'മരക്കാർ അറബിക്കടലിന്റെ സിംഹം' സിനിമ ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ നിർദേശിച്ചത് മോഹൻലാലാണെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. സിനിമ ഒരുക്കിയത് തീയറ്ററിൽ വരണമെന്ന് ആഗ്രഹിച്ച് തന്നെയാണ്. എന്നാൽ, കോവിഡടക്കമുള്ള കാരണങ്ങളാൽ സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്.
വെള്ളിയാഴ്ച മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടക്കാനിരുന്ന ചർച്ചയും മുടങ്ങിയതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. തീയറ്റർ ഉടമകളുടെ സംഘടനക്ക് കൂടുതൽ ഒന്നും ചെയ്യാനില്ലെന്ന് മനസ്സിലായി.
തിയറ്റർ ഉടമകൾ 40 കോടിയുടെ അഡ്വാൻസ് തന്നു എന്നത് തെറ്റാണ്. ഇത്രയും വലിയൊരു തുക ഒരു സിനിമക്കും ഇതുവരെ അഡ്വാൻസ് ലഭിച്ചിട്ടില്ല. 4.895 കോടി രൂപയാണ് തീയറ്റർ ഉടമകൾ തന്നത്. പിന്നീട് ആ പൈസ തിരിച്ചുകൊടുത്തു. നാല് വർഷം മുമ്പത്തെ കണക്കുപ്രകാരം ഒരു കോടി ഇപ്പോഴും തീയറ്ററുകൾ തരാനുമുണ്ട്- ആന്റണി പെരുമ്പാവൂർ പറഞ്ഞു.
തീയറ്റർ ഉടമകൾ എന്നും തങ്ങളെ സഹായിച്ചവരാണ്. എന്നാൽ, ഇത്തവണ അവർ തന്നെ അവഗണിക്കുകയായിരുന്നു. ഒരുപാട് തവണ ഉടമകൾ യോഗം ചേർന്നെങ്കിലും ഒരുതവണ പോലും തന്നെ അതിലേക്ക് വിളിച്ചിട്ടില്ല. അത് വളരെ സങ്കടകരമാണ്.
കഴിഞ്ഞതവണ തീയറ്ററുകൾ തുറന്നപ്പോൾ സിനിമ റിലീസ് ചെയ്യാൻ 230 തീയറ്ററുകളിലേക്ക് എഗ്രിമെന്റ് അയച്ചിരുന്നു. എന്നാൽ, 89 ഇടങ്ങളിൽനിന്ന് മാത്രമാണ് തിരികെ ലഭിച്ചത്. തങ്ങൾക്ക് തീയറ്ററുകളിൽനിന്ന് പിന്തുണയില്ലെന്ന് ഇതോടെ മനസ്സിലായി.
രണ്ടാമത് തീയറ്ററുകൾ തുറന്നപ്പോൾ നിരവധി സിനിമകൾ അവർ ഷെഡ്യൂൾ ചെയ്തു. എന്നാൽ, ഒരാൾ പോലും തന്നോട് മരക്കാർ റിലീസ് ചെയ്യുന്ന കാര്യം ചോദിച്ച് വിളിച്ചിട്ടില്ല. ഈ സങ്കടം മോഹൻലാലിനോട് പറഞ്ഞപ്പോഴാണ് ഒടിടിയിൽ റിലീസ് ചെയ്യാൻ നിർദേശിച്ചത്.
സംവിധായകൻ പ്രിയദർശനും ഇതിനെ പിന്തുണച്ചു. മോഹൻലാലിന്റെ അടുത്ത അഞ്ച് ചിത്രങ്ങളും ഒ ടി ടിയിലാകും റിലീസ് ചെയ്യുക. ബ്രോ ഡാഡി, ട്വൽത് മാൻ, എലോൺ തുടങ്ങിയ സിനിമകളാണ് ഒ ടി ടിയിൽ വരിക -ആന്റണി പെരുമ്പാവൂർ പറഞ്ഞു.