വാട്സ്‌ആപ്പ് ആന്‍ഡ്രോയിഡ് ബീറ്റ ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു.

വാട്സ്‌ആപ്പ് ആന്‍ഡ്രോയിഡ് ബീറ്റ ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ഇപ്പോള്‍ നിങ്ങളുടെ ബാക്കപ്പുകള്‍ അവരുടെ ക്ലൗഡില്‍ സ്വതന്ത്രമായി എന്‍ക്രിപ്റ്റ് ചെയ്യുന്നു. വാട്സ്‌ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ 2.21.15.5 അപ്ഡേറ്റിലാണ് ഈ ഫീച്ചര്‍ ലഭിക്കുക. വാട്സ്‌ആപ്പിന്റെ നിലവിലെ പതിപ്പില്‍ ചാറ്റുകള്‍ എല്ലാം ഗൂഗിള്‍ ഡ്രൈവ് പോലുള്ള ആപ്പുകളില്‍ സ്റ്റോര്‍ ചെയ്യാന്‍ അനുവദിക്കുന്നതാണ്.
എങ്ങനെയാണ് ഇനി എന്‍ക്രിപ്റ്റ് ചെയ്യുക? നിങ്ങളുടെ എല്ലാ ചാറ്റുകളും ഇനി പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ചു സംരക്ഷിക്കപ്പെടും, അതിനായി നിങ്ങള്‍ ഒരു പാസ്സ്‌വേര്‍ഡ് ഉണ്ടാക്കണം, അതുവഴിയാകും നിങ്ങളുടെ ചാറ്റുകള്‍ വീണ്ടെടുക്കാന്‍ കഴിയുക.
പക്ഷേ ഒരു കാര്യം ഓര്‍ക്കണം, നിങ്ങള്‍ പാസ്സ്‌വേര്‍ഡ് മറന്ന് പോവുകയാണെങ്കില്‍ പിന്നെ സ്റ്റോര്‍ ചെയ്തിരിക്കുന്ന ചാറ്റ് വീണ്ടെടുക്കാന്‍ സാധിക്കില്ല.
നിങ്ങള്‍ നല്‍കുന്ന പാസ്സ്‌വേര്‍ഡ് സ്വകാര്യമായിരിക്കുമെന്നും അത് വാട്സ്‌ആപ്പ്, ഫേസ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍ എന്നിവ ആയി പങ്കുവെക്കില്ലെന്നും 'വാബീറ്റഇന്‍ഫോ' റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഫീച്ചറില്‍ പാസ്സ്‌വേര്‍ഡ് മാറ്റുന്നതിനായി 64 അക്ക എന്‍ക്രിപ്‌ഷന്‍ കീയും നല്‍കിയിട്ടുണ്ട്, പക്ഷേ നിങ്ങള്‍ ആ കീ നഷ്ടപെടുത്തിയാലും നിങ്ങളുടെ ഡാറ്റ പിന്നെ എടുക്കാന്‍ സാധിക്കില്ല.
ഇതിനോടൊപ്പം "എച്  ഫൊട്ടോസ്" എന്ന ഫീച്ചറും വാട്സ്‌ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ സുഹൃത്തുക്കളുമായി കൂടുതല്‍ ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ പങ്കുവെക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍ . വാട്സ്‌ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ക്വാളിറ്റി തിരഞ്ഞെടുക്കുന്നതിന് മൂന്ന് ഫീച്ചറുകള്‍ കാണാന്‍ കഴിയും.ആദ്യത്തേത് "ബെസ്റ്റ് ക്വാളിറ്റി" ആണ് അത് പേര് വിശദീകരിക്കുന്ന പോലെ തന്നെയാണ്, പക്ഷേ ഉയര്‍ന്ന നിലവാരമുള്ള ഇമേജുകള്‍ അയയ്ക്കാന്‍ വാട്ട്‌സ്‌ആപ്പ് ഒരു ഓപ്ഷന്‍ നല്‍കുന്നില്ല. "ചെറിയ തോതില്‍ ആണെങ്കിലും പോലും ചിത്രങ്ങള്‍ ഇപ്പോഴും കംപ്രസ്സ് ചെയ്യപ്പെടുന്നുണ്ട്. കംപ്രഷന്‍ അല്‍ഗോരിതം വാട്സ്‌ആപ്പ് ഇതിനായി ഉപയോഗിക്കുന്നുണ്ട്. ചിത്രത്തിന്റെ 80 ശതമാനം യഥാര്‍ത്ഥ ക്വാളിറ്റി നിലനിര്‍ത്തുകയും, 2048×2048 വലുതാണെങ്കില്‍ അളവില്‍ മാറ്റം വരുത്തുകയും ചെയ്യും. നേരത്തെ ചിത്രത്തിന്റെ 80 ശതമാനം യഥാര്‍ത്ഥ ക്വാളിറ്റിയാണ് നിലനിര്‍ത്തിയിരുന്നത്, എന്നാല്‍ വലിയ ചിത്രങ്ങള്‍ എപ്പോഴും ചെറുതാക്കിയിരുന്നു," വാബീറ്റഇന്‍ഫോ വ്യക്തമാക്കി.
മികച്ച നിലവാരമുള്ള ചിത്രങ്ങള്‍‌ നല്‍‌കുന്നതിന് വാട്സ്‌ആപ്പ് യഥാര്‍ത്ഥ ചിത്രത്തിനു നല്‍കുന്ന ഗുണനിലവാരത്തിന്റെ ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന് വാബീറ്റഇന്‍ഫോ നിര്‍ദ്ദേശിക്കുന്നു. 'ഓട്ടോ' 'ഡാറ്റ സേവര്‍' എന്നീ രണ്ടു ഓപഷനുകളും ഇതില്‍ ലഭിക്കും. എന്നാല്‍ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും എപ്പോഴായിരിക്കും ലഭിക്കുക എന്നതില്‍ വ്യക്തതയില്ല.