Pages

വായു മലിനീകരണം: ചിലര്‍ മനപ്പൂര്‍വം പടക്കം പൊട്ടിച്ചതിന് പിന്നില്‍ ബിജെപിയെന്ന് ഡല്‍ഹി മന്ത്രി


5 Nov 2021

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം പുകമഞ്ഞ് നിറഞ്ഞ് വായുമലിനീകരണത്താല്‍ ശ്വാസം മുട്ടുമ്പോള്‍ വിഷയത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ബി.ജെ.പിയും എ.എ.പിയും. ദീപാവലിക്ക് പടക്കം നിരോധിച്ചിട്ടും ബി.ജെ.പി പ്രവര്‍ത്തകര്‍  മനപ്പൂര്‍വം ജനങ്ങളെ പടക്കം പൊട്ടിക്കാനായി പ്രേരിപ്പിച്ചുവെന്ന് ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായി ആരോപിച്ചു. 

"വലിയൊരു വിഭാഗം ജനങ്ങള്‍ ഈ ദീപാവലി സീസണില്‍ പടക്കം പൊട്ടിച്ചില്ല. അവര്‍ക്ക് നന്ദി പറയുകയാണ്. പക്ഷെ ചിലര്‍ മനപ്പൂര്‍വം പടക്കം പൊട്ടിച്ചു. ബി.ജെ.പിയാണ് അവരെക്കൊണ്ട് അത് ചെയ്യിച്ചത്" - ഗോപാല്‍ റായി പറഞ്ഞു. നഗരത്തിന്റെ അടിസ്ഥാന മലിനീകരണ തോത് മാറ്റമില്ലാതെ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ആരോപണങ്ങള്‍ക്കെതിരെ ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.

കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതും മലിനീകരണത്തിന് കാരണമാണെന്ന് ഗോപാല്‍ റായി പറഞ്ഞു. വെള്ളിയാഴ്ച ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന മലിനീകരണ നിരക്കാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വായു നിലവാരം വിലയിരുത്തുന്ന ഏജന്‍സിയായ SAFAR ന്റെ റിപ്പോര്‍ട്ട് പ്രകാരം വൈക്കോല്‍ കത്തിക്കിലൂടെയാണ് ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ 36 ശതമാനവും സംഭവിക്കുന്നത്. SAFAR ന്റെ കണക്കു പ്രകാരം ഡല്‍ഹിയിലെ വായുമലിനീകരണ നിരക്ക് 531 ആണ്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

രോഗികളായവരെയും ആരോഗ്യമുള്ളവരെയും വായുമലിനീകരണം ഗുരുതരമായി ബാധിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ശ്വാസകോശ കാന്‍സര്‍ ഹൃദ്‌രോഗം എന്നിവയ്ക്ക് മലിനീകരണം കാരണമാകുന്നു. ഡല്‍ഹിക്ക് പുറമെ ഹരിയാന ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില നഗരങ്ങളിലും വായുമലിനീകരണം ഗുരുതരമായ നിലയിലാണ്.  നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുര്‍ഗാവ് എന്നീ നഗരങ്ങളിലാണ് ഗുരുതരമായ സാഹചര്യമുള്ളത്. മൂന്ന് സംസ്ഥാനങ്ങളിലും ദീപാവലിയോടനുബന്ധിച്ച് പടക്കങ്ങള്‍ പൂര്‍ണമായും നിരോധിച്ചിരുന്നു.

കടപ്പാട് മാതൃഭൂമി ന്യൂസ്