24-Oct-2021
കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കും സുഹൃത്തുക്കൾക്കും വാഹനാപകടത്തിൽ പരിക്ക്. കൂത്തുപറമ്പ് നീർവേലിക്കടുത്താണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻതന്നെ കൂത്തുപറമ്പിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ അശ്വന്ത് എന്നയാളുടെ നില ഗുരുതരമാണ്. അശ്വന്ത് കണ്ണൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശനിയാഴ്ച അർധരാത്രി ഒന്നരയോടെയായിരുന്നു അപകടം. സുഹൃത്തിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ആകാശും സംഘവും. ഇവർ സഞ്ചരിച്ച കാർ നീർവേലിക്കടുത്ത് റോഡരികിൽ കൂട്ടിയിട്ട സിമന്റ് കട്ടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ ആകാശ് ഉൾപ്പെടെയുള്ളവരെ ഉടൻതന്നെ സമീപത്തെ ആശുപത്രികളിലെത്തിച്ചു.
അപകടത്തിൽപ്പെട്ട കാറിന് പുറമേ മറ്റ് രണ്ട് കാറുകളും ഇവരുടെ സംഘത്തിലുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയെ അടുത്തിടെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസും ചോദ്യംചെയ്തിരുന്നു.
➖️➖️➖️➖️➖️➖️➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*