വത്തുക്കളുടെ പ്രസക്തമായ എല്ലാ വിശദാംശങ്ങളും ബാങ്ക് വെളിപ്പെടുത്തും. ആസ്തികള്‍ സ്വന്തമാണോ, പാട്ടത്തിനാണോ തുടങ്ങിയ വിവരങ്ങളും ഇതിലുണ്ടാകും. നിഷേപകര്‍ക്കും വീടുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവർക്കും മികച്ച അവസരമാണു കൈവന്നിരിക്കുന്നതെന്നു വ്യക്തമാക്കിയാണ് ബാങ്ക് മെഗാ ലേലത്തിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെഗാ ലേലത്തിനായി തയാറെടുക്കാം ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇ-ലേല നോട്ടീസില്‍ സൂചിപ്പിച്ചിട്ടുള്ള പ്രത്യേക വസ്തുവിന് ഇ.എം.ഡി(നിരതദ്രവ്യം) സമര്‍പ്പിക്കണം. കെ.വൈ.സി. രേഖകള്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ സമര്‍പ്പിക്കണം. ഒരു സാധുവായ ഡിജിറ്റല്‍ ഒപ്പ് ആവശ്യമാണ്. ഡിജിറ്റല്‍ ഒപ്പ് ലഭിക്കുന്നതിന് ലേലക്കാര്‍ക്ക് ഇ-ലേലക്കാരെ അല്ലെങ്കില്‍ മറ്റേതെങ്കിലും അംഗീകൃത ഏജന്‍സിയെ സമീപിക്കാം. ഇ.എം.ഡി. നിക്ഷേപിക്കുകയും കെ.വൈ.സി. രേഖകള്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നതോടെ ഇ- ലേല നടത്തിപ്പുകാര്‍ ലോഗിന്‍ ഐഡിയും പാസ് വേഡും ഉപയോക്താക്കളുടെ ഇമെയില്‍ അയയ്ക്കും. ലേല നിയമപ്രകാരം ഇ-ലേല തീയതിയില്‍ ലേല സമയത്ത് പങ്കെടുക്കുന്നവര്‍ ലോഗിന്‍ ചെയ്ത് ലേലം വിളിക്കണം. ഇ-ലേലത്തില്‍ എങ്ങനെ പങ്കെടുക്കാം
ഔദ്യോഗിക ബിഡിങ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് ഇ- മെയിലില്‍ ലഭിച്ച ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നു എന്നു വ്യക്തമാക്കി പാര്‍ട്ടിസിപ്പേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. കെ.വൈ.സി. രേഖകള്‍, ഇ.എം.ഡി. വിശദാംശങ്ങള്‍, ആദ്യ ലേല തുക എന്നിവ അപ്ലോഡ് ചെയ്യുക. രേഖകള്‍ സമര്‍പ്പിച്ചതിനുശേഷം, നിങ്ങള്‍ ഉദ്ദേശിക്കുന്ന വില സമര്‍പ്പിക്കുക. ഈ വില ബാങ്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വിലയില്‍ കൂടുതലോ തുല്യമോ ആയിരിക്കണം. ലേലത്തില്‍ ആളുകള്‍ കൂടുന്നുവെങ്കില്‍ അതിനനുസരിച്ചു ലേല തുക ഉയര്‍ത്തുക.ലേലവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനു പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്ക് ശാഖകളെ സമീപിക്കാവുന്നതാണ്. വാങ്ങാന്‍ താല്‍പര്യമുള്ള വസ്തുക്കള്‍ അതാത് ബാങ്ക് ശാഖകളെ സമീപിച്ചു നേരിട്ട് കണ്ട് ബോധ്യപ്പെടാനും അവസരമുണ്ട്.