*'ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍, ബസുകള്‍ അണുവിമുക്തമാക്കും'; ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി*


19-Sep-2021

തിരുവനന്തപുരം: സ്കൂൾ തുറക്കാൻ വിപുലമായ പദ്ധതി തയ്യാറാക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്നും പദ്ധതി തയ്യാറാക്കി ഒക്ടോബർ 15 ന് മുമ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റും വിധമുള്ള ക്രമീകരണമാണ് നടത്തുക. ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടക്കും. കുട്ടികൾ സ്കൂളിൽ എത്തുമ്പോൾ മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം ഉറപ്പിക്കൽ തുടങ്ങിയവ പാലിക്കുന്നതിനും കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ പാലിക്കേണ്ട കാര്യങ്ങളും ഉൾപ്പെടുന്നതാകും പദ്ധതി.

വിവിധ വകുപ്പുകളുമായി കൂടിയാലോചനകൾ നടക്കുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യോഗം നടക്കും. ആരോഗ്യവിദഗ്ധർ, ജില്ലാ കളക്ടർമാർ എന്നിവരുമായും ചർച്ച നടത്തും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്ക് പൊതുജന പിന്തുണയും മന്ത്രി അഭ്യർത്ഥിച്ചു. വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് തന്നെയാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടന്നതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. 
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*