സഹകരണവകുപ്പ് അജൻഡയിൽ കേരളവും; മുന്നൊരുക്കവുമായി സഹകാർ ഭാരതി

സഹകരണവകുപ്പ് അജൻഡയിൽ കേരളവും; മുന്നൊരുക്കവുമായി സഹകാർ ഭാരതി

കൊച്ചി: ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തെ മുൻനിറുത്തിയുള്ള കേന്ദ്ര സഹകരണ വകുപ്പിന്റെ അജൻഡയിൽ മഹാരാഷ്ട്രയോടൊപ്പം കേരളവും. സി.പി.എം, സി.പി.ഐ, കോൺഗ്രസ്, എൻ.സി.പി തുടങ്ങിയ പാർട്ടികളുടെ കൈയിലുള്ള സഹകരണ മേഖലയിലൂടെ സ്വാധീനം വിപുലീകരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ദേശീയ സഹകരണ സംഗമം ലക്ഷ്യമിട്ട പ്രവർത്തനങ്ങളിലൂടെ പുതിയ കേന്ദ്ര- സഹകരണ നിയമത്തിന്റെ പിൻബലത്തിൽ സഹകരണരംഗത്ത് സ്വാധീനമുറപ്പിക്കുകയാണ് ലക്ഷ്യം.പരമ്പരാഗത വ്യവസായങ്ങൾ ഉൾപ്പെടെയുള്ള കേരളത്തിലെ സഹകരണ മേഖല ലക്ഷ്യമിട്ട് സംഘപരിവാർ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ 50 ലക്ഷം അംഗങ്ങളുള്ള രണ്ടു ലക്ഷത്തിലധികം സഹകരണ സംഘങ്ങളുണ്ട്. പുറമെ 21,000 പ്രാഥമിക കാർഷിക സൊസൈറ്റികളും 31 ജില്ലാ സഹകരണ ബാങ്കുകളുമുണ്ട്. പഞ്ചസാര സഹകരണ ഫാക്ടറികൾ, പാൽ സഹകരണ സ്ഥാപനങ്ങൾ, തറികൾ, നഗര - ഗ്രാമീണ കാർഷിക വായ്പാ സൊസൈറ്റികൾ എന്നിവ വേറെയുമുണ്ട്.


2020 മേയ് 7,8,9 തീയതികളിലായി കൊച്ചിയിൽ നാഷണൽ കോ-ഓപ്പറേറ്റീവ് മീറ്റ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. കൊവിഡ് വ്യാപനംമൂലം മീറ്റ് മാറ്റിവച്ചെങ്കിലും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പരിവാർ സംഘടനയായ സഹകാർഭാരതി ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ട്.സഹകരണ സംഗമം ലക്ഷ്യമിട്ടത് 15,000-ാളം സഹകരണ സംഘങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുക. സഹകാർഭാരതിയുടെ കീഴിലുള്ള അക്ഷയശ്രീ മിഷൻ യൂണിറ്റുകൾ എണ്ണായിരത്തിൽ നിന്ന് ഇരുപതിനായിരത്തിലെത്തിക്കുക.കൃഷി, മത്സ്യമേഖല, മൃഗസംരക്ഷണം, ക്ഷീരമേഖല എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുക. മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ തുടങ്ങുക. 

എതിർത്തും സ്വാഗതം ചെയ്തും

സഹകരണ ബാങ്കുകളെ കൂച്ചുവിലങ്ങിടാനുള്ള നീക്കമെന്ന് കേന്ദ്ര നിയമത്തെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. സഹകരണ സംഘങ്ങളെ വരുമാന നികുതിക്ക് കീഴിൽ കൊണ്ടുവരാനാണ് നീക്കം. റിസർവ്വ് ബാങ്ക് വഴി നേരിട്ട് നടപടി എടുപ്പിക്കും. വസ്തു പണയത്തിന്മേലുള്ള വ്യക്തിഗത വായ്പ നിലയ്ക്കും.എന്നാൽ സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവർ മേധാവികളാകുന്നതു മൂലം മേഖലയ്ക്ക് നേട്ടമാകുമെന്ന് നിയമത്തെ അനുകൂലിക്കുന്നവർ പറയുന്നു. സ്ഥാപനവും നിക്ഷേപങ്ങളും കൂടുതൽ സുരക്ഷിതമാകും.കള്ളപ്പണം വെളുപ്പിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിലയ്ക്കും. കൂടുതൽ സുരക്ഷിതവും ശക്തവുമായ അന്തർസംസ്ഥാന സഹകരണ ബാങ്കുകൾ തുടങ്ങാം.