1 hour ago
ചെന്നൈ: റിസർവേഷനില്ലാതെ സഞ്ചരിക്കാവുന്ന എക്സ്പ്രസ് തീവണ്ടികളിലെ ജനറൽ കോച്ചുകളിൽ തിങ്കളാഴ്ചമുതൽ സീസൺ ടിക്കറ്റുകൾ പുനഃസ്ഥാപിക്കും. അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം ഇൻ മൊബൈൽ(യു.ടി.എസ്.) ഇന്നുമുതൽ പ്രവർത്തനസജ്ജമാവും. ജനസാധാരൺ ടിക്കറ്റ് ബുക്കിങ് സേവക്(ജെ.ടി.ബി.എസ്.) കേന്ദ്രങ്ങളും തുറക്കാൻ തീരുമാനമായി. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ ഇതുസംബന്ധിച്ച് നടപടികൾ എടുത്തിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ കൊമേഴ്‌സ്യൽ വിഭാഗം അറിയിച്ചു.
കണ്ണൂർ-കോയമ്പത്തൂർ(06607/06608), എറണാകുളം-കണ്ണൂർ(06305/06306), കണ്ണൂർ-ആലപ്പുഴ(06308/06307), കോട്ടയം-നിലമ്പൂർ റോഡ്(06326/06325), തിരുവനന്തപുരം-എറണാകുളം(06304/06303), തിരുവനന്തപുരം-ഷൊർണൂർ(06302/06301), തിരുവനന്തപുരം-തിരുച്ചിറപ്പള്ളി(02628/02627), രാമേശ്വരം-തിരുച്ചിറപ്പള്ളി(062850/06849), ചെന്നൈ സെൻട്രൽ-ജോലാർപ്പേട്ട(06089/06090), തിരുവനന്തപുരം-ഗുരുവായൂർ(06342/06341), നാഗർകോവിൽ-കോട്ടയം (06366), പാലക്കാട് ടൗൺ -തിരുച്ചിറപ്പള്ളി(06844/06843) എന്നീ തീവണ്ടികളിലാണ് തിങ്കളാഴ്ചമുതൽ യു.ടി.എസ്., സീസൺ ടിക്കറ്റുകൾ പുനഃസ്ഥാപിക്കുക.
അതുപോലെ റെയിൽവേ സ്റ്റേഷനുപുറത്ത് സ്വകാര്യ ഏജൻസികൾ നടത്തുന്ന ജെ.ടി.ബി.എസ്. ടിക്കറ്റ് കൗണ്ടറുകളും പ്രവർത്തിക്കും. 2020 മാർച്ച് 24-ന് ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ സീസൺ ടിക്കറ്റുകളിൽ 20 ദിവസം സഞ്ചരിക്കാൻ ബാക്കിയുണ്ടായിരുന്നെങ്കിൽ പുതുക്കുമ്പോൾ അവ പുനഃസ്ഥാപിച്ചു കിട്ടും. റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളും സാധാരണപോലെ പ്രവർത്തിക്കും.
മംഗളൂരു-കോയമ്പത്തൂർ(06324/06323)നാഗർകോവിൽ-കോയമ്പത്തൂർ(06321/06322) എന്നീ തീവണ്ടികളിൽ ഈ മാസം പത്തുമുതലാണ് ജനറൽ കോച്ചുകളുണ്ടാകുക. കോവിഡ് വ്യാപനത്തിനുശേഷം പൂർണമായും റിസർവ്ഡ് കോച്ചുകളായി സർവീസ് നടത്തിയിരുന്ന തീവണ്ടികളിൽ ഘട്ടം ഘട്ടമായി ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാൻ ഒക്ടോബർ 25-നാണ് തീരുമാനിച്ചിരുന്നത്. കേരളത്തിൽ കൂടുതൽ പാസഞ്ചർ തീവണ്ടികൾ സർവീസ് നടത്തുന്നതുസംബന്ധിച്ച പ്രഖ്യാപനം ദീപാവലിക്കുശേഷമുണ്ടാകുമെന്ന് ദക്ഷിണ റെയിൽവേ കൊമേഴ്‌സ്യൽ വിഭാഗം അറിയിച്ചു.