Pages

'ജോലിയില്ലാത്ത മദ്യപാനികളുടെ സമരം'; വിവാദ പരാമര്‍ശം നടത്തിയ ബിജെപി എംപിയുടെ കാര്‍ തകര്‍ത്തു


5 Nov 2021

ഹിസാര്‍: കര്‍ഷക സമരത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി രാജ്യസഭ എം.പി രാം ചന്ദര്‍ ജംഗ്രയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ ധര്‍മശാല ഉദ്ഘാടനം ചെയ്യാനെത്തിയ എം.പിയെ കര്‍ഷകര്‍ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ എം.പിയുടെ വാഹനത്തിന്റെ ചില്ലുകളും തകര്‍ത്തു.

പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ സംഭവ സ്ഥലത്ത് മുദ്രാവാക്യം വിളികളുമായി ഒത്തുകൂടുകയും കരിങ്കൊടി ഉയര്‍ത്തുകയുമായിരുന്നു. സ്ഥലത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പോലീസും സമരക്കാരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. കര്‍ഷകരെ തടയാന്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല.

തുടര്‍ന്ന് കര്‍ഷകര്‍ മുദ്രാവാക്യം വിളികളുമായി ഉദ്ഘാടന വേദിക്ക് സമീപത്തേക്ക് പ്രവേശിക്കുകയായിരുന്നു. എം.പിയുടെ അനുയായികളും സംഭവ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.

കഴിഞ്ഞ ദിവസം രോഹ്തകിലും എം.പിക്ക് നേരെ കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. പരിപാടിക്കിടെ കര്‍ഷക സമരത്തെ കുറിച്ച് എം.പി നടത്തിയ പരാമര്‍ശമാണ് പ്രതിഷേധത്തിനിരയായത്. സമരം നടത്തുന്നത് കര്‍ഷകരല്ലെന്നും ഒരു പണിയുമില്ലാത്ത മദ്യപാനികളാണെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. സമരം ചെയ്യുന്നവരെ ജനങ്ങള്‍ കൈകാര്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞിരുന്നു. 

കാര്‍ തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് ചില കര്‍ഷകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കടപ്പാട് മാതൃഭൂമി ന്യൂസ്