സഹകരണ ബാങ്കുകൾക്ക് നേരെ മൊത്തത്തിൽ വിരൽ ചൂണ്ടേണ്ടതുണ്ടോ ...? തെറ്റ് ചെയ്തവർക്ക് നേരെ ചൂണ്ടൂ ....
കരുവന്നൂർ ബാങ്കിൽ സംഭവിച്ച ഒരു തട്ടിപ്പിന്റെ പേരിൽ നാട്ടിലെ സഹകരണ ബാങ്കുകളെ മൊത്തത്തിൽ വിമർശിക്കുന്ന, പ്രതിസ്ഥാനത്ത് നിർത്തുന്ന ഒരു രീതിയാണ് മാധ്യമങ്ങൾ ചെയ്തു വരുന്നത്.
ഇത് ഒട്ടും നല്ല പ്രവണതയല്ല. മാധ്യമങ്ങളെ സംബന്ധിച്ചു ഇത് സ്ഥിരം ശൈലിയാണെന്നു നമുക്കറിയാം. ഒരു മഞ്ഞ ഷർട്ട് ഇട്ട ആൾ ചെയ്ത കുറ്റത്തിന് കേരളത്തിൽ മഞ്ഞ ഷർട്ട് ഇട്ട മുഴുവൻ പേരെയും പ്രതിസ്ഥാനത്ത് കൊണ്ട് വന്നു അവർ ചർച്ച നടത്തി റേറ്റിംഗ് കൂട്ടും.
കേരളം ഇന്നത്തെ ജീവിത നിലവാരത്തിൽ ജീവിക്കുന്നതിന് ഭൂപരിഷ്കരണം, വിദ്യാഭ്യാസം, ആരോഗ്യം എന്നതിനോളം തന്നെ പങ്കുണ്ട് സഹകരണ പ്രസ്ഥാനത്തിന്. ജന്മികളുടെയും പലിശക്കാരായ തമിഴന്മാരുടെയും മാർവാഡികളുടെയും ചൂഷണത്തിൽ നിന്ന് രക്ഷപെടാൻ അത്താഴ പട്ടിണി കിടന്ന് സ്വരുക്കൂട്ടിയ അഞ്ചും പത്തും വച്ച് മലയാളി പ്രാദേശികമായി രൂപപ്പെടുത്തിയെടുത്തതാണ് ഓരോ സഹകരണ സ്ഥാപനങ്ങളും.
ഭൂപരിഷ്കരണത്തിൽ കിട്ടിയ പത്ത് സെന്റ് ആത്മവിശ്വാസത്തോടെ പണയം വെക്കാൻ അങ്ങനെ ഒരു സഹകരണ ബാങ്ക് ഉണ്ടായ ഇടത്തു നിന്നാണ് വിദ്യാഭ്യാസം നേടിയ മലയാളികളിൽ വലിയൊരു പങ്ക് പ്രവാസത്തിനുള്ള പണം നേടിയത്. പ്രവാസത്തിലെ പണം കൊണ്ട് ആധാരം തിരിച്ചെടുക്കാമെന്നും അത് വരേയ്ക്കും പണയ വസ്തുവിൽ വീട്ടുകാർ സുരക്ഷിതരായി താമസിക്കുമെന്ന ആത്മവിശ്വാസവും. അങ്ങനെ പോയ പ്രവാസികൾ പലരും അവരുടെ സമ്പാദ്യം നിക്ഷേപിക്കാൻ മറ്റൊരു സ്ഥലം നോക്കേണ്ടി വന്നിട്ടില്ല.
ആ പണം അതാതു നാട്ടിൽ ചെറുകിട സംരംഭങ്ങൾക്കും മനുഷ്യന്റെ സുപ്രധാന ആവശ്യങ്ങൾക്കും വായ്പയായി നാട്ടിലിറങ്ങിയപ്പൊൾ അതിൽ കൂടുതൽ മനുഷ്യർ ജീവിതം കരുപ്പിടിപ്പിച്ചു. പ്രതിസന്ധികളിൽ വലിയ നൂലാമാലകൾ ഇല്ലാതെ വായ്പ തേടാവുന്ന അവരവരുടെ സ്വന്തം സ്ഥാപനമായി വളർന്ന് ഇന്ന് ഒന്നര ലക്ഷം കോടിയുടെ ബിസിനസ്സിലേക്ക് വളർന്നു പന്തലിച്ചു നിൽക്കുകയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം എന്നത് യാഥാർഥ്യമാണ്...അത് സത്യവുമാണ്.തെറ്റ് ചെയ്തവരെ സമൂഹത്തിനു മുന്നിൽ കൊണ്ടുവരിക ,അവർക്കു നേരയല്ലേ വിരൽ ചൂണ്ടേണ്ടതും .