☎️പഞ്ചായത്തുകളിൽ ഇനി ഉദ്യോഗസ്ഥർ മൂന്ന് ബെല്ലിനുള്ളിൽ ഫോൺ എടുക്കണം

☎️പഞ്ചായത്തുകളിൽ ഇനി ഉദ്യോഗസ്ഥർ മൂന്ന് ബെല്ലിനുള്ളിൽ ഫോൺ എടുക്കണം
17-July-2021
സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകളിൽ ഇനി ഫോണുകൾ മൂന്ന് റിങ്ങിനുള്ളിൽ എടുക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ നിർദേശം. പഞ്ചായത്തുകളുടെ സുഗമമായ പ്രവർത്തനത്തിനും കാര്യക്ഷമത, നൽകുന്ന സേവനങ്ങളുടെ വേഗം എന്നിവ വർധിപ്പിക്കുന്നതിനും ജീവനക്കാരുടെ മനോഭാവത്തിലെ മാറ്റത്തിനുമായിട്ടാണ് പുതിയ സർക്കുലർ പഞ്ചായത്തുകളിൽ എത്തിയത്.

സംസാരിക്കുന്ന ഉദ്യോഗസ്ഥൻ ഏറ്റവും സൗമ്യമായ ഭാഷ ഉപയോഗിക്കണം. ഫോൺ എടുക്കുമ്പോഴും വിളിക്കുമ്പോഴും, പേര്, ഓഫീസ്, തസ്തിക ഉൾപ്പെടെ സ്വയം പരിചയപ്പെടുത്തുകയും വേണം. ഫോൺ കട്ട് ചെയ്യുന്നതിന് മുമ്പ് വേറെ ആർക്കെങ്കിലും കൈമാറേണ്ടതുണ്ടോയെന്നും വിളിക്കുന്നയാളിനോട് ചോദിക്കണം.

ശബ്ദസന്ദേശമാണ് വന്നതെങ്കിലും കൃത്യമായ മറുപടി നൽകണമെന്നും നിർദേശമുണ്ട്. വ്യക്തമായും ആവശ്യമായ ഉച്ചത്തിലും സംസാരിക്കണം. സംഭാഷണം അവസാനിപ്പിക്കുമ്പോൾ നന്ദി പറയണമെന്നും പഞ്ചായത്ത് ഡയറക്ടറുടെ പൂർണ ചുമതല വഹിക്കുന്ന എം.പി. അജിത്കുമാർ സർക്കുലറിലൂടെ നിർദേശിച്ചു. ഇത്തരം കാര്യങ്ങളെല്ലാം പാലിക്കുന്നോയെന്ന് മേലധികാരി ഉറപ്പുവരുത്തണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.