*വിമാനക്കമ്പനികൾക്ക് 85 ശതമാനം ആഭ്യന്തര സർവീസുകൾ നടത്താം: വ്യോമയാന മന്ത്രാലയം*


19-Sep-2021

ദില്ലി: രാജ്യത്തെ വിമാനക്കമ്പനികൾക്ക് ഇനിമുതൽ 85 ശതമാനം ആഭ്യന്തര സർവീസുകളും നടത്താമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഓ​ഗസ്റ്റ് 12 മുതൽ 72.5 ശതമാനം സർവീസുകൾ നട‌ത്താൻ വിമാനക്കമ്പനികൾക്ക് മന്ത്രാലയം അനുമതി നൽകിയിരുന്നു. 

കൊവിഡ് പ്രതിസന്ധികളെ തുടർന്ന് സമ്മർദ്ദത്തിലായ മേഖലയ്ക്ക് കൂടുതൽ സർവീസുകൾ നടത്താൻ അനുമതി ലഭിക്കുന്നത് ​ഗുണകരമാകുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് പിന്നാലെ 33 ശതമാനം സർവീസുകൾക്ക് മാത്രമാണ് അനുമതി ലഭിച്ചിരുന്നത്. 

രോ​ഗവ്യാപന സാധ്യതയും യാത്രക്കാരുടെ കുറവും പരി​ഗണിച്ചായിരുന്നു ഇത്. എന്നാൽ, പിന്നീട് ഡിസംബറോടെ ആഭ്യന്തര സർവീസുകൾ 80 ശതമാനമാക്കി ഉയർത്തിയിരുന്നു. പിന്നീട് 2021 ജൂണിൽ സർവീസുകൾ 50 ശതമാനമാക്കി കുറച്ചു. കൊവിഡ് രണ്ടാം തരം​ഗത്തെ തുടർന്നായിരുന്നു നിയന്ത്രണം. 

രണ്ടാം തരം​ഗത്തെ തുടർന്നുളള നിയന്ത്രണങ്ങൾക്ക് ശേഷം, ജൂലൈ അഞ്ചിന് ആകെ സർവീസുകൾ 65 ശതമാനത്തിലേക്ക് ഉയർത്തി. പിന്നീട് കൂടുതൽ ഇളവുകൾ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഓ​ഗസ്റ്റ് 12 ന് ശേഷം സർവീസുകൾ 72.5 ശതമാനമാക്കി നിശ്ചയിക്കുകയായിരുന്നു. 

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*