//കൊവാക്സിൻ എടുത്തവർക്ക് ആശ്വാസ വാർത്തയുമായി ഐ.സി.എം.ആർ//
03-08-2021
കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ കൊവാക്സിന്‍ ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) പുതിയ പഠനം. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് രൂപാന്തരം വന്നാണ് ഡെല്‍റ്റ പ്ലസ് രൂപപ്പെട്ടത്. ഇന്ത്യയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. കൊവാക്സിന്‍ രണ്ട് ഡോസ് എടുത്തവരില്‍ നടത്തിയ പഠനത്തില്‍ ഡെല്‍റ്റ പ്ലസിനെതിരെ കൊവാക്സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതായി പഠനത്തില്‍ പറയുന്നു.
ഐ.സി.എം.ആറിന്റെയും പൂനെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ആണ് കൊവാക്സിന്‍. അതിതീവ്ര വ്യാപനശേഷിയുള്ള ഒന്നാണ് ഡെല്‍റ്റ പ്ലസ്. ഡെല്‍റ്റ പ്ലസ് വേരിയന്റ് മനുഷ്യ കോശങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കുകയും ബാധിക്കുകയും ചെയ്യുമെന്ന് ഡല്‍ഹിയിലെ സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐ.ജി.ഐ.ബി) യിലെ ക്ലിനീഷ്യനും ശാസ്ത്രജ്ഞനുമായ വിനോദ് സ്‌കറിയ പറഞ്ഞു.