Pages

ഇനി Mohanlal- Antony Perumbavoor ചിത്രങ്ങൾ തീയറ്ററുകളിലേക്കില്ല; ബ്രോ ഡാഡി അടക്കം അഞ്ചുസിനിമകളും ഒടിടിയിൽ


കൊച്ചി: മോഹൻലാൽ- പ്രിയദർശൻ (Mohanlal- Priyadarsan) സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹം (Marakkar Arabikadaline Simham) തീയറ്ററുകളിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത നിലപാട് പ്രഖ്യാപിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ (Antony Perumbavoor). ഇനിയുള്ള മോഹൻലാൽ- ആന്റണി പെരുമ്പാവൂർ സിനിമകളും തീയറ്ററിൽ റിലീസ് ചെയ്യില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബ്രോഡാഡി അടക്കം ആശിർവാദ് ഫിലിംസിന്റെ ഇനിയുള്ള അഞ്ച് സിനിമകളും ഒടിടിയിലായിരിക്കും റിലീസ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

'മരക്കാർ അറബിക്കടലിന്‍റെ സിംഹം' സിനിമ ഒ.ടി.ടിയിൽ റിലീസ്​ ചെയ്യാൻ നിർദേശിച്ചത്​ മോഹൻലാലാണെന്ന്​ നിർമാതാവ്​ ആന്‍റണി പെരുമ്പാവൂർ പറഞ്ഞു. സിനിമ ഒരുക്കിയത്​ തീയറ്ററിൽ വരണമെന്ന്​ ആഗ്രഹിച്ച്​ തന്നെയാണ്​. എന്നാൽ, കോവിഡടക്കമുള്ള കാരണങ്ങളാൽ സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്​.

വെള്ളിയാഴ്ച മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിൽ നടക്കാനിരുന്ന ചർച്ചയും മുടങ്ങിയതോടെ എല്ലാ പ്രതീക്ഷകളും അസ്​തമിച്ചു. തീയറ്റർ ഉടമകളുടെ സംഘടനക്ക്​ കൂടുതൽ ഒന്നും ചെയ്യാനില്ലെന്ന്​ മനസ്സിലായി.

തിയറ്റർ ഉടമകൾ 40 കോടിയുടെ അഡ്വാൻസ്​ തന്നു എന്നത്​ തെറ്റാണ്. ഇത്രയും വലിയൊരു തുക ഒരു സിനിമക്കും ഇതുവരെ അഡ്വാൻസ്​ ലഭിച്ചിട്ടില്ല. 4.895 കോടി രൂപയാണ്​ തീയറ്റർ ഉടമകൾ തന്നത്​. പിന്നീട്​ ആ പൈസ തിരിച്ചുകൊടുത്തു. നാല്​ വർഷം മുമ്പത്തെ കണക്കുപ്രകാരം ഒരു കോടി ഇപ്പോഴും തീയറ്ററുകൾ തരാനുമുണ്ട്​- ആന്റണി പെരുമ്പാവൂർ പറഞ്ഞു.

തീയറ്റർ ഉടമകൾ എന്നും തങ്ങളെ സഹായിച്ചവരാണ്​. എന്നാൽ, ഇത്തവണ അവർ തന്നെ അവഗണിക്കുകയായിരുന്നു. ഒരുപാട്​ തവണ ഉടമകൾ യോഗം ചേർന്നെങ്കിലും ഒരുതവണ പോലും തന്നെ അതിലേക്ക്​ വിളിച്ചിട്ടില്ല. അത്​ വളരെ സങ്കടകരമാണ്​.


കഴിഞ്ഞതവണ തീയറ്ററുകൾ തുറന്നപ്പോൾ സിനിമ റിലീസ്​ ചെയ്യാൻ 230 തീയറ്ററുകളിലേക്ക്​ എഗ്രിമെന്‍റ്​ അയച്ചിരുന്നു. എന്നാൽ, 89 ഇടങ്ങളിൽനിന്ന്​ മാത്രമാണ്​ തിരികെ ലഭിച്ചത്​. തങ്ങൾക്ക്​ തീയറ്ററുകളിൽനിന്ന്​ പിന്തുണയില്ലെന്ന്​ ഇതോടെ മനസ്സിലായി.

രണ്ടാമത്​ തീയറ്ററുകൾ തുറന്നപ്പോൾ നിരവധി സിനിമകൾ അവർ ഷെഡ്യൂൾ ചെയ്​തു. എന്നാൽ, ഒരാൾ പോലും തന്നോട്​ മരക്കാർ റിലീസ്​ ചെയ്യുന്ന കാര്യം ചോദിച്ച്​ വിളിച്ചിട്ടില്ല. ഈ സങ്കടം മോഹൻലാലിനോട്​ പറഞ്ഞപ്പോഴാണ്​ ഒടിടിയിൽ റിലീസ്​ ചെയ്യാൻ നിർദേശിച്ചത്​.

സംവിധായകൻ പ്രിയദർശനും ഇതിനെ പിന്തുണച്ചു. മോഹൻലാലിന്‍റെ അടുത്ത അഞ്ച്​ ചിത്രങ്ങളും ഒ ടി ടിയിലാകും റിലീസ് ചെയ്യുക. ബ്രോ ഡാഡി, ട്വൽത്​ മാൻ, എലോൺ തുടങ്ങിയ സിനിമകളാണ്​ ഒ ടി ടിയിൽ വരിക -ആന്‍റണി പെരുമ്പാവൂർ പറഞ്ഞു.


കടപ്പാട് മാതൃഭൂമി ന്യൂസ്