*നിപ്പ വൈറസ് ; ലക്ഷണങ്ങളും ചികിത്സയും : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...*


05-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് മരിച്ച പന്ത്രണ്ട് വയസുകാരനാണ് നിപ്പ സ്ഥിരീകരിച്ചത്. പൂനെയിലെ വൈറോളജി ലാബില്‍ നടത്തിയ മൂന്ന് പരിശോധനകളിലും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. നിപ്പ മനുഷ്യനില്‍ നിന്നും മറ്റു മനുഷ്യരിലേക്കാണ് ബാധിക്കുന്നതെങ്കിലും വ്യാപകമായി പരക്കാനുള്ള സാധ്യതയില്ലാത്തതിനാല്‍ പരിഭ്രാന്തിപ്പെടേണ്ട ആവശ്യമില്ല. പക്ഷെ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും വേണം.

1998 ല്‍ മലേഷ്യയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത് 2001 മുതല്‍ 2008 വരെയുള്ള കാലയളവില്‍ ബംഗ്ലാദേശിലും ഇന്ത്യയില്‍ ബംഗാളിലും ഈ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനു ശേഷം 2018 ജൂണില്‍ കേരളത്തിലാണ് ഈ പനി വീണ്ടും സ്ഥിരീകരിക്കുന്നത്. നിപ്പ വൈറസ് എന്ന ഒരു വൈറസ് ആണ് രോഗമുണ്ടാക്കുന്നത്. പഴങ്ങള്‍ കഴിച്ചു ജീവിക്കുന്ന ചില ഇനം വവ്വാലുകളിലാണ് ഈ വൈറസ് കാണപ്പെടുന്നത്. ഇത്തരം വവ്വാലുകള്‍ നിപ്പ വൈറസിന്റെ പ്രകൃതിദത്ത വാഹകരാണ് . അതുകൊണ്ടു തന്നെ വവ്വാലുകള്‍ക്ക് ഈ രോഗം ബാധിക്കില്ല. എന്നാല്‍ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, ഉമിനീര് എന്നിങ്ങനെയുള്ള ശരീര സ്രവങ്ങളിലൂടെ വൈറസുകള്‍ പുറത്തേക്കു വ്യാപിക്കും

*രോഗലക്ഷണങ്ങള്‍*

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

*മുന്‍കരുതലുകള്‍*

പ്രതിരോധമാണ് ഏറ്റവും പ്രധാനം. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍

▪️വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. ഇതിനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.

▪️ വവ്വാലൂകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങള്‍ ഒഴിവാക്കുക

രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍

▪️രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച്‌ നന്നായി കഴുകുക.

▪️രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്ത് നിന്നും അകലം പാലിക്കുകയും ചെയ്യുക

▪️ രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

▪️വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*