Pages

*അനുമതിയില്ലാതെ നിലം നികത്തിയാൽ ഭാവിയിൽ സ്ഥലം പോക്ക് വരവ് ചെയ്തു കിട്ടുവാൻ ബുദ്ധിമുട്ടാകുമോ?*


*അനുമതിയില്ലാതെ നിലം നികത്തിയാൽ ഭാവിയിൽ സ്ഥലം പോക്ക് വരവ് ചെയ്തു കിട്ടുവാൻ ബുദ്ധിമുട്ടാകുമോ?* 



കുറേക്കാലത്തെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് സന്തോഷ് നാല് സെന്റ് സ്ഥലം വാങ്ങിയത്. വസ്തുവിന്റെ തരം നിലമായാണ് റവന്യൂ രേഖകളിൽ കാണപ്പെടുന്നത്. ഈ വസ്തു പോക്കുവരവ് ചെയ്യുവാനായി വില്ലേജ് ഓഫീസറെ സമീപിച്ചപ്പോൾ, വസ്തുവിന്റെ മുൻഉടമ അനുമതിയില്ലാതെ നിലം നികത്തിയതിനാൽ വസ്തു പോക്കുവരവ് ചെയ്യുവാൻ നിവൃത്തിയില്ലായെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.

കേരള നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ പരിധിയിൽ പെടുന്ന ഭൂമിയുടെ പോക്കുവരവ് തടസ്സപ്പെടുത്തുവാനോ, കൈവശാവകാശ സർട്ടിഫിക്കറ്റ് നിരസിക്കുവാനോയുള്ള കാരണങ്ങൾ നിയമത്തിൽ ഇല്ല. ഇപ്പോഴത്തെ ഉടമയോ, പഴയ ഉടമയോ അനധികൃതമായി നെൽവയൽ നികത്തിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട അധികാരികൾക്ക് സാധിക്കും. എന്നാൽ അത്തരം ഒരു നടപടി ഭൂമി പോക്കുവരവ് ചെയ്യുന്നതിൽ നിന്നും വിലക്കുന്നതായി നിയമത്തിൽ കാണുന്നില്ല.

നിയമത്തിന്റെ പത്തൊമ്പതാം വകുപ്പ് പ്രകാരം വില്ലേജ് ഓഫീസർ, സബ് ഇൻസ്പെക്ടർ എന്നീ പദവിയിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥർക്ക്, ഇത്തരം സ്ഥലങ്ങളിൽ പ്രവേശിക്കുകയും പരിശോധന നടത്തുവാനും, പിടിച്ചെടുക്കുവാനുള്ള അധികാരവുമുണ്ട്.

കടപ്പാട്
*തയ്യാറാക്കിയത്* 
Adv. K. B MOHANAN
.......................................................