// കോവിഡ് നിയന്ത്രണം കര്‍ശനമാക്കാന്‍ പൊലീസ്; കൊവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും, ഡി വിഭാഗത്തില്‍ ഒരു വഴി മാത്രം//

// കോവിഡ് നിയന്ത്രണം കര്‍ശനമാക്കാന്‍ പൊലീസ്; കൊവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും, ഡി വിഭാഗത്തില്‍ ഒരു വഴി മാത്രം//
24-July-2021

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഡിവൈഎസ്പിമാരുടേയും അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കൊവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. മേഖലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല കൊവിഡ് സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഇതു സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറി. 

കണ്ടെയിന്‍മെന്‍റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മൈക്രോ കണ്ടെയിന്‍മെന്‍റ് സോണ്‍ രൂപീകരിച്ച് ഒരു വഴിയിലൂടെ മാത്രം യാത്ര അനുവദിക്കും. ഇതിനായി പഞ്ചായത്ത്, റവന്യൂ അധികൃതര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായം തേടും. കൊവിഡ് നിയന്ത്രണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അഡീഷണല്‍ എസ്പി മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നിലവിലുള്ള ടാസ്ക് ഫോഴ്സിന്‍റെ പ്രവര്‍ത്തനം വിപുലീകരിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്‍റ് നടത്താന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ശക്തിപ്പെടുത്തും. 

ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ അകത്തേയ്ക്ക് കടക്കാനും പുറത്തേയ്ക്ക് പോകാനുമുള്ള ഒരു വഴി ഒഴികെ ബാക്കി എല്ലാ റോഡുകളും അടയ്ക്കും. ഈ മേഖലകളില്‍ മൊബൈല്‍ പട്രോളിങ്ങും നടന്നുള്ള പട്രോളിങ്ങും ശക്തിപ്പെടുത്തും. സി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ വാഹന പരിശോധന ശക്തമാക്കും. ഹോം ക്വാറന്‍റീന്‍ കര്‍ശനമായി നടപ്പിലാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ക്വാറന്‍റീന്‍ സൗകര്യം ലഭ്യമാണോയെന്ന് ഡിവൈഎസ്പിമാര്‍ നേരിട്ട് സന്ദര്‍ശിച്ച് പരിശോധിക്കും. ക്വാറന്‍റീന്‍ സൗകര്യം ലഭ്യമല്ലെങ്കില്‍ ജില്ലാ പോലീസ് മേധാവിമാര്‍ അക്കാര്യം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കും. സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അതിഥി തൊഴിലാളികളെ ബോധവല്‍ക്കരിക്കും. വിവാഹം, മറ്റ് ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം കര്‍ശനമായി നടപ്പാക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.