Pages

ജാതിയുടെ പേരില്‍ ക്ഷേത്ര അന്നദാനത്തില്‍നിന്ന് ഇറക്കിവിട്ടു; യുവതിയെ വീട്ടിലെത്തി കണ്ട് സ്റ്റാലിന്‍


4 hours ago

ചെന്നൈ: താഴ്ന്ന ജാതിക്കാരിയെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്ന് ഇറക്കിവിട്ട ആദിവാസി യുവതിയെ വീട്ടിലെത്തി കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ചെങ്കല്‍പേട്ട് ജില്ലയില്‍ നരിക്കുറവ, ഇരുള സമുദായങ്ങളില്‍പ്പെട്ടവര്‍ താമസിക്കുന്ന പൂഞ്ചേരിയിലേക്കാണ് സ്റ്റാലിന്‍ എത്തിയത്. യുവതിയെ അന്നദാനത്തില്‍നിന്ന് ഇറക്കിവിട്ട പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട് ദിവസങ്ങള്‍ക്കകമാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. പ്രദേശത്തെ ജനങ്ങള്‍ക്ക് പട്ടയവും റേഷന്‍ കാര്‍ഡും ജാതി സര്‍ട്ടിഫിക്കറ്റും സ്റ്റാലിന്‍ വിതരണം ചെയ്തു. 

രണ്ടാഴ്ച മുമ്പ് മഹാബലിപുരത്തെ പെരുമാള്‍ ക്ഷേത്രത്തില്‍ അന്നദാനത്തിന് പോയപ്പോഴാണ് അശ്വനിയേയും കൈകുഞ്ഞിനേയും ഇറക്കിവിട്ടത്. നരിക്കുറവര്‍ക്ക് പന്തിയില്‍ ഇരിക്കാന്‍ പറ്റില്ലെന്നായിരുന്നു ക്ഷേത്രത്തിലുള്ളവരുടെ ന്യായീകരണം. ഇതില്‍പ്രതിഷേധിച്ചുള്ള അശ്വനിയുടെ വീഡിയോ പുറത്തുവന്നതോടെ സംഭവം ഏറെ വിവാദമായി. അശ്വനിയുടെ പ്രതിഷേധ ദൃശ്യങ്ങള്‍ ശ്രദ്ധിച്ച ദേവസ്വം മന്ത്രി പികെ ശേഖര്‍ ബാബു ക്ഷേത്രത്തിലെത്തി അശ്വനിയേയും മറ്റു നരിക്കുറവ, ഇരുള സമുദായ അംഗങ്ങളേയും കൂട്ടി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയും ഊരിലേക്ക് നേരിട്ടെത്തിയത് 



അടിച്ചമര്‍ത്തപ്പെട്ട വിവേചനം നേരിട്ട ജനങ്ങളെ ചേര്‍ത്തുപിടിച്ച സ്റ്റാലിന്‍ പ്രദേശത്ത് 4.53 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചാണ് മടങ്ങിയത്. 81 കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി, 21 പേര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ്, ഇരുള വിഭാഗത്തിലെ 88 പേര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്, വീട്, സ്‌കൂളില്‍ ക്ലാസ് മുറികള്‍, അംഗനവാടി എന്നിവ നിര്‍മിക്കാനുള്ള തുക എന്നിവയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഈ ജന്‍മത്തില്‍ നടക്കുമെന്ന് സ്വപ്‌നം പോലും കാണാത്തത് നടന്നുവെന്ന് മഹാബലിപുരത്തെ ആദിവാസി ജനത വേദിയില്‍ വിളിച്ചുപറഞ്ഞു. 

 കടപ്പാട് മാതൃഭൂമി ന്യൂസ്