Pages

ഉപതിരഞ്ഞെടുപ്പ് ഫലം: ബി.ജെ.പി. പരിശോധന തുടങ്ങി; ഹിമാചൽ, രാജസ്ഥാൻ നേതൃത്വങ്ങളെ മാറ്റിയേക്കും



ന്യൂഡൽഹി: ഹിമാചൽപ്രദേശ്, രാജസ്ഥാൻ, ഹരിയാണ സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ കാരണങ്ങൾ ബി.ജെ.പി. കേന്ദ്രനേതൃത്വം സൂക്ഷ്മമായി പരിശോധിക്കും.

കാർഷികമേഖലകളേറെയുള്ള മണ്ഡലങ്ങളിലേറ്റ തിരിച്ചടികൾക്ക് കാർഷിക സമരം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ കാരണങ്ങളായിട്ടുണ്ടോ എന്നാണ് പ്രധാനമായും വിലയിരുത്തുന്നത്. ഹിമാചൽപ്രദേശിലെയും രാജസ്ഥാനിലെയും സംസ്ഥാനനേതൃത്വങ്ങളെ മാറ്റാൻ സാധ്യതയുണ്ട്. ഹിമാചൽ മുഖ്യമന്ത്രിയുടെ നിലയും പരുങ്ങലിലാണ്.

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മൂന്നുമാസംമാത്രം ബാക്കിനിൽക്കേയാണ് ഉപതിരഞ്ഞെടുപ്പുകളിൽ ചില സംസ്ഥാനങ്ങളിൽ ബി.ജെ.പി.ക്ക് ക്ഷീണമുണ്ടായത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ വിജയത്തിന്റെ തിളക്കം ഈ മൂന്നുസംസ്ഥാനങ്ങളിലെ പരാജയംമൂലം മങ്ങിയെന്നാണ് ദേശീയനേതാക്കളുടെ വിലയിരുത്തൽ.

ബി.ജെ.പി.ക്ക് ക്ഷീണമുണ്ടായ മണ്ഡലങ്ങളേറെയും കാർഷിക-ഗ്രാമീണ മേഖലകളിലാണ്. പ്രാദേശികമായ കാരണങ്ങൾക്കുപുറമേ കർഷകസമരവും ഇന്ധന വിലയും വിലക്കയറ്റവും തിരിച്ചടിക്ക് ആക്കം കൂട്ടിയെന്നാണ് താഴെത്തട്ടിൽനിന്ന് ദേശീയനേതൃത്വത്തിന് ലഭിച്ച പ്രാഥമിക റിപ്പോർട്ടുകൾ. ഇതേത്തുടർന്നാണ് ഇന്ധനത്തിന്റെ നികുതി കുറയ്ക്കാൻ കേന്ദ്രം തയ്യാറായതെന്നാണ് സൂചന. പ്രതിച്ഛായ നഷ്ടം പരിഹരിക്കാൻ കൂടുതൽ നടപടികളുണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്.

അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽപ്രദേശിലെ പരാജയമാണ് ബി.ജെ.പി.യെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. പരാജയകാരണങ്ങളായി വിലക്കയറ്റവും പണപ്പെരുപ്പവും മുഖ്യമന്ത്രി ജയ്‌റാം ഥാക്കൂർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും കേന്ദ്രനേതൃത്വം ഇക്കാര്യം അംഗീകരിച്ചിട്ടില്ല. കോവിഡ് പ്രതിരോധനടപടികളിലെ വീഴ്ചകൾ, വിലക്കയറ്റം, പ്രകൃതിദുരന്തങ്ങൾ തുടങ്ങി ജനരോഷമുയർന്ന വിഷയങ്ങളിൽ ഇടപെടുന്നതിലും പരിഹാരം നിർദേശിക്കുന്നതിലും മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്നാണ് അദ്ദേഹത്തിന്റെ എതിരാളികളുടെ ആരോപണം. തിരഞ്ഞെടുപ്പിനുമുമ്പ് നേതൃമാറ്റം വേണമെന്ന ആവശ്യം അവർ ശക്തമാക്കുമെന്നാണ് സൂചന.

രാജസ്ഥാനിലെ കടുത്തതോൽവിയും ബി.ജെ.പി.യെ അലട്ടുന്നു. വല്ലഭ്‌നഗറിൽ പാർട്ടിസ്ഥാനാർഥി നാലാം സ്ഥാനത്തും ധരിയാവാദിൽ മൂന്നാംസ്ഥാനത്തുമായത് കേന്ദ്രനേതൃത്വത്തെ ഞെട്ടിച്ചു. മുൻമുഖ്യമന്ത്രി വസുന്ധര രാജെയും സംസ്ഥാന നേതൃത്വവുമായുള്ള വടംവലി താഴെത്തട്ടിലേക്ക് പടർന്നതായാണ് പ്രാഥമിക വിലയിരുത്തൽ. വല്ലഭ് നഗറിൽ ആർ.എൽ.പി. സ്ഥാനാർഥിയായി മത്സരിച്ച ബി.ജെ.പി. വിമതൻ ഉദയ് ലാൽ ഡാൻഗിയാണ് രണ്ടാംസ്ഥാനത്ത്.

കർഷകസമരം നേരിട്ടുബാധിച്ച ഹരിയാണയിലെ എല്ലനാബാദിൽ ഐ.എൻ.എൽ.ഡി. നേതാവ് അഭയ് ചൗട്ടാലയുടെ വിജയം ബി.ജെ.പി.ക്ക് നിസ്സാരമായി കാണാനാവില്ല. ബി.ജെ.പി.യുടെ കൈവശമുണ്ടായിരുന്ന മണ്ഡലമാണിത്. എല്ലനാബാദ് മണ്ഡലത്തിലെ 190 പോളിങ് സ്റ്റേഷനുകളിൽ 166 എണ്ണം ഗ്രാമീണമേഖലയിലാണ്.


കടപ്പാട് മാതൃഭൂമി ന്യൂസ്