Pages

മസ്റ്ററിങ്ങില്ല; 27 മാസമായി ക്ഷേമപെൻഷൻ ലഭിക്കാതെ പതിനായിരങ്ങൾ




മലപ്പുറം: ക്ഷേമപെൻഷനുകൾ കൈപ്പറ്റുന്നവർ ജീവിച്ചിരിപ്പുണ്ടെന്നു സാക്ഷ്യപ്പെടുത്തുന്നതിനായുള്ള മസ്റ്ററിങ് നടക്കാത്തതിനാൽ ആയിരക്കണക്കിന് പേരുടെ ആനുകൂല്യം തടഞ്ഞുവെച്ചു.

ജീവൻരേഖ സമർപ്പണത്തിന്റെ ഭാഗമായി അക്ഷയകേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് സംവിധാനം ഉപയോഗിച്ചുള്ള മസ്റ്ററിങ് നടപ്പാക്കുന്നതിന് 2019 നവംബറിലാണ് സർക്കാർ ഉത്തരവ് ഇറങ്ങിയത്. 2019 ഓഗസ്റ്റ് മുതലുള്ള (ഉത്തരവിനും അഞ്ചുമാസം മുന്നേ മുതൽ) പെൻഷൻ, മസ്റ്ററിങ് പൂർത്തീകരിക്കാത്തതിന്റെ പേരിൽ തടഞ്ഞു. ഇതുപ്രകാരം ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് 27 മാസത്തെ പെൻഷൻ കിട്ടാതായി. അരലക്ഷത്തോളം രൂപയാണ് ഓരോരുത്തർക്കും ലഭിക്കാനുള്ളത്.

മസ്റ്ററിങ് നടന്നുകൊണ്ടിരുന്ന സമയത്ത് പുതുതായി പെൻഷൻ അനുവദിച്ചവർക്ക് മസ്റ്ററിങ് പൂർത്തീകരിച്ചില്ലെന്ന കാരണത്താൽ ഇതുവരെയും പെൻഷൻ ലഭിച്ചില്ല. എന്നാൽ, അതിനുശേഷം ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് പെൻഷൻ ലഭിക്കുന്നുമുണ്ട്.

പെൻഷൻ ഇനം, വിതരണം ചെയ്തുകൊണ്ടിരിക്കുന്നവർ, തടഞ്ഞുവെച്ചവർ യഥാക്രമം

: വയോജനങ്ങൾക്കുള്ള പെൻഷൻ 26,81,261 1,12,191

വിധവാ പെൻഷൻ 13,39,589 40,558

കർഷകത്തൊഴിലാളി പെൻഷൻ 3,99,244 26,669

ഭിന്നശേഷിക്കാരുടെ പെൻഷൻ 3,96,745 15,180

അമ്പതുകഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ 84,819 2420

ഇതുകൂടാതെ വിവിധ ക്ഷേമനിധിബോർഡുകൾ വിതരണംചെയ്യുന്ന പെൻഷനും കൃഷിവകുപ്പ് മുഖേന നൽകുന്ന കർഷകപെൻഷനും തടഞ്ഞുവെച്ചിട്ടുണ്ട്.

ഒരവസരംകൂടി പരിഗണനയിലെന്ന് മറുപടി

: മസ്റ്ററിങ്ങിന് ഒരവസരംകൂടി ലഭ്യമാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് കോഡൂർ ഗ്രാമപ്പഞ്ചായത്തിലെ മുൻ അംഗമായ മച്ചിങ്ങൽ മുഹമ്മദ് വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് സംസ്ഥാന ധനകാര്യവകുപ്പിൽനിന്ന് നൽകിയ മറുപടിയിൽ പറയുന്നു.

പെൻഷൻ മസ്റ്ററിങ് പൂർത്തീകരിക്കാത്തതിനാൽ സംസ്ഥാനത്ത് ആകെ 1,97,018 പേരുടെ ആനുകൂല്യം തടഞ്ഞുവെച്ചിട്ടുണ്ടെന്നും 49,01,658 പേര് മസ്റ്ററിങ് പൂർത്തീകരിച്ച് പെൻഷൻ കൃത്യമായി കൈപ്പറ്റുന്നുണ്ടെന്നും മച്ചിങ്ങൽ മുഹമ്മദിന് ലഭിച്ച മറുപടിയിൽ അറിയിച്ചിട്ടുണ്ട്.


കടപ്പാട് മാതൃഭൂമി ന്യൂസ്