//വീഡിയോ കോളുമായി നഗ്നയുവതികൾ ; കെണിയിൽപെട്ട് യുവാക്കൾ//
03-08-2021
വീഡിയോ കോളുമായി നഗ്നയുവതികൾ രംഗത്ത്. കെണിയിൽപ്പെടുന്നതോ യുവാക്കളും. കഴിഞ്ഞ ദിവസം ഒരാൾക്ക് പരിചിതമല്ലാത്ത നമ്പറില്‍ നിന്ന് വാട്സാപ്പില്‍ വീഡിയോ കോള്‍ വന്നു. അറ്റന്‍ഡ് ചെയ്തപ്പോള്‍ സ്ക്രീനില്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല. കോള്‍ കട്ടായതിന് പിന്നാലെ യുവാവിന്റ ഫോട്ടോയും മറുതലയ്ക്ക് ഒരു യുവതിയുടെ നഗ്ന ദൃശ്യവും ചേര്‍ത്തുള്ള വീഡിയോ ആണ് വാട്സാപ്പിലെത്തിയത്. ഒപ്പം പതിനായിരം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ ഫേസ് ബുക്കിലെ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കുമെന്ന് ഹിന്ദിയിലുള്ള ഭീഷണിയും. ഇതോടെ പൂജാരി ആകെ മാനസിക സമ്മര്‍ദ്ദത്തിലായി. സമാന അനുഭവമുണ്ടായ മറ്റൊരു യുവാവ് മാനഹാനി ഭയന്ന് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യക്കൊരുങ്ങി. പോലീസിന്റെ സമയോചിത ഇടപെടലാണ് രക്ഷയായത്. രാത്രിയില്‍ വീട്ടില്‍ ഷര്‍ട്ട് ധരിക്കാതിരുന്നപ്പോള്‍ വന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്ത ഒരു മാധ്യമ പ്രവര്‍ത്തകനും ഈ തട്ടിപ്പിന് ഇരയായി.
*തട്ടിപ്പ് കോവിഡിന് ശേഷം*
കോവിഡ് മഹാമാരി തുടങ്ങിയതോടെയാണ് ''ന്യൂഡ് വാട്‌സാപ്പ് കോള്‍'' കേസുകള്‍ വ്യാപകമായത്. തട്ടിപ്പുകാര്‍ ഇരകളുടെ നമ്പറില്‍ വീഡിയോ കോള്‍ നടത്തും. കോള്‍ എടുക്കുമ്പോൾ നഗ്നയായ യുവതി സ്‌ക്രീനില്‍ സംസാരിക്കാന്‍ തുടങ്ങും. എന്താണ് സംഭവിക്കുന്നതെന്ന് ഇരകള്‍ക്ക് മനസിലാക്കാന്‍ കഴിയുന്നതിനുമുന്‍പ്, തട്ടിപ്പുകാര്‍ സ്‌ക്രീന്‍ റെക്കോഡര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ചാറ്റ് റെക്കോഡുചെയ്യും. ഈ ചിത്രമോ വീഡിയോയോ കാട്ടി പിന്നീട് പണം ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ ഇരകളുടെ നമ്പറിലേക്ക് അയച്ചുകൊണ്ടിരിക്കും. പണം കൊടുത്തില്ലെങ്കില്‍ റെക്കോഡുചെയ്ത വീഡിയോ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കിടുമെന്ന് ഭീഷണിപ്പെടുത്തും. ഇതാണ് പൊതുരീതി.
*മുന്നറിയിപ്പ്*
▪️സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമാക്കണം
▪️അജ്ഞാത നമ്പറുകളില്‍ നിന്ന് വരുന്ന വിഡിയോ കോളുകള്‍ സ്വീകരിക്കരുത്
▪️വ്യക്തിപരമായ ഫോട്ടോകളോ വീഡിയോകളോ അപരിചിതരുമായി പങ്കിടരുത്
ഇത്തരം കേസുകളില്‍ ജാഗ്രത പാലിക്കുക മാത്രമാണ് ഇതിനുള്ള മാര്‍ഗ്ഗം. ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സൈബര്‍ ക്രൈം സംഘങ്ങളാണ് ഇതിന് പിന്നില്‍. അക്കൗണ്ട് നമ്പര്‍ പരിശോധിച്ചാല്‍ പോലും പ്രതികളിലേയ്ക്ക് എത്താന്‍ കഴിയുന്നില്ല എന്നതാണ് ഏറെ വിചിത്രം.