Pages

ജയ് ഭീം’ ഹിറ്റാകുമ്പോൾ ശ്രദ്ധേയനായി ജസ്റ്റിസ് ചന്ദ്രു


ചെന്നൈ: നടൻ സൂര്യ പ്രധാന വേഷത്തിലെത്തുന്ന ‘ജയ് ഭീം’ സിനിമ വലിയ ചർച്ചകൾക്കാണ് ഇടയാക്കിയത്. പിന്നാക്കവിഭാഗങ്ങൾക്കുനേരെയുള്ള പോലീസ് അതിക്രമങ്ങളും നീതിതേടിയുള്ള പോരാട്ടത്തിന്റെയും കഥപറയുന്ന ചിത്രത്തിൽ സൂര്യ അവതരിപ്പിച്ച ചന്ദ്രുവെന്ന അഭിഭാഷകന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ശ്രദ്ധേയനാവുകയാണ് സിനിമയ്ക്കുപുറത്തെ ‘യഥാർഥ’ ചന്ദ്രുവും

മദ്രാസ് ഹൈക്കോടതിയിലെ റിട്ട. ജസ്റ്റിസ് കെ. ചന്ദ്രു എഴുതിയ ‘ലിസൺ ടു മൈ കേസ്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമയുടെ കഥ. ജസ്റ്റിസ് ചന്ദ്രുവിന്റെ അനുഭവങ്ങളാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയ്ക്കായി ചിലമാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും യഥാർഥസംഭവങ്ങളോട് നീതിപുലർത്തുന്നുണ്ട്.

കമ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിച്ചുപ്രവർത്തിച്ചിരുന്ന ചന്ദ്രു, വിദ്യാഭ്യാസകാലംമുതൽ സാമൂഹികസേവനങ്ങളിൽ സജീവമായിരുന്നു. അഭിഭാഷകനായി ജോലിചെയ്യുമ്പോൾ പാവപ്പെട്ടവർക്ക് നീതി നേടിക്കൊടുത്തു. ജാതിവിവേചനങ്ങൾക്കെതിരേയും മനുഷ്യാവകാശപ്രശ്നങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിയിരുന്ന അദ്ദേഹം, എക്കാലത്തും അശരണർക്കൊപ്പമാണ് നിലകൊണ്ടത്.

2006-ൽ മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിക്കപ്പെട്ടു. 2009-ലാണ് സ്ഥിരം ജഡ്ജിയായത്. ഔദ്യോഗികജീവിതകാലത്ത് 96,000 കേസുകളാണ് തീർപ്പാക്കിയത്. സ്ത്രീകൾക്ക് ക്ഷേത്രങ്ങളിൽ പൂജാരികളാകാം, ജാതിപരിഗണനയില്ലാത്ത പൊതുശ്മശാനങ്ങൾ വേണം തുടങ്ങിയവ അദ്ദേഹത്തിന്റെ നിർണായക വിധികളിൽ ചിലതാണ്. അധികാരചിഹ്നങ്ങളെ എതിർത്തിരുന്ന അദ്ദേഹം, കോടതിയിൽ ‘മൈ ലോർഡ്’ എന്ന് അഭിസംബോധന ചെയ്യുന്നതും വിലക്കിയിരുന്നു.

2013 മാർച്ചിലാണ് ചന്ദ്രു ജഡ്ജിയായി വിരമിച്ചത്. വിരമിച്ചശേഷം ട്രിബ്യൂണലുകൾ, കമ്മിഷനുകൾ തുടങ്ങിയ ജോലികളൊന്നും സ്വീകരിച്ചില്ല. ‘ജയ് ഭീം’ സിനിമയ്ക്കുവേണ്ടി സംവിധായൻ ജ്ഞാനവേൽ സമീപിച്ചപ്പോഴും ആദ്യം സമ്മതിച്ചില്ല. തന്നെ വ്യക്തിപൂജ നടത്തുന്ന സിനിമ വേണ്ടെന്നായിരുന്നു നിലപാട്. പിന്നീട് അഭിഭാഷകജീവിതത്തിലെ ഒരുഭാഗം സിനിമയാക്കാൻ പിന്നണിപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ഒരു വിനോദമാധ്യമം എന്നതിലുപരി പിന്നാക്കവിഭാഗങ്ങളുടെ ജീവിതവും നീതിന്യായസംവിധാനങ്ങളും തുറന്നുകാട്ടാനുള്ള അവസരമാകുമെന്നതിനാലാണ് സിനിമയ്ക്ക് അനുമതികൊടുത്തത്.

മലയാളി താരങ്ങളായ ലിജോമോൾ ജോസ്, രജിഷ വിജയൻ എന്നിവരും പ്രകാശ് രാജും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. സീൻ റോൾഡനാണ് സംഗീതസംവിധാനം. കഴിഞ്ഞദിവസമാണ് സിനിമ ഒ.ടി.ടി.യിൽ റിലീസായത്.


കടപ്പാട് മാതൃഭൂമി ന്യൂസ്