സ്വന്തം മതം എന്ന് പറഞ്ഞ് വികാരം കൊള്ളുന്നവർ ഒന്ന് മുഴുവനായി വായിക്കുന്നത് നല്ലതാണ്......!!!


🏁ഇന്ന് ലോകത്ത് നിലവിൽ വളർന്നുകൊണ്ടിരിക്കുന്ന എല്ലാ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളരുന്നതല്ല.
മറിച്ച് പ്രസവത്തിലൂടെ വളരുന്നതാണ്. 
പ്രസവത്തിലൂടെ അല്ലാതെ ആദർശവും തിരിച്ചറിവും കൊണ്ട് വളരുന്നത് മതമില്ലായ്മ മാത്രമാണ്.

🏁ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.

🏁ഏതെങ്കിലും ഒരു മത കുടുംബത്തിൽ ജനിച്ച കുട്ടി, തങ്ങളുടെ മാതാപിതാക്കളുടെ മതം അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. മാത്രവുമല്ല ആ കുട്ടിയെ മറ്റു പലതും പോലെ തങ്ങളുടെ മതം അടിച്ചേൽപ്പിക്കുക മാത്രമാണ് മാതാപിതാക്കൾ ചെയ്യുന്നത്. ഒരു കുട്ടി മതത്തിലല്ല യഥാർത്ഥത്തിൽ വിശ്വസിക്കുന്നത്. പകരം അവന്റെ കൺമുന്നിലുള്ള മാതാപിതാക്കൾ പറയുന്നതിനെ ആണ് വിശ്വസിക്കുന്നത്.

🏁ഓരോരുത്തർക്കും അവരവരുടെ മതം ശരിയാണെന്ന് തോന്നുന്നത് ചെറുപ്പത്തിലെ ഉള്ള ഈ നിർബന്ധിത മത പരിശീലനം കൊണ്ട് മാത്രമാണ്.

🏁മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.

🏁മതത്തിൽ യാതൊരു നിർബന്ധവുമില്ല എന്ന് വറുതെ അലങ്കാരത്തിന് പറയാമെന്നല്ലാതെ ഒരു പരമ്പരാഗത കുടുംബ പശ്ചാത്തലത്തിൽ അതിന്റെ പ്രയോഗവൽക്കരണം തികച്ചും അസാധ്യമാണ്.

🏁ഉദാഹരണത്തിന് തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഡിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഡം വെക്കലും മഹറോൻ ചൊല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ മാത്രം.

🏁തിരിച്ചറിവാകുന്നതിന് മുമ്പേ മാതാപിതാക്കൾ അടിച്ചേൽപ്പിച്ച മതവുമായി വളരുന്ന ഒരു കുട്ടിക്ക് ആ മതവും അതിലെ ആചാരങ്ങളുമായി ആദർശപരമായ യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. കുടുംബ ബന്ധം നിലനിർത്തുന്നതിന് വേണ്ടിയും ചെറുപ്പത്തിൽ രൂഢമൂലമായ കേവല വിശ്വാസം ഉപബോധമനസ്സിൽ ഉള്ളത് കൊണ്ടും മാത്രം അവൻ അവന്റെ മതത്തിൽ തുടരുന്നു എന്നതാണ് യാഥാർത്ഥ്യം...

🏁വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തിക കാരണങ്ങളുമുണ്ട്.

🏁മുസ്ലീംകൾക്ക് പന്നി ഇറച്ചി കാണുമ്പോൾ അറപ്പ് തോന്നുന്നു എങ്കിൽ ബ്രാഹ്മണർക്ക് ഏത് ഇറച്ചി കണ്ടാലും അറപ്പ് തോന്നുന്നു.
കാരണം ഈ രണ്ട് ഇറച്ചിയും ചീത്ത ആയത് കൊണ്ടല്ല, മറിച്ച്‌ ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്.

🏁പട്ടിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പന്നിയോ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്.

🏁ഇന്ന് ലോകത്തുള്ള ബഹുഭൂരിപക്ഷം മത വിശ്വാസികളും തങ്ങളുടെ മതഗ്രന്ഥങ്ങൾ  ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഡിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. 

🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്...

🏁തന്റെ മതം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു മതവിശ്വാസി, തന്റെ ജനനം മറ്റേതെങ്കിലും മതത്തിലായിരന്നെങ്കിൽ ആ മതം ആയിരിക്കും ശരി എന്ന് നിസ്സംശയം വിശ്വസിക്കുമായിരുന്നു എന്ന വസ്തുത മനസ്സിലാക്കിയാൽ,
താൻ ചെയ്യുന്നത് വെറും പൊള്ളയായ അനുകരണം മാത്രമാണ് എന്ന് തിരിച്ചറിയാൻ കഴിയും.

🏁അന്യമതക്കാർ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.

🏁എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഡ്ണി, കണ്ണ്, കരൾ, ഹൃദയം തുടങ്ങിയവ ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയു-വിൽ, തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ ആരും മതം നോക്കുന്നില്ല....!

🏁മുസ്ലീമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന്, അല്ലെങ്കിൽ തിരിച്ചും അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല. മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങനെ തന്നെ.

🏁ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലീമിന്റെ ശരീരത്തിൽ, അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട്  പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ.
അയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.

🏁ഇതെല്ലാം നിസ്സംശയം തെളിയിക്കുന്ന ഒരു വസ്തുതയുണ്ട്.....

🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ഥ് തി മാത്രമാണ്. അതിന് ദൈവവുമായി ഒരു ബന്ധവുമില്ല.

🏁ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്.

🏁മതം പിന്നീട് അവന്റെ ഉപബോധ മനസ്സിലേക്ക് അവന്റെ കുടുംബ സാമൂഹിക പശ്ചാത്തലം ബോധപൂർവ്വം  അടിച്ചേൽപ്പിക്കുന്നതാണ്. അതുകൊണ്ടാണ് ആ ബന്ധനത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നവർ ഒറ്റപ്പെടുന്നത്.

🏁ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ.
അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ് - സത്യസന്ധതയാണ് - വിവേകമാണ് - നിസ്വാർത്ഥതയാണ് - വിനയമാണ് - കാരുണ്യമാണ്.....!!

🏁പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്. 

  🏁 സ്വന്തം മതത്തെ മാത്രം ന്യായീകരിച്ചു മറ്റ് മതങ്ങളെ പരിഹസിക്കുന്നവൻ  ഒരു മൂഢനാണ്....!!!

(കടപ്പാട്‌.....)🙏🌹