Pages

ഭരണമികവിൽ മുന്നിൽ കേരളം; ഏറ്റവും പിന്നിൽ ഉത്തര്‍പ്രദേശ്


1 hour ago

ബെംഗളൂരു: ഭരണമികവ് കണക്കാക്കുന്ന പബ്ലിക് അഫയേഴ്‌സ് ഇൻഡക്സിൽ ഇത്തവണയും കേരളം ഒന്നാംസ്ഥാനത്ത്. തൊട്ടുപിന്നാലെ തമിഴ്‌നാടും തെലങ്കാനയും. കഴിഞ്ഞതവണ നാലാം സ്ഥാനത്തുണ്ടായിരുന്ന കർണാടക ഇത്തവണ ഏഴാംസ്ഥാനത്തേക്ക് പോയി. ഉത്തർപ്രദേശാണ് ഏറ്റവുംപിന്നിൽ; 18-ാം സ്ഥാനത്ത്. ഗുജറാത്ത് അഞ്ചാംസ്ഥാനത്താണ്.

വളർച്ച, പങ്കാളിത്തത്തിലെ തുല്യത, സുസ്ഥിരവികസനം എന്നീ മുഖ്യ മാനദണ്ഡങ്ങൾ പ്രകാരം കണക്കാക്കിയ ഇൻഡക്സാണിത്. ബെംഗളൂരു ആസ്ഥാനമായി ഗവേഷണരംഗത്ത് പ്രവർത്തിക്കുന്ന പബ്ലിക് അഫയേഴ്‌സ് സെന്ററാണ് ഇൻഡക്സ് തയ്യാറാക്കിയത്.

1.618 പോയന്റ് നേടിയാണ് കേരളം മുമ്പിലെത്തിയത്. തമിഴ്‌നാടിന് 0.897, തെലങ്കാനയ്ക്ക് 0.891, ഛത്തീസ്ഗഢിന് 0.872, ഗുജറാത്തിന് 0.782, കർണാടകത്തിന് 0.121 എന്നിങ്ങനെയാണ് പോയന്റുനില. 0.643 പോയന്റ് നേടിയ പഞ്ചാബിനാണ് ആറാം സ്ഥാനം. 2016-ൽ പബ്ലിക് അഫയേഴ്‌സ് ഇൻഡക്സ് റാങ്കിങ് ആരംഭിച്ചപ്പോൾ ഉത്തർപ്രദേശ് 12-ാം സ്ഥാനത്തായിരുന്നു. പിന്നീട് ഓരോ വർഷവും സംസ്ഥാനത്തിന്റെ ഇൻഡക്സ് താഴ്ന്നുവന്നു. 2016 മുതൽ എല്ലാവർഷവും കേരളമാണ് മുമ്പിൽ. ഇത്തവണ കേന്ദ്രപദ്ധതികളായ ദേശീയ ആരോഗ്യദൗത്യം, ദേശീയ തൊഴിലുറപ്പുപദ്ധതി എന്നിവയുടെ നിർവഹണമികവിലും കേരളമാണ് മുന്നിൽ.

ഭരണമികവിൽ ചെറിയസംസ്ഥാനങ്ങളിൽ സിക്കിമാണ് മുമ്പിൽ(1.617). ഗോവ രണ്ടാംസ്ഥാനത്തും(1.144) മിസോറാം മൂന്നാം സ്ഥാനത്തുമെത്തി(1.123). കേന്ദ്രഭരണപ്രദേശങ്ങളിൽ പുതുച്ചേരി ഒന്നാം സ്ഥാനത്തും (1.182), ജമ്മുകശ്മീർ രണ്ടാംസ്ഥാനത്തും (0.705) ചണ്ഡീഗഢ്‌ മൂന്നാംസ്ഥാനത്തുമെത്തി (0.628).


കടപ്പാട് മാതൃഭൂമി ന്യൂസ്