//തോക്കിന് ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധന ; അപേക്ഷകരിൽ സ്ത്രീകളും//

//തോക്കിന് ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധന ; അപേക്ഷകരിൽ സ്ത്രീകളും//
05-08-2021


സംസ്ഥാനത്ത് തോക്കിന് ലൈസന്‍സ് തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇരുപതിനായിരത്തിലധികം തോക്ക് ലൈസന്‍സുള്ള കേരളത്തില്‍ ഇതിന്റെ രണ്ടിരട്ടിയാണ് പുതിയ അപേക്ഷകര്‍. 2017 മുതലുള്ള വനിത അപേക്ഷകരുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനയുണ്ട്. കഴിഞ്ഞ കുറച്ച്‌ നാളുകളായി തോക്ക് ലൈസന്‍സ് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ അധികവും വനിതകളാണ്. സ്വയരക്ഷ മുന്‍നിര്‍ത്തിയാണ് പലരും അപേക്ഷ നല്‍കിയിരിക്കുന്നത്. കൃത്യമായ പരിശോധനകള്‍ നടത്തി മാത്രമാണ് ഒരാള്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുവാദം നല്‍കുന്നത്. ലൈസന്‍സ് ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന ഭൂരിഭാഗം അപേക്ഷകളും അന്വേഷണത്തിന് ശേഷം നിരസിക്കാറാണ് പതിവ്. വനിതകള്‍ തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതില്‍ നിയന്ത്രണമുണ്ട്. കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് ശേഷം നഗരപരിധികളില്‍ വനിതാ അപേക്ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഏറ്റവും അധികം തോക്ക് ലൈസന്‍സുള്ളത് എറണാകുളം ജില്ലയിലാണ്.

*വ്യാജ തോക്കുകള്‍ കേരളത്തെ ഉന്നം വയ്ക്കുന്നു*

പ്രണയപ്പകയില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥിനി മാനസയെ രഗില്‍ വെടിവച്ച്‌ കൊന്നശേഷം സ്വയം നിറയൊഴിച്ച്‌ മരിച്ചതോടെയാണ് തോക്ക് വീണ്ടും സംസ്ഥാനത്ത് ചര്‍ച്ചാവിഷയമായത്. മാനസയെ കൊലപ്പെടുത്താനുപയോഗിച്ച തോക്ക് ബീഹാറില്‍ നിന്ന് സംഘടിപ്പിച്ചതാണെന്ന സൂചനകള്‍ പുറത്തുവന്നതോടെ കേരളത്തിലേക്ക് വലിയ തോതില്‍ വ്യാജ തോക്കുകള്‍ എത്തുന്നുണ്ടെന്ന വിവരത്തിന് സ്ഥിരീകരണമായി. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് തോക്കുകള്‍ അധികവും എത്തുന്നത്. ഒറ്റ, ഇരട്ട കുഴല്‍ തോക്കുകളും, കൈത്തോക്കുകളുമാണ് പ്രധാനമായും എത്തുന്നത്. പകരം വീട്ടാനും വേട്ടയ്ക്കും ആളുകളെ ഭീഷണിപ്പെടുത്താനുമാണ് അനധികൃതമായി സംഘടിപ്പിക്കുന്ന തോക്കുകളില്‍ അധികവും ഉപയോഗിക്കുന്നത്.

*തോക്ക് ലൈസന്‍സ് 5 വര്‍ഷം വരെ*

തോക്ക് കൈവശം വയ്ക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെയായിരുന്നു നേരത്തെ ലൈസന്‍സ് അനുവദിച്ചിരുന്നത്. ലൈസന്‍സ് കാലാവധി അവസാനിച്ചാലുടന്‍ തോക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അംഗീകൃത തോക്ക് വില്പന ശാലകളിലോ (ആര്‍മറി) സൂക്ഷിക്കാന്‍ ഏല്‍പ്പിക്കണം. ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷകളില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമേ നടപടിയെടുക്കൂ.

ഇപ്പോള്‍ 5 വര്‍ഷം വരെ ലൈസന്‍സ് അനുവദിക്കാന്‍ നിയമമുണ്ട്. ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് ഫീസ് 500 രൂപയാണ്. നിയന്ത്രിത വിഭാഗത്തില്‍പ്പെടുന്ന (സൈനികര്‍ ഉപയോഗിക്കുന്നതു പോലെയുള്ള) തോക്കുകള്‍ ഒഴികെയുള്ളവ മാത്രമേ വ്യക്തികള്‍ക്ക് കൈവശം വയ്ക്കാന്‍ അനുവാദമുള്ളൂ. റിവോള്‍വര്‍, പിസ്റ്റള്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ വിഭാഗം തോക്കുകളാണ് വ്യക്തികള്‍ക്ക് അനുവദിക്കുക. തോക്കിന്റെ മോഡല്‍, അതില്‍ ഉപയോഗിക്കുന്ന ബുള്ളറ്റിന്റെ വലിപ്പം, തോക്കിന്റെ സീരിയല്‍ നമ്പര്‍ തുടങ്ങി തോക്ക് തിരിച്ചറിയാവുന്ന എല്ലാ വിവരങ്ങളും രജിസ്റ്റര്‍ ചെയ്യും. ഒരു വര്‍ഷം പരമാവധി 200 ബുള്ളറ്റുകള്‍ മാത്രമേ വ്യക്തികള്‍ക്ക് അനുവദിക്കൂ. പരമാവധി 100 ബുള്ളറ്റ് മാത്രമേ ഒരേസമയം കൈവശം വയ്ക്കാന്‍ അനുവാദമുള്ളൂ.

*തോക്ക് ആര്‍ക്കൊക്കെ..?​*

ജീവന് അപകട ഭീഷണിയുള്ളവര്‍, വലിയതോതില്‍ സമ്പത്ത് കൈകാര്യം ചെയ്യുന്നവര്‍, വധഭീഷണി ഉള്‍പ്പെടെയുണ്ടാകാവുന്ന ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി അവശ്യ വിഭാഗങ്ങളിലുള്ളവര്‍ക്ക് മാത്രമേ തോക്ക് അനുവദിക്കുകയുള്ളൂ.

*തോക്ക് ലൈസന്‍സ് കിട്ടാന്‍*

ജില്ലാ കളക്ടറാണ് തോക്ക് അനുവദിക്കുക. ഇതിന് പ്രത്യേക ഫോമില്‍ അപേക്ഷ നല്‍കണം. ജില്ലാ പോലീസ് മേധാവി, റവന്യു ഡിവിഷണല്‍ ഓഫീസര്‍ (ആര്‍.ഡി.എ), ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ (ആലപ്പുഴയിലാണെങ്കില്‍ കോന്നി ഡി.എഫ്.ഒ) എന്നിവര്‍ക്ക് കളക്ടര്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കും. നിയമപ്രകാരം പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് മാത്രം മതിയെങ്കിലും തോക്ക് അനുവദിക്കേണ്ടത് കളക്ടര്‍ അന്വേഷിച്ച്‌ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാകണം എന്ന് നിയമത്തില്‍ നിര്‍ദേശമുള്ളതിനാല്‍ വിശദമായ അന്വേഷണത്തിനാണ് ആര്‍.ഡി.ഒ, ഡി.എഫ്.ഒ എന്നിവരോട് റ‍ിപ്പോര്‍ട്ട് ആവശ്യപ്പെടുക. ക്രിമിനല്‍ പശ്ചാത്തലം, വേട്ടയാടല്‍ തുടങ്ങിയവ സംബന്ധിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് അനുക‍ൂലമായി ലഭിച്ചാല്‍ കളക്ടര്‍ വിചാരണ നടത്തും. തോക്ക് കൈവശം വയ്ക്കാന്‍ അര്‍ഹതയുണ്ടെന്ന് വ്യക്തമായ ശേഷം ലൈസന്‍സ് അനുവദിക്കും. ലൈസന്‍സ് പുതുക്കാന്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് മാത്രം മതി.