//സാധാരണക്കാരോട് പോലീസിന്റെ കടന്നുകയറ്റം ; സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം//

//സാധാരണക്കാരോട് പോലീസിന്റെ കടന്നുകയറ്റം ; സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം//
31-07-2021

അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പോലീസ് സാധാരണക്കാരോട് മോശമായി പെരുമാറുന്നതായും അനാവശ്യ പിഴ ചുമത്തുന്നതുമായ ആരോപണം സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ നെഞ്ചത്താണ് പോലീസിന്റെ കോവിഡ് പ്രതിരോധം എന്ന പേരിലുള്ള കടന്നുകയറ്റം നടന്നുകൊണ്ടിരിക്കുന്നത്. ഒന്നോ, രണ്ടോ സംഭവമല്ല ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിരവധി സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുള്‍പ്പെടെ പോലീസിനെതിരെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ മഞ്ചേരിയില്‍ വാഹന സര്‍വീസ് നടത്തുന്ന ഡ്രൈവര്‍ പ്രതിഷേധിക്കുന്ന തരത്തിലുള്ള ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രം ഇതിനോടകംതന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. അയാളുടെ കഴുത്ത് നിറയെ ചുവന്ന റസീപ്റ്റുകളാണ്. ഇതുമുഴുവന്‍ അയാള്‍ പിഴ അടച്ച റസീപ്റ്റുകളാണ്. ഈ മനുഷ്യനും കിറ്റ് കിട്ടാറുണ്ട് എന്ന കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. ചെങ്കല്‍ വാഹന സര്‍വീസിന് മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ വഴിനീളെ ചെക്കിങ്ങും പിഴയും ഈടാക്കുന്നതായി കാണിക്കുന്ന ബോര്‍ഡും ചിത്രത്തിലെ തൊഴിലാളിയുടെ കെെയിലുണ്ട്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

ഇത് മാത്രമല്ല വേറെയും സംഭവങ്ങളുണ്ട്. കോവിഡിനെ പിടിച്ചുകെട്ടുന്ന ഉത്തമമായ കേരള മോഡലില്‍ പാവം കര്‍ഷകന് നഷ്ടപ്പെട്ടത് ഒരു മാസത്തെ ലോണ്‍ അടക്കാനുള്ളതിന്റെ പകുതിയോളം തുകയായിരുന്നു. മാസ്ക് വച്ച്‌ പുല്ലരിയാന്‍ പോയ കര്‍ഷകന്‍ കോവിഡ് പരത്താന്‍ ശ്രമിച്ചു എന്നാരോപിച്ച്‌ 2000 രൂപ പിഴ വിധിച്ചിരിക്കുകയാണ് കേരളാ പോലീസ്. കാസര്‍ഗോഡ് ജില്ലയിലെ കോടോം-ബേലൂര്‍ പഞ്ചായത്തിലായിരുന്നു സംഭവം. പുല്ല് പറിക്കാന്‍ ഒറ്റയ്ക്ക് പോയ നാരായണന്‍ എന്ന കര്‍ഷകനാണ് കനത്ത പിഴ വിധിച്ചത്.
ഇയാളുടെ ഭാര്യ കോവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് കിടപ്പിലായിരുന്നു. എന്നാല്‍ പശുക്കള്‍ക്ക് ആഹാരമൊന്നുമില്ല എന്ന് കണ്ടാണ് നാരായണന്‍ തൊട്ടടുത്ത് ഒറ്റയ്ക്ക് മാസ്ക് വച്ച്‌ പുല്ലരിയാന്‍ പോയത്.

എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കോവിഡ് നിയന്ത്രണ നിയമം ലംഘിച്ചുവെന്ന പരാതിയെ തുടര്‍ന്ന് അമ്പലത്തറ പോലീസെത്തി 2000 രൂപ പിഴ ഈടാക്കി. പിഴയടക്കാന്‍ പൈസയില്ലായിരുന്ന മധ്യവയസ്ക്കന് ഒടുവില്‍ സഹായവുമായി നാട്ടുകാരെത്തി. പിഴയിട്ട അമ്പലത്തറ പോലീസ് നടപടി വിവാദത്തിലാകുകയും ചെയ്തു. അതേസമയം സംഭവത്തില്‍ കര്‍ഷകന്‍ പ്രതികരിച്ചതിങ്ങനെ ; പട്ടിണി കിടക്കുന്ന പശുവിന് പുല്ലരിഞ്ഞുകൊടുക്കുന്നത് കൊറോണ പരത്താനിടയാകുമെന്ന് തനിക്കറിയില്ലായിരുന്നു. ജനങ്ങള്‍ കൂട്ടം കൂടിയാല്‍ കൊറോണ പടരുമെന്ന് തനിക്കറിയാം, പക്ഷേ, പുല്ല് പറിക്കാന്‍ ഒറ്റയ്ക്ക് പോയാല്‍ കൊറോണ പടരുമെന്ന കാര്യം ആദ്യമായാണ് അറിഞ്ഞതെന്ന് നാരായണന്‍ പറഞ്ഞു.

ഇപ്പോഴിതാ റോഡരുകിലിരുന്ന് കച്ചവടം ചെയ്ത വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച പോലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. തിരുവനന്തപുരം അഞ്ചുതെങ്ങ് കൊച്ചുമേത്തന്‍ കടവില്‍ മേരിക്കാണ് പോലീസിന്റെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്. ഡി കാറ്റഗറിയില്‍പ്പെട്ട സ്ഥലത്ത് കച്ചവടം നിരോധിച്ചിരുന്നുവെന്നും ഇത് ലംഘിച്ചതാണ് നടപടിക്ക് കാരണമെന്നുമാണ് പോലീസ് വാദം. ഫേസ്ബുക്കില്‍ മറ്റൊരു പോസ്റ്റിന് താഴെ പോലീസിട്ട ന്യായീകരണ കമന്റും വ്യാപക വിമര്‍ശനത്തിനിടയാക്കി. റോഡരുകിലിരുന്ന് മേരി മത്സ്യം വില്‍ക്കുന്നതിനിടെ പോലീസ് അവിടേയ്ക്ക് വരികയും ഇവിടെ കച്ചവടം നടത്താന്‍ സാധിക്കില്ലെന്നും പറഞ്ഞു. കച്ചവടം മുടങ്ങിയാല്‍ വലിയ നഷ്ടമുണ്ടാകുമെന്നതിനാല്‍ പോലീസ് പോയ ശേഷം മേരി കച്ചവടം തുടര്‍ന്നു. ഇതിനിടെ പോലീസ് വീണ്ടും വരികയും മീന്‍കുട്ട അഴുക്കുചാലിലേയ്ക്ക് വലിച്ചെറിയുകയുകയുമായിരുന്നു. ചോദിക്കാതെയും പറയാതെയുമായിരുന്നു ഇതെന്ന് മേരി പറയുന്നു. പാരിപ്പള്ളി എസ്‌.ഐയും ഒപ്പം ഉണ്ടായിരുന്നു. മീന്‍ എടുത്തുകൊണ്ടുപോകാം എന്ന് പോലീസുകാരോട് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. മത്സ്യം വില്‍ക്കുന്നയിടത്ത് ഒരു തരത്തിലും ആള്‍ക്കൂട്ടം ഉണ്ടായിരുന്നില്ലെന്നും മേരി പറഞ്ഞു.

വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ നടപടിയില്‍ ന്യയീകരണവുമായി പോലീസ്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ കച്ചവടം നടത്തിയതിനാണ് നടപടി എടുത്തത് എന്നാണ് പോലീസ് വിശദീകരണം. എന്നാല്‍ ഇതിനെതിരേയും കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. മീന്‍ വില്പനയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണെന്നാണ് പോലീസ് പറയുന്നത്. പാരിപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള ഡി കാറ്റഗറിയില്‍പ്പെട്ട സ്ഥലത്ത്‌ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം എല്ലാവിധ കച്ചവടങ്ങള്‍ക്കും ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് ചിലര്‍ മത്സ്യ കച്ചവടം നടത്തുകയും, ആളുകള്‍ കൂടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഇതിനെതിരെ പോലീസ് നടപടി സ്വീകരിച്ചതിനാല്‍ ചിലര്‍ ആസൂത്രിതമായി ചിത്രീകരിച്ച വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്നും പോലീസ് പറഞ്ഞു.

അതേസമയം അപ്പോള്‍ മീന്‍കുട്ട വലിച്ചെറിഞ്ഞത് എന്തിനാണെന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. നിയമപ്രകാരമാണ് നടപടിയെടുക്കുന്നതെങ്കില്‍ മീന്‍ വലിച്ചെറിഞ്ഞവര്‍ക്കെതിരേയും നടപടിയെടുക്കണമെന്നും ഇത്തരത്തില്‍ ഇനിയും ന്യായീകരിക്കാന്‍ ഉളുപ്പുണ്ടോ എന്നും ചിലര്‍ ചോദിക്കുന്നു.

ചില പൊലീസുകാര്‍ ഈ നാട്ടിലെ സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണെന്നാണ് സോഷ്യൽ മീഡിയയിൽ പലരുടെയും അഭിപ്രായം. സര്‍ക്കാര്‍ നല്‍കുന്ന ഓണ ബോണസിന് ഖജനാവ് നിറയ്ക്കാന്‍ ആണ് ഈ പിടിച്ചുപറിയും അഴിഞ്ഞാട്ടവും കാട്ടുന്നതെങ്കില്‍, ഇതൊന്നുമില്ലാത്ത ഒരു നേരത്തിന്റെ വിശപ്പടക്കാൻ വഴിതേടി തെരുവില്‍ അലയുന്നവന്റെ വയറിന്റെ ആളല്‍ കൂടി പരിഗണിക്കുക..! ഈ കോവിഡ് കാലത്ത്‌ സര്‍ക്കാര്‍ ശമ്പളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെ....? നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസുകാര്‍ സാധാരണക്കാരോട് മോശമായി പെരുമാറുകയും അനാവശ്യമായി പിഴ ചുമത്തുന്നതുമായ ആരോപണങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയരുകയാണ്.