//ആഴ്ചയില് ഏഴ് ദിവസവും പ്രധാന ഇടപാടുകള്‍ക്ക് അവസരമൊരുക്കി റിസര്‍വ് ബാങ്ക്//
24-07-2021
ശമ്പളവും പെന്‍ഷനും ലഭിക്കാന്‍ അടുത്ത പ്രവൃത്തിദിനം വരെ കാത്തിരിക്കേണ്ടിവരുന്ന പ്രയാസം ഒഴിവാകുന്നു. ആഴ്ചയില്‍ ഏഴു ദിവസവും പ്രധാന ഇടപാടുകള്‍ക്ക് അവസരമൊരുക്കി റിസര്‍വ് ബാങ്ക് വരുത്തിയ മാറ്റങ്ങള്‍ ആഗസ്റ്റ് ഒന്നു മുതല്‍ നടപ്പാകുകയാണ്. ദേശീയ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് നിയമങ്ങളിലാണ് ഇതിനാവശ്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. അതുവഴി ഏതു ദിവസവും ശമ്പള, പെന്‍ഷന്‍ ഇനത്തില്‍ തുക ബാങ്കിലിടാന്‍ അവസരമൊരുങ്ങും. നേരത്തെ ബാങ്കുകള്‍ പ്രവര്‍ത്തിച്ച തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ മാത്രമായിരുന്നു ഇത് സൗകര്യപ്പെട്ടിരുന്നത്.
ദേശീയ പെയ്മന്റ്സ് കോര്‍പറേഷനു കീഴിലെ മൊത്തം പണംനല്‍കല്‍ സംവിധാനമാണ് ദേശീയ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ്, ലാഭവിഹിതം, പലിശ, ശമ്പളം, പെന്‍ഷന്‍ തുടങ്ങി പണം ലഭ്യമാകുന്നവക്ക് പുറമെ പണമടക്കാനുള്ള വൈദ്യുതി ബില്ല്, ഗ്യാസ്, ടെലിഫോണ്‍, ജലം, അടവുകള്‍ എന്നിവക്കുള്ള തുകയും മറ്റും നല്‍കാന്‍ അവസരമൊരുക്കുന്നതും ദേശീയ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് ആണ്. ഇതില്‍ മാറ്റം വരുന്ന ആഗസ്റ്റ് ഒന്നുമുതല്‍ ഏതുദിവസവും ശമ്പളം നല്‍കല്‍ സൗകര്യപ്പെടും. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ വരുംദിവസങ്ങളില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് കൈമാറുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.