Pages

9 വര്‍ഷത്തെ ശമ്പളം സ്വരൂപിച്ച് യുവതി വാങ്ങിയത് 2 വീടുകള്‍; പുറത്ത് നിന്ന് ഭക്ഷണം കഴിക്കാറില്ല, ധരിക്കുന്നത് പഴയ വസ്ത്രങ്ങൾ


ഇന്ന് പലരും കൈയില്‍ മതിയായ പണം ഉണ്ടായിട്ടല്ല വീട് ഉണ്ടാക്കുന്നത്. എന്നാല്‍, വീട് പണിയുന്നതിനുള്ള മുഴുവൻ പണവും ശേഖരിച്ച് വെച്ച് വീടുണ്ടാക്കിയ വാങ് ഷെനായ് (wang shenai) എന്ന 32കാരിയുടെ കഥ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ചൈനയിലാണ് സംഭവം. ഷെനായ് തന്റെ മാസശമ്പളത്തിന്റെ (salary) 90 ശതമാനവും സ്വരൂപിച്ചാണ് ഫ്‌ളാറ്റ് (flat) വാങ്ങിയത്. അതും ഒന്നല്ല, രണ്ട് ഫ്‌ളാറ്റുകളാണ് അവര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി വാങ് ഇതിനായി തന്റെ ശമ്പളം സ്വരുക്കൂട്ടുകയായിരുന്നു. ഇവര്‍ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. ഒരു ചൈനീസ് കമ്പനിയോട് എങ്ങനൊണ് താൻ ഇതിനായി പണം സ്വരുക്കൂട്ടിയതെന്ന് ഷെനായ് പങ്കുവെച്ചിട്ടുണ്ട്.

പുറത്ത് നിന്നുള്ള ഭക്ഷണം ഇവർ പാടേ ഒഴിവാക്കിയിരുന്നു. 1200 രൂപയില്‍ താഴെ മാത്രമാണ് ഓരോ വര്‍ഷവും അടിവസ്ത്രങ്ങൾ വാങ്ങാൻ ചെലവാക്കിയിരുന്നത്. പുതിയ വസ്ത്രങ്ങള്‍ വാങ്ങാതെ സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന പഴയ വസ്ത്രം ധരിച്ചും പൊതുഗതാഗത മാര്‍ഗ്ഗം ഉപയോഗിച്ചുമാണ് വാങ് ഇത്രയും വര്‍ഷങ്ങള്‍ തള്ളിനീക്കിയത്. '' വില കൂടിയ യാതൊരു വസ്തുക്കളും ഉപയോഗിച്ചിരുന്നില്ല. യൂസ്ഡ് ഫര്‍ണീച്ചറുകളാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ സുഹൃത്തുക്കളുമൊത്ത് വില കൂടിയ ഭക്ഷണപദാര്‍ത്ഥങ്ങളൊന്നും തന്നെ കഴിച്ചിരുന്നില്ലെന്നും'' വാങ് പറയുന്നു. പണം ചെലവാക്കുമ്പോള്‍ തനിക്ക് പരിഭ്രമവും ഉത്കണ്ഠയുമുണ്ടാകാറുണ്ടെന്നും അവര്‍ പറയുന്നു. വാങിന്റെ ഭര്‍ത്താവും ഒരു പഴയ ഫോണ്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്.

ഡിസൈനിങില്‍ ബിരുദം നേടിയിട്ടുള്ള വാങ്, പരസ്യ വിപണന കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ജോലിയില്‍ നിന്ന് ലഭിച്ച ചില അനുഭവം പണം ചെലവഴിക്കുന്നത് കുറയ്ക്കാന്‍ തനിക്ക് സഹായകരമായിയെന്നും വാങ് പറയുന്നു.
ഷോപ്പിംഗ് സ്വഭാവം വര്‍ദ്ധിപ്പിക്കുന്നതിന് വിവിധ ബ്രാന്‍ഡുകള്‍ കൃത്രിമ ആവശ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് തന്റെ ജോലിയിൽ നിന്ന് മനസിലാക്കിയതായി വാങ് പറയുന്നു. ഇത് ആത്യന്തികമായി നിര്‍ബന്ധിത ഷോപ്പിംഗിലേക്ക് നയിക്കും. പ്രശസ്തമായ കോസ്‌മെറ്റിക് ബ്രാന്‍ഡുകള്‍ വാങ്ങി തുടങ്ങുന്ന പെണ്‍കുട്ടികള്‍ ഇതിന് ഉദാഹരണമാണെന്നും അവള്‍ പറയുന്നു. 'കാലക്രമേണ അവര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ആവശ്യകതകള്‍ ഉണ്ടാകും, കൂടാതെ അവരുടെ ചെലവുകളും വര്‍ധിക്കും. ഒടുവിൽ, അവര്‍ക്ക് താങ്ങാന്‍ കഴിയാത്ത സാധനങ്ങള്‍ക്ക് വരെ അവര്‍ പണം കണ്ടെത്തേണ്ടി വരുന്നു' വാങ് പറയുന്നു

താന്‍ പണം സ്വരൂപിക്കാന്‍ കണ്ടെത്തിയ ടിപ്പുകള്‍ 40,0000 പേരടങ്ങളുന്ന ഫ്രുഗല്‍ വുമണ്‍സ് ഫെഡറേഷന്‍ എന്ന ഓണ്‍ലൈന്‍ ഗ്രൂപ്പില്‍, വാങ് പങ്കുവെച്ചിട്ടുണ്ട്. ധാരാളം പേര്‍ വാങിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് വാങും കമ്പനിയുമായുള്ള സംവാദം സോഷ്യല്‍ മീഡിയയില്‍ വിവാദമാകുകയും 500 ദശലക്ഷത്തിലധികം വ്യൂസ് ഈ വീഡിയോയ്ക്ക് ലഭിക്കുകയും ചെയ്തു. പണം സ്വരുക്കൂട്ടിയ വാങിന്റെ ടിപ്പുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സമിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലര്‍ അവള്‍ ബുദ്ധിശാലിയാണെന്നും എന്നാല്‍ മറ്റുചിലര്‍ അവളുടെ പിശുക്കിനെ പരിഹസിക്കുകയും ചെയ്തു.

ചിലര്‍ അവള്‍ക്ക് മാനസികരോഗം ഉണ്ടെന്ന് വരെ കുറിച്ചു. എന്നാൽ തന്റെ മാതൃക പിന്തുടരാന്‍ താന്‍ ആരെയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഓരോ വ്യക്തിയും വ്യത്യസ്തരാണെന്നും അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വാങ് വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.


കടപ്പാട് News 18