*മഴ തുടരുന്നു: ഇടുക്കി അണക്കെട്ട് നാളെ രാവിലെ 11 ന് തുറക്കും; ജാഗ്രതാ നിര്‍ദേശം*


18-Oct-2021

തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തുറക്കും. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം ഉയർത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സെക്കൻഡിൽ ഒരുലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കും.

വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെയാണ് അണക്കെട്ട് തുറക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായത്. ഇടുക്കിയിൽ നിന്ന് വെള്ളമൊഴുകുന്ന പ്രദേശങ്ങളിലെല്ലാം ജാഗ്രതാ നിർദ്ദേശമുണ്ട്.

ഇടുക്കി, വാത്തിക്കുടി, കഞ്ഞിക്കുഴി, കാമാക്ഷി പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം നൽകി. അണക്കെട്ട് സ്ഥിതിചെയ്യുന്ന മേഖലയിലേക്ക് രാത്രിയാത്ര നിരോധിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി 64 കുടുംബങ്ങളെ പ്രദേശത്ത് നിന്നു മാറ്റിപാർപ്പിക്കും.

നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397.34 അടിയിലെത്തി. ജലനിരപ്പ് 2397.86 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. നിലവിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് മണിക്കൂറിൽ 0.993 ഘനയടി വെള്ളമാണ്. ഇപ്പോഴത്തെ നിരക്ക് പരിശോധിച്ചാൽ രാവിലെ ഏഴ് മണിയോടെ ജലനിരപ്പ് അപ്പർ റൂൾ കർവിലെത്തും. ഇന്ന് വൈകീട്ട് ആറ് മണിയോടെ ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. അണക്കെട്ടിലെ പരമാവധി സംഭരണശേഷി 2403 അടിയാണ്.

ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ കൂടിയാണ് ഉടൻതന്നെ അണക്കെട്ട് തുറക്കാൻ സർക്കാർ തീരുമാനിച്ചത്.

ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ രാവിലെ ആറു മണിക്ക് 80 സെ.മീ വീതം ഉയർത്തും. ഒരു സെക്കന്റിൽ 100 ക്യൂബിക് മീറ്റർ അളവിലാണ് ജലം ഒഴുക്കുന്നത്. ഇതു മൂലം കാര്യമായ വ്യതിയാനം പെരിയാറിലെ ജലനിരപ്പിൽ പ്രതീക്ഷിക്കുന്നില്ല. തുലാവർഷത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ ശക്തമായ മഴയും നീരൊഴുക്കും ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയുമാണ് ഈ നടപടി.

കല്ലാർ ഡാമും തുറന്നുവിട്ടിണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പമ്പ ഡാമിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കക്കി അണക്കെട്ടും തിങ്കളാഴ്ച രാവിലെ 11 മണിയോടെ തുറന്നു. വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഡാം തുറന്നത്. ഡാമിൽ നിലവിലെ ജലനിരപ്പ് 983.5 അടിയാണ്. പരമാവധി 986.33 അടിയാണ് ഇവിടുത്തെ സംഭരണശേഷി.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*