//കൊക്കോണിക്‌സ് ലാപ് ടോപ്പുകള്‍ പണിമുടക്കി; പക്ഷേ തിരിച്ചടവ് മുടങ്ങാന്‍ പാടില്ല//

//കൊക്കോണിക്‌സ് ലാപ് ടോപ്പുകള്‍ പണിമുടക്കി; പക്ഷേ തിരിച്ചടവ് മുടങ്ങാന്‍ പാടില്ല//
02-Aug-2021

കൊച്ചി: ഓണ്‍ലൈന്‍ പഠനത്തിനായി സര്‍ക്കാര്‍ നല്‍കിയ കൊക്കോണിക്‌സ് ലാപ്‌ടോപ്പുകള്‍ കേടായെങ്കിലും വായ്പാ തുക തിരിച്ചടക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് കെഎസ്എഫ്ഇയുടെ സമ്മര്‍ദ്ദം. മൂന്ന് തവണ വരെ മാറ്റി കിട്ടിയ ലാപ്‌ടോപ്പുകളിലെ തകരാര്‍ തുടരുന്നതോടെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവും പ്രതിസന്ധിയിലാണ്. ലാപ്‌ടോപ്പ് ഉപയോഗശൂന്യമെങ്കിലും വിദ്യാശ്രീ പദ്ധതിയില്‍നിന്ന് പിന്മാറാന്‍ അംഗങ്ങള്‍ക്ക് വഴിയില്ല.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ കാണുമ്പോള്‍ പഠിക്കാന്‍ ലാപ്‌ടോപ്പ് കിട്ടിയ സന്തോഷത്തിലായിരുന്നു ചെറായിയിലെ വീട്ടില്‍ അമ്മ രജനിക്കൊപ്പം ദേവികയും ദേവിനിയും. എന്നാല്‍ ദിവസങ്ങള്‍ക്കകം പ്രശ്‌നങ്ങള്‍ തുടങ്ങി. ആദ്യം കിട്ടിയ ലാപ്‌ടോപ്പ് ഓണ്‍ ആയില്ല. പരാതി അറിയിച്ചതോടെ എത്തിയ രണ്ടാമത്തേതിലും ഡിസ്‌പ്ലേ തകരാറിലായി. ഒടുവില്‍ കിട്ടിയതില്‍ കീബോര്‍ഡ് പോലും പ്രവര്‍ത്തിക്കുന്നില്ല. വിദ്യാശ്രീ പദ്ധതി വഴി കിട്ടിയ 15,000 രൂപ വിലയുള്ള കൊക്കോണിക്‌സ് ലാപ്‌ടോപ്പിന്റെ 7000 രൂപ വരെ രജനി ഇത് വരെ അടച്ച്. 500 രൂപയാണ് മാസം അടക്കേണ്ടത്. പണം അടക്കുന്നത് മുടക്കാന്‍ കഴിയില്ലെന്നാണ് കെഎസ്എഫ്ഇ വാദം.

പദ്ധതിയുടെ വായ്പ തിരിച്ചടക്കുന്നതില്‍ കുടുംബശ്രീ സംഘങ്ങള്‍ക്ക് കൂട്ടുത്തരവാദിത്തം ഉണ്ടെന്നതാണ് മറ്റൊരു പ്രതിസന്ധി. രജനിക്കൊപ്പം ലാപ്‌ടോപ്പ് കിട്ടിയ പ്രദേശത്തുള്ള എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാണ്. കുടുംബശ്രീ സംഘങ്ങളിലെ എസ്‌സി , എസ്ടി അംഗങ്ങള്‍ക്കായിരുന്നു ലാപ്‌ടോപ്പ് കിട്ടുന്നതില്‍ മുന്‍ഗണന. ആദ്യം ലാപ്‌ടോപ്പ് കിട്ടിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഈ കുടുബങ്ങളിലുള്ളവര്‍ പെട്ടുപോയ അവസ്ഥയിലാണ്.