മസ്‌കിന്റെ ട്വിറ്ററിനെ പൂട്ടാന്‍ സക്കര്‍ബര്‍ഗിന്റെ ത്രെഡ്‌സ്;
ലോഞ്ചിംഗ് ജൂലായ് 6 , ഫീച്ചറുകള്‍ ഇങ്ങനെ -
ട്വിറ്ററിന് ബദലായുള്ള പുതിയ മൈക്രോബ്ലോഗിംഗ് ആപ്പ് ലോഞ്ചിന് ഒരുങ്ങുകയാണ് മെറ്റ. ത്രെഡ്‌സ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം അടിസ്ഥാനമാക്കിയുള്ള ചാറ്റിംഗ് ആപ്പായിട്ടാണ് ത്രെഡ്‌സ് ഒരുക്കിയിരിക്കുന്നത്. ജൂലായ് ആറിനാണ് ആപ്പ് പുറത്തിറക്കുക. ഇന്‍സ്റ്റഗ്രാമിലെ അതേ അക്കൗണ്ടുകളെ ഫോളോ ചെയ്യാനും ഈ ആപ്പ് സൗകര്യം ഒരുക്കും. അതേ യൂസര്‍ നെയിം തന്നെ ത്രെഡ്‌സിലും ഉപയോഗിക്കാം.
ട്വിറ്ററില്‍ പുതിയ നിയന്ത്രണങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നേട്ടമുണ്ടാക്കാന്‍ ത്രെഡ്‌സിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഒരു യൂസര്‍ക്ക് കാണാനാവുന്ന ട്വീറ്റുകളില്‍ ട്വിറ്റര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.യൂറോപ്പിലെ ഉപയോക്താക്കള്‍ക്ക് ആപ്പില്‍ സ്റ്റോറില്‍ ഈ ആപ്പ് ലഭ്യമാകും. ആപ്പിള്‍ സ്റ്റോറില്‍ ഇത് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പ്ലേസ്റ്റോറില്‍ എപ്പോഴാണ് എത്തുകയെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിട്ടില്ല. മുന്‍ ട്വിറ്റര്‍ സിഇഒ ആയിരുന്ന ജാക് ഡോര്‍സിയുടെ ബ്ലൂസ്‌കൈ എന്ന ആപ്പും ട്വിറ്ററിന് വെല്ലുവിളിയായി രംഗത്തുണ്ട്. അതേ ഇടത്തേക്കാണ് ത്രെഡ്‌സും കടന്നുവരുന്നത്.
കൂടുതല്‍ സുതാര്യവും, യൂസര്‍ സൗഹൃദവുമായ എക്‌സ്പീരിയന്‍സ് ത്രെഡ്‌സില്‍ ലഭിക്കുമെന്നാണ് മെറ്റയുടെ അവകാശവാദം. ഇന്‍സ്റ്റഗ്രാമിലെയും, ട്വിറ്ററിലെയും ഘടകങ്ങള്‍ ചേര്‍ന്നാണ് ത്രെഡ്‌സ് രൂപപ്പെടുത്തിയിരിക്കുന്നത്. അതേസമയം മസ്‌ക് ട്വീറ്റുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നതോടെ നിരവധി യൂസര്‍മാര്‍ പല ആപ്പുകളിലേക്കായി മാറി കൊണ്ടിരിക്കുകയാണ്. പുതിയ സിഇഒ ലിന്‍ഡ യാക്കറിനോയ്ക്കും ഈ തീരുമാനം തിരിച്ചടിയാണ്. അധികാരമില്ലാത്ത സിഇഒയാണ് ലിന്‍ഡയെന്ന വിമര്‍ശനവും ശക്തമാണ്.
അതേസമയം മെറ്റയുടെ ആപ്പ് തിങ്കളാഴ്ച്ച രാവിലെ യൂറോപ്പിലാകെയുള്ള പ്ലേസ്റ്റോര്‍ അക്കൗണ്ടുകളില്‍ ലഭ്യമായിരുന്നു. രാത്രിയില്‍ ആപ്പില്‍ ആപ്പ് സ്റ്റോറിലും എത്തിയിരുന്നു. എന്നാല്‍ ജൂലായ് ആറിന് ലോഞ്ച് ചെയ്യുമോ എന്ന കാര്യത്തില്‍ മെറ്റ സ്ഥിരീകരണം നല്‍കിയിട്ടില്ല. ജൂലായ് പകുതിയോടെയായിരുന്നു മെറ്റ ത്രെഡ്‌സിന്റെ ലോഞ്ചിനായി തീരുമാനിച്ചിരുന്നത്. പക്ഷേ അത് ഒരാഴ്ച്ച മുന്നോട്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ട്വിറ്ററില്‍ നിന്നുണ്ടായിട്ടുള്ള പിഴവുകള്‍ മുതലെടുക്കുക കൂടി ലോഞ്ചിംഗ് നേരത്തെ വരുന്നതിലൂടെ മെറ്റ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദിവസേന 600 ട്വീറ്റുകള്‍ മാത്രമേ ഇനി വായിക്കാനാവൂ എന്നാണ് മസ്‌ക് പുതിയതായി കൊണ്ടുവന്ന നിയന്ത്രണത്തില്‍ പറയുന്നത്. ട്വിറ്ററില്‍ നിന്ന് വലിയ തോതിലുള്ള കൊഴിഞ്ഞുപോകാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉണ്ടായിരുന്നത്. ബ്ലൂസ്‌കൈയാണ് ഇതില്‍ നേട്ടമുണ്ടാക്കിയത്.
യൂസര്‍മാരുടെ വരവിനെ തുടര്‍ന്ന് ശനിയാഴ്ച്ച ബ്ലൂസ്‌കൈ ക്രാഷായിരുന്നു. ഇതോടെ പുതിയ യൂസര്‍മാര്‍ സൈന്‍ അപ്പ് ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു ബ്ലൂസ്‌കൈ. എന്നാല്‍ അതിന് ശേഷം ആപ്പ് പഴയ രീതിയില്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നിയന്ത്രിതമായ അളവില്‍ മാത്രമേ പുതിയ യൂസര്‍മാരെ ബ്ലൂസ്‌കൈ സ്വീകരിക്കുന്നുള്ളൂ. അതുകൊണ്ട് എല്ലാവര്‍ക്കും സ്വീകാര്യമാവണമെന്നില്ല. ഇവിടെയാണ് മെറ്റയ്ക്ക് സാധ്യതയുള്ളത്. പുതിയ ഫീച്ചറുകള്‍ അടക്കം ഉള്‍പ്പെടുത്തി ആകര്‍ഷകമായിട്ടാണ് ത്രെഡ്‌സ് പുറത്തിറക്കുന്നത്.