SSLC മാര്‍ക്ക് ലിസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുത് ; മുന്നറിയിപ്പുമായി സൈബർ വിദഗ്ധർ

SSLC മാര്‍ക്ക് ലിസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുത് ; മുന്നറിയിപ്പുമായി സൈബർ വിദഗ്ധർ
19-07-2021

എസ്‌.എസ്‌.എല്‍.സി മാര്‍ക്ക് ലിസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് സുരക്ഷിതമല്ലെന്ന് സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. മാര്‍ക്ക് ലിസ്റ്റ് പങ്കുവയ്ക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ദൂരുപയോഗപ്പെടാന്‍ സാധ്യതയേറെയാണ്. പരമാവധി വ്യക്തിഗത വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്നും സൈബര്‍ വിദഗ്ധര്‍ പറയുന്നു. SSLC പരീക്ഷ ഫലം പുറത്തു വന്നതോടെ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും മാര്‍ക്ക് ലിസ്റ്റുള്‍പ്പടെയാണ് പലരും സമൂഹമാധ്യമങ്ങള്‍ പങ്കുവച്ചത്. ഇത് സുരക്ഷിതമല്ലെന്നാണ് സൈബര്‍ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

വിദ്യാര്‍ത്ഥികളുടെ പേര്, റജിസ്ട്രേഷന്‍ നമ്പര്‍, ജനനത്തീയതി, ജാതി, രക്ഷാകര്‍ത്താക്കളുടെ പേര്, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ദുരുപയോഗത്തിന് സാധ്യത വര്‍ദ്ധിപ്പിക്കും. ഇത്തരം വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതില്‍ നിന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പിന്മാറണമെന്നും സൈബര്‍ വിദഗ്ധര്‍ പറയുന്നു. ഇത്തരം രേഖകള്‍ പങ്കുവയ്ക്കുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണമെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഒരാളുടെ പേരും ജനന തിയ്യതി ഉള്‍പ്പടെ പ്രധാന വിവരങ്ങള്‍ ലഭിക്കുന്നതോടെ തട്ടിപ്പ് സംഘങ്ങള്‍ ഇതുമുതലെടുത്ത് പല തരത്തില്‍ ദുരുപയോഗിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.