Pages

ആര്യൻഖാൻ കേസിൽനിന്ന് വാംഖഡെ പുറത്ത്; തന്റെകൂടി ആവശ്യം പരിഗണിച്ചെന്ന് വാംഖഡെ


മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ്ഖാന്റെ മകൻ ആര്യൻഖാൻ പ്രതിയായ ലഹരി വിരുന്നു കേസിന്റെ അന്വേഷണം നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി.) കേന്ദ്ര യൂണിറ്റ് ഏറ്റെടുത്തു. കേസിന്റെ അന്വേഷണച്ചുമതലയുണ്ടായിരുന്ന എൻ.സി.ബി. മുംബൈ സോണൽ ഡയറക്ടർ സമീർ വാംഖഡെയ്ക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നടപടി.

എൻ.സി.ബി. സെൻട്രൽ യൂണിറ്റിൽനിന്നുള്ള ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി.) ആയിരിക്കും ആഡംബരക്കപ്പലിലെ ലഹരി മരുന്നു കേസ് കൈകാര്യം ചെയ്യുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഒഡിഷ കേഡറിലെ ഓഫീസർ സഞ്ജയ് സിങ്ങാണ് എസ്.ഐ.ടി. തലവൻ. അദ്ദേഹം ശനിയാഴ്ച മുംബൈയിലെത്തി അന്വേഷണം ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. മുംബൈ യൂണിറ്റ് അന്വേഷിച്ചിരുന്ന മറ്റ് അഞ്ചു കേസുകൾകൂടി സെൻട്രൽ യൂണിറ്റ് ഏറ്റെടുത്തിട്ടുണ്ട്. എൻ.സി.പി. നേതാവ് നവാബ് മാലിക്കിന്റെ മരുമകൻ സമീർഖാൻ പ്രതിയായ കേസും ഇതിൽപ്പെടും. അതേസമയം, മുംബൈ സോണൽ ഡയറക്ടർ സ്ഥാനത്ത് വാംഖഡെ തുടരും.

ആര്യൻഖാൻ പ്രതിയായ കേസിന്റെ അന്വേഷണച്ചുമതലയിൽനിന്ന് സമീർ വാംഖഡെയെ മാറ്റിയത് ഒരു തുടക്കം മാത്രമാണെന്നും 26 കേസുകളിൽകൂടി പുനഃപരിശോധന നടക്കേണ്ടതുണ്ടെന്നും വാംഖഡെയ്ക്കെതിരേ പടനയിച്ച മന്ത്രി നവാബ് മാലിക് പറഞ്ഞു. കള്ളക്കേസുകളിലൂടെ ഭീഷണിപ്പെടുത്തി കോടികൾ പിരിച്ചെടുത്തു, മയക്കുമരുന്നു കടത്തുകാരുമായി ധാരണയുണ്ടാക്കി, വ്യാജ ജാതി സർട്ടിഫിക്കറ്റിലൂടെ ജോലി നേടി, ബി.ജെ.പി.യുമായി ബന്ധമുണ്ടാക്കി, അത്യാഡംബര ജീവിതം നയിക്കുന്നു തുടങ്ങിയ ഒട്ടേറെ ആരോപണങ്ങളാണ് വാംഖഡെയ്ക്കെതിരേ മാലിക് ഉയർത്തിയിരുന്നത്.

ചില കേസുകളുടെ അന്വേഷണം എൻ.സി.ബി.യുടെ കേന്ദ്ര യൂണിറ്റ് ഏറ്റെടുത്തത് തന്റെകൂടി ആവശ്യം പരിഗണിച്ചാണെന്നാണ് വാംഖഡെ പറയുന്നത്. അന്വേഷണച്ചുമതലയിൽനിന്ന് തന്നെ മാറ്റിയെന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തരോട് പറഞ്ഞു. ആരോപണം ഉയർന്ന സാഹചര്യത്തിൽ അന്വേഷണം കേന്ദ്ര യൂണിറ്റ് ഏറ്റെടുക്കുകയോ ദേശീയ അന്വേഷണ ഏജൻസിയെപ്പോലുള്ള (എൻ.ഐ.എ.) കേന്ദ്ര ഏജൻസിക്കു കൈമാറുകയോ ചെയ്യണമെന്ന്‌ താൻതന്നെ ആവശ്യപ്പെട്ടതാണെന്നും ഇതിനായി കോടതിയെ സമീപിച്ചിരുന്നെന്നും വാംഖഡെ പറഞ്ഞു.

വാംഖഡെയ്ക്കെതിരേ ഉയർന്ന ആരോപണങ്ങൾ എൻ.സി.ബി. വൃത്തങ്ങൾ പരസ്യമായി തള്ളിക്കളഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിനെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിനായി എൻ.സി.ബി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജ്ഞാനേശ്വർ സിങ് മുംബൈയിലെത്തുകയും വാംഖഡെയെ രണ്ടുതവണ ഡൽഹിക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു.


കടപ്പാട് മാതൃഭൂമി ന്യൂസ്