Pages

*അങ്കണവാടിയും സ്കൂളുകളും തിങ്കളാഴ്ച തുറക്കും; ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നതിൽ കൂടുതൽ ചർച്ച, ഇന്ന് ഉന്നതതലയോഗം*




കൊവി‍ഡ് 19 വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു .

 തിങ്കളാഴ്ച സ്കൂളുകൾ തുറക്കുമ്പോൾ നിലവിലെ അധ്യാപന രീതിയിൽ മാറ്റമുണ്ടാകില്ല.

1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഉച്ചവരെയാകും പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ രീതി പ്രകാരം, ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികൾ മാത്രം ക്ലാസിൽ നേരിട്ടെത്തുന്ന തരത്തിൽ ഉച്ചവരെയുള്ള ക്ലാസുകളാകും നടക്കുക.

നേരിട്ടുള്ള ക്ലാസുകൾക്കൊപ്പം ഡിജിറ്റൽ- ഓൺലൈൻ ക്ലാസുകളും ശക്തിപ്പെടുത്തുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്.

ക്ലാസുകൾ വൈകിട്ട് വരെയാക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമാകും തീരുമാനമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇന്ന് ഉന്നതതലയോഗം ചേർന്ന ശേഷം, ചൊവ്വാഴ്ച്ച അധ്യാപകസംഘടനകളുമായും സർക്കാർ ചർച്ച നടത്തും.

മുഴുവൻ തയാറെടുപ്പുകളും പൂർത്തിയാക്കിയ  ശേഷമേ മുഴുവൻ കുട്ടികളെയും ഒരുമിച്ച് സ്കൂളിലെത്തിക്കുന്നതിനുള്ള തീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവർത്തിക്കാൻ വനിത ശിശുവികസന വകുപ്പാണ് തീരുമാനമെടുത്തത്.

അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും.

 അങ്കണവാടികള്‍ തുറന്ന് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും.

ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.