ടോക്കിയോ ഒളിംപിക്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരങ്ങളെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ടോക്കിയോ ഒളിംപിക്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരങ്ങളെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ടോക്കിയോയില്‍ അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയ കായികതാരങ്ങള്‍ ഇവിടെ സന്നിഹിതരാണ്. അവരുടെ നേട്ടങ്ങളെ അഭിനന്ദിക്കണമെന്ന് രാഷ്‌ട്രത്തോട് അഭ്യര്‍ഥിക്കുകയാണ്. നമ്മുടെ ഹൃദയം കീഴടക്കുക മാത്രമല്ല, ഭാവി തലമുറയെ പ്രചോദിപ്പിക്കുക കൂടിയാണ് അവ‍ര്‍ ചെയ്‌തത്' എന്നും പ്രധാനമന്ത്രി പറഞ്ഞു. 

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ ടോക്കിയോയില്‍ സ്വര്‍ണം നേടിയ ജാവലിന്‍ താരം നീരജ് ചോപ്ര, വെള്ളി നേടിയ മീരബായ് ചനു, സായ് പ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. ഞാന്‍ കാരണം രാജ്യം അഭിമാനിക്കുന്നതില്‍ അതീവ സന്തോഷവാനാണ് എന്നാണ് ഒളിംപിക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചരിത്രത്തില്‍ രാജ്യത്തിന്‍റെ ആദ്യ മെഡല്‍ സ്വന്തമാക്കിയ നീരജ് ചോപ്രയുടെ പ്രതികരണം. ഒളിംപിക്‌സ് ചരിത്രത്തില്‍ എക്കാലത്തെയും മികച്ച മെഡല്‍ സമ്പാദ്യമാണ് ഇന്ത്യന്‍ ടീം ഇക്കുറി സ്വന്തമാക്കിയത്. ടോക്കിയോയില്‍ ഇന്ത്യ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഏഴ് മെഡലുകള്‍ നേടി.