*ക്ഷേമനിധിയില്‍നിന്ന് ഭവനവായ്പയെടുത്ത മദ്റസ അധ്യാപകർ ദുരിതത്തിൽ*
കല്പറ്റ: മദ്റസ അധ്യാപക ക്ഷേമനിധിയില്‍നിന്ന് ഭവനവായ്പയെടുത്ത നിരവധിപേർ ദുരിതക്കയത്തില്‍. അഞ്ചു ലക്ഷം രൂപ വരെയാണ് പലിശരഹിത വായ്പ അനുവദിച്ചത്. പ്രതിമാസം നിശ്ചിത തുക വീതം തിരിച്ചടക്കേണ്ടരീതിയില് ആള്ജാമ്യത്തിനോ വസ്തുജാമ്യത്തിനോ ആണ് കേരളസംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍നിന്ന് വായ്പ അനുവദിക്കുന്നത്. കോവിഡ് പിടിമുറുക്കിയതോടെ കടുത്ത പ്രതിസന്ധിയിലാണ് വായ്പയെടുത്തവര്‍.
വരുമാനം നിലച്ചതോടെ തിരിച്ചടവ് മുടങ്ങി പിഴനല്‍കേണ്ട അവസ്ഥയിലാണ് പലരും. ജാമ്യമായി വെച്ച വസ്തു നഷ്ടമാകുമോ എന്ന ആശങ്കയും നിലനില്ക്കുന്നു.
4000- 5000 രൂപ മാസശമ്പളത്തില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ 3000 രൂപ തന്നെ അടച്ചുതീര്‍ക്കാന്‍ പ്രയാസപ്പെട്ടിരുന്നു. കോവിഡിൽ മദ്റസകള്‍ ഓണ്‍ലൈനിലേക്ക് മാറുകയും ശമ്പളം വെട്ടിച്ചുരുക്കുകയും പലര്‍ക്കും ജോലി നഷ് ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിസന്ധി ഇരട്ടിച്ചത്. അതിനിടെ, ആറുമാസത്തെ തിരിച്ചടവിന് പിഴ ഒഴിവാക്കിനല്‍കാന്‍ ഉന്നതതലങ്ങളില്‍ നീക്കംനടക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രായോഗികവും ഫലപ്രദവുമാകുമെന്ന് വ്യക്തമായിട്ടില്ല.നിര്‍മാണ ചെലവുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പലരുടെയും വീടുനിര്‍മാണം പാതിവഴിയിലാണ്.
താൽക്കാലികമായി നിര്‍മിച്ച ഷെഡുകളിലും വാടക വീടുകളിലുമാണ് പലരും കഴിയുന്നത്. പ്രതിസന്ധി കാലത്ത് വാടക കൊടുക്കാന്‍ കഴിയാത്തതിനാല്‍ പലര്‍ക്കും ഇപ്പോഴുള്ള താമസസ്ഥലവും ഒഴിയേണ്ട അവസ്ഥയാണ്. ലൈഫ് മിഷന് പദ്ധതിക്ക് സമാനമായി തിരിച്ചടവില്ലാത്ത രീതിയിലേക്ക് മദ്റസ അധ്യാപക ഭവന വായ്പ പദ്ധതി മാറ്റണമെന്ന ആവശ്യമുയരുന്നുണ്ട്. ഇടപെടല്‍ ആവശ്യപ്പെട്ട് വിവിധ എം.എല്‍.എമാര്‍ക്ക് അധ്യാപകർ നിവേദനം നല്‍കിയിട്ടുണ്ട്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*