പഠനോപകരണം വാങ്ങാൻ പലിശരഹിത വായ്പ രജിസ്ട്രാറുടെ നിർദ്ദേശത്തിൽ ബാങ്കുകൾക്ക് ആശയക്കുഴപ്പം

പഠനോപകരണം വാങ്ങാൻ  പലിശരഹിത വായ്പ

രജിസ്ട്രാറുടെ നിർദ്ദേശത്തിൽ ബാങ്കുകൾക്ക് ആശയക്കുഴപ്പം


തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനോപകരണങ്ങൾ വാങ്ങാന്‍ സഹകരണ ബാങ്കുകൾ വഴി പലിശരഹിത വായ്പ നല്‍കാനുള്ള നിര്‍ദേശത്തില്‍ ബാങ്കുകളില്‍ ആശയക്കുഴപ്പം. 

രണ്ടു സര്‍ക്കുലറുകളാണ്‌ ഇതുസംബന്ധിച്ച്‌ സഹകരണ സംഘം രജിസ്ട്രാര്‍ ഇറക്കിയത്‌. ഇതിനുപിന്നാലെ ജില്ലാ ജോയന്‍റ്‌ രജിസ്ട്രാര്‍മാര്‍ക്ക്‌ മറ്റൊരു സര്‍ക്കുലറും നല്‍കി. ഇതിലുള്ള വൈരുദ്ധ്യമാണ്‌ ബാങ്കുകളെ കുഴക്കുന്നത്‌. 

ജൂലായ്‌ 31 വരെയാണ്‌ പുതിയ വായ്പ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്‌. 10,000 രൂപ വരെ നല്‍കും. 24 തവണകളായി പലിശയില്ലാതെ തിരിച്ചടയ്കാം. തിരിച്ചടച്ചില്ലെങ്കില്‍ ബാക്കി തുകയ്ക്ക്‌ എട്ട്‌ ശതമാനം പലിശ ഈടാക്കുമെന്നായിരുന്നു രജിസ്ട്രാറുടെ നിര്‍ദേശം. 

ഇതിനിടെ പല ബാങ്കുകളും അപേക്ഷ സ്വീകരിക്കുന്നില്ലെന്ന പരാതിയുയര്‍ന്നു. വായ്പകൾക്ക്‌ ജാമ്യം ഉറപ്പാക്കണോയെന്ന്‌ ബാങ്കുകളും സംശയമുന്നയിച്ചു. തുടര്‍ന്നാണ്‌ രണ്ടാമത്തെ സര്‍ക്കുലര്‍ ഇറക്കിയത്‌. ബാങ്ക്‌ അപേക്ഷ നിരസിച്ചാല്‍ അപേക്ഷകന് ജില്ലാ ജോയന്‍റ്‌ രജിസ്ട്രാറെ സമീപിക്കാമെന്നാണ്‌ ഇതിലെ നിര്‍ദേശം. വായ്പയെടുക്കുന്നയാളുടെ ജാമ്യത്തില്‍ത്തന്നെ നല്‍കാമെന്നും വ്യക്തത വരുത്തി. 

ഇതിനിടെ, വോട്ടവകാശമുള്ള അംഗങ്ങൾക്ക്‌ (എ-ക്ലാസ്‌) മാത്രമേ വായ്പ നല്‍കാന്‍ പാടുള്ളൂവെന്ന മറ്റൊരു നിര്‍ദേശം വന്നു. ഇതോടെ പലര്‍ക്കും വായ്പ നല്‍കാനാകാത്ത സ്ഥിതി യുണ്ടായി. 

വായ്പ നല്‍കും മുമ്പ്‌ വോട്ടവകാശമുള്ള എ-ക്ലാസ്‌ അംഗത്വം നല്‍കണം. ഓഹരിത്തുകയും വാങ്ങണം. ഓഗസ്റ്റിലെ യോഗത്തില്‍ അംഗത്വ അപേക്ഷയില്‍ തീരുമാനമെടുക്കാനാണ്‌ നിര്‍ദേശം. ജൂലായ്‌ 31 വരെയാണ്‌ വായ്പ നല്‍കാനുള്ള കാലാവധി. 

1000 വായ്പകൾ കേരള ബാങ്ക്‌ നല്‍കുമെന്ന്‌ മന്ത്രി വി.എന്‍. വാസവന്‍ പ്രഖ്യാപിച്ചിരുന്നു. എ-ക്ലാസ്‌ അംഗങ്ങൾക്ക്‌ മാത്രമേ വായ്പ നല്‍കാവൂവെന്ന രജിസ്ട്രാറുടെ നിര്‍ദേശം അനുസ രിച്ചാല്‍ കേരള ബാങ്കിന്‌ വായ്പ നല്‍കാനാവില്ല. കേരള ബാങ്കിന്‍െറ ഏ-ക്ലാസ്‌ അംഗങ്ങൾ വ്യക്തികളല്ല, പ്രാഥമിക സഹകരണ ബാങ്കുകളാണ്‌. 

പരാതി കൂടിയതോടെ ഓരോ ജില്ലയിലും പ്രത്യേകം നോഡൽ ഓഫീസർമാരെ സഹകരണ സംഘം രജിസ്ട്രാർ നിയോഗിച്ചിട്ടുണ്ട്.

നോഡൽ ഓഫീസർമാരുടെ ഫോൺ

തിരുവനന്തപുരം -9496244135,
കൊല്ലം-9447071484
പത്തനംതിട്ട-9446462192
ആലപ്പുഴ -8547967873
കോട്ടയം-8943835082
ഇടുക്കി-9400232504
എറണാകുളം -8547437293
തൃശ്ശൂർ-9497800091
പാലക്കാട് -9745468960
മലപ്പുറം-9846400076
കോഴിക്കോട് -9446066685
വയനാട്-9447849038
കണ്ണൂർ-9847605858
കാസർകോട് -9495645354