September 23, 2021
ഉത്തരമലബാറിന്റെ സിവില്‍ സര്‍വ്വീസ് പരിശീലന ഹബ്ബാക്കി കണ്ണൂരിനെ മാറ്റുമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല പ്രോ. വൈസ് ചാന്‍സിലര്‍ ഡോ. എ സാബു പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കണ്ണൂര്‍ സര്‍വകലാശാല സിവില്‍ സര്‍വീസ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സിവില്‍ സര്‍വീസ് താല്പര്യമുള്ള ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മോട്ടിവേഷന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി പാലയാട് അക്കാദമി കൂടുതല്‍ വിപുലപ്പെടുത്തും. സിവില്‍ സര്‍വ്വീസ് താല്പര്യമുള്ള കുട്ടികള്‍ ഉണ്ടെങ്കിലും പരിശീലനത്തിന് അവര്‍ കേരളത്തിന് പുറത്തും മറ്റ് ജില്ലകളിലുമായി പോവുകയാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മാനന്തവാടി, കല്യാശ്ശേരി, കാസര്‍കോട് കാമ്പസുകളുടെ ഭൗതികസാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി സിവില്‍ സര്‍വ്വീസ്് പരിശീലനം ആരംഭിക്കും. ഇതോടെ ഉത്തരമലബാറിനെ സിവില്‍ സര്‍വ്വീസ് കേന്ദ്രങ്ങളുടെ പ്രധാന കേന്ദ്രമായി മാറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ ശില്പശാലയില് മുഖ്യാതിഥിയായി പങ്കെടുത്തു. ബിരുദ പഠന കാലമാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ പഠനത്തിന് അനുയോജ്യമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന് നന്മ ചെയ്യാന്‍ കഴിയുന്ന മേഖല എന്ന നിലയില്‍ വേണം ഈ രംഗത്തെ കാണാനെന്നും ഹരികിഷോര്‍ പറഞ്ഞു.
രജിസ്റ്റര്‍ ചെയ്ത നൂറോളം വിദ്യാര്‍ഥികളാണ് ശില്പശാലയില് പങ്കെടുത്തത്. പാലയാട് സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. പി കെ നിംഷിദ്, ക്രിസ്റ്റി ജോസ്, കെവിന്, അശ്വതി മുകുന്ദന്, കെ പി ശരത്, കെവിന് സാവിയോ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. സിവില്‍ സര്‍വ്വീസ് തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അഭിരുചി ടെസ്റ്റ് തുടങ്ങിയവ കുട്ടികള്‍ക്കായി പരിചയപ്പെടുത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്, പാലയാട് സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ ജയദേവി വാര്യര്‍ എന്നിവര്‍ സംസാരിച്ചു. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ രണ്ടാമത്തെ ബാച്ചിനുള്ള ശില്പശാല അടുത്ത ദിവസം നടക്കും.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*