*മറ്റു പെൻഷനില്ലെങ്കിൽ 1000 രൂപ‌ ഓണസമ്മാനം; 14.78 ലക്ഷം കുടുംബങ്ങള്‍ക്ക് സർക്കാർ സഹായം*

*മറ്റു പെൻഷനില്ലെങ്കിൽ 1000 രൂപ‌ ഓണസമ്മാനം; 14.78 ലക്ഷം കുടുംബങ്ങള്‍ക്ക് സർക്കാർ സഹായം*
16-Aug-2021

തിരുവനന്തപുരം ∙ സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്‍ഷനോ വെല്‍ഫയര്‍ ഫണ്ട് പെന്‍ഷനോ ലഭിക്കാത്തവര്‍ക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക കൈത്താങ്ങ് സഹകരണ സംഘങ്ങള്‍ വഴി ഓണത്തിനു മുൻപു വിതരണം നടത്തുന്നതിനുള്ള പ്രത്യേക നിര്‍ദേശം മന്ത്രി വി.എന്‍.വാസവന്‍ നല്‍കി. സംസ്ഥാനത്ത് 14,78,236 കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുന്നത്. 

ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കുമാണ് 1000 രൂപ സഹായം. ഇതിനായി 147,82,36,000 രൂപ വകയിരുത്തി. ഗുണഭോക്താക്കളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനം തിരിച്ച് ജോയിന്റ് റജിസ്ട്രാര്‍മാര്‍ക്ക് അടിയന്തരമായി ലഭ്യമാക്കും. ഗുണഭോക്താവിന് ആധാര്‍ കാര്‍ഡോ മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖകളോ ഹാജരാക്കി സഹായം കൈപ്പറ്റാം.

സഹായ വിതരണം നടത്തുന്ന സഹകരണ സംഘങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണം. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചായിരിക്കണം സഹായ വിതരണം നടത്തേണ്ടത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം നടത്തുന്നതിനായി ജില്ലാ തലത്തില്‍ രൂപീകരിച്ചിട്ടുള്ള മോണിറ്ററിങ് സംവിധാനം ഈ പദ്ധതിക്കും ബാധകമായിരിക്കും. 

സഹകരണ സംഘം റജിസ്ട്രാര്‍ ഓഫിസില്‍ അഡീഷനല്‍ റജിസ്ട്രാറുടെ മേല്‍നോട്ടത്തില്‍ സെല്‍ രൂപീകരിക്കും. ഓരോ ജില്ലയുടെ ചുമതല ഓരോ ഉദ്യോഗസ്ഥനു നല്‍കുന്നതിനും നിർദേശിച്ചു. സാമ്പത്തിക സഹായം വിതരണം ചെയ്യുന്ന ജീവനക്കാര്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നടത്തുമ്പോള്‍ നല്‍കുന്ന ഇന്‍സെന്റീവ് നല്‍കാനും സഹകരണ വകുപ്പ് തീരുമാനിച്ചു.
➖➖➖➖➖➖➖➖➖➖

കടപ്പാട്*🌍പഞ്ചായത്ത് വാർത്തകൾ