Pages

ബംഗാൾ ഫലസൂചനകളിൽ സി.പി.എമ്മിന് നേരിയ പ്രതീക്ഷ


കൊൽക്കത്ത: കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച് പശ്ചിമബംഗാളിലെ ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിച്ച സി.പി.എമ്മിന് തിരഞ്ഞെടുപ്പുഫലങ്ങളിൽ നേരിയ പ്രതീക്ഷ. ഇടക്കാലത്ത് ബി.ജെ.പി.യിലേക്ക് പോയിരുന്ന വോട്ടുകൾ മെല്ലെ തിരിച്ചുവന്നുതുടങ്ങുന്നതായി ശാന്തിപുർ മണ്ഡലത്തിലെ ഫലം മുൻനിർത്തി പാർട്ടിനേതാക്കൾ വിലയിരുത്തുന്നു.

മത്സരംനടന്ന നാലുമണ്ഡലങ്ങളിലും ബി.ജെ.പി.ക്കുതാഴെയായി മൂന്നാമതുതന്നെയാണ് ഇടതുമുന്നണി സ്ഥാനാർഥികളുടെ വോട്ടുസംഖ്യ. പക്ഷേ, സി.പി.എം. മത്സരിച്ച ശാന്തിപുർ, ഖർദ മണ്ഡലങ്ങളിൽ വോട്ടെണ്ണലിന്റെ ഏതാണ്ട് അവസാനഘട്ടംവരെ രണ്ടാംസ്ഥാനത്ത് തുടരാൻ അവർക്ക് സാധിച്ചു. ശാന്തിപുരിൽ ബി.ജെ.പി.യുമായി ഏഴായിരത്തിൽപ്പരം വോട്ടിന്റെ വ്യത്യാസമേയുള്ളൂ. ഇവിടെ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ്, ഐ.എസ്.എഫ്. എന്നിവരുമായി സംയുക്തമുന്നണിയുണ്ടാക്കി മത്സരിച്ചിട്ടും പതിനായിരം വോട്ട് ഇടതിന് കിട്ടിയിരുന്നില്ല. എന്നാൽ, ഇത്തവണ വോട്ട് നാൽപ്പതിനായിരത്തിനടുത്തെത്തി. കോൺഗ്രസുമായി സഖ്യമില്ലാതെ ഒറ്റയ്ക്കാണ് ഇടതുമുന്നണി മത്സരിച്ചത്. ബി.ജെ.പി.ക്ക് 26.72 ശതമാനം വോട്ട് കുറഞ്ഞപ്പോൾ സി.പി.എമ്മിന് 19.57 ശതമാനം വോട്ട് കൂടി. ഇത് പാർട്ടി പ്രവർത്തകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നുവെന്നാണ് സ്ഥാനാർഥിയായിരുന്ന സൗമെൻ മഹാത്തോ പറയുന്നത്.

ഖർദയിൽ എട്ടുറൗണ്ടുവരെ രണ്ടാംസ്ഥാനത്ത് തുടർന്നെങ്കിലും അവസാനം നാലായിരം വോട്ടിന്റെ വ്യത്യാസത്തിൽ ബി.ജെ.പി.ക്കുപിന്നിൽ മൂന്നാംസ്ഥാനത്താണ് സി.പി.എം. ഇവിടെയും ബി.ജെ.പിക്ക് 20.6 ശതമാനം വോട്ട് കുറഞ്ഞെങ്കിലും ശാന്തിപ്പുരിലേതുപോലെ അത് മുതലാക്കാൻ സി.പി.എമ്മിനായില്ല. കഴിഞ്ഞ തവണത്തെക്കാൾ അവർക്ക് നാലുശതമാനം വോട്ടിന്റെ കുറവുമുണ്ടായി. തൃണമൂൽ കോൺഗ്രസിന്റെ കരുത്തനായ നേതാവും മുൻമന്ത്രിയുമായ ശോഭൻദേബ് ചതോപാധ്യായയുടെ സാന്നിധ്യമാണ് ഇതിനുകാരണമായി പാർട്ടി നേതാക്കൾ കാണുന്നത്. 24.5 ശതമാനത്തിന്റെ വോട്ടുവർധനയാണ് തൃണമൂലിന് ഇവിടെയുണ്ടായിട്ടുള്ളത്.

ബി.ജെ.പി.യുടെ വോട്ടുകൾ സംസ്ഥാനവ്യാപകമായി കുറയുന്ന പ്രവണത തുടർന്നാൽ മുഖ്യപ്രതിപക്ഷസ്ഥാനത്തേക്ക് ക്രമേണ തിരിച്ചെത്താമെന്നാണ് ഇടതുകേന്ദ്രങ്ങളുടെ പ്രതീക്ഷ. എന്നാൽ, സി.പി.എമ്മിനെ അപേക്ഷിച്ച് മറ്റുരണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച ആർ.എസ്.പി.യും ഫോർവേഡ് ബ്ലോക്കും പാടേ തകർന്നടിഞ്ഞത് മുന്നണിയിൽ നിരാശയ്ക്കും കാരണമായി. സി.പി.എമ്മിനുമാത്രമായി 15 ശതമാനം വോട്ടുകിട്ടി. എന്നാൽ, നാലുമണ്ഡലങ്ങളിലുമായി ഇടതുമുന്നണിയുടെ വോട്ട് 8.5 ശതമാനംമാത്രമാണ്.


കടപ്പാട് മാതൃഭൂമി ന്യൂസ്