ഉടമകള്‍ ജാഗ്രത, ഈ 11 കാറുകള്‍ ഗുഡ്ബൈ പറയുന്നു; അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയില്‍ ഉണ്ടാകില്ല!

കടപ്പാട് : Web TeamFirst Published

ചില വാഹന നിര്‍മ്മാതാക്കള്‍ സമ്പൂര്‍ണണായി ഇന്ത്യ വിടുകയാണെങ്കില്‍ മറ്റുചിലര്‍ പുതിയ മോഡലുകള്‍ക്ക് പകരമായാണ് അരങ്ങൊഴിയുന്നത്. ഇതാ 2021ല്‍ ഇന്ത്യ വിടുന്ന അത്തരം 11 കാറുകളെ പരിചയപ്പെടാം. 


കൊവിഡ് -19 (Covid 19) മഹാമാരി ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ മന്ദഗതിയിലുള്ള വിപണി സാഹചര്യങ്ങൾ മൂലം ഏതാനും മോഡലുകള്‍ വിപണിയിൽ നിന്ന് പുറത്താകുകയാണ് (Discontinued Vehicles). ചില വാഹന നിര്‍മ്മാതാക്കള്‍ സമ്പൂര്‍ണമായി ഇന്ത്യ വിടുകയാണെങ്കില്‍ മറ്റുചിലര്‍ പുതിയ മോഡലുകള്‍ക്ക് പകരമായാണ് അരങ്ങൊഴിയുന്നത്. ഇതാ 2021ല്‍ ഇന്ത്യ വിടുന്ന അത്തരം 11 കാറുകളെ പരിചയപ്പെടാം. 

1. ഫോർഡ് എൻഡവർ
ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ഇന്ത്യയില്‍ നിന്നുള്ള പിന്മാറ്റം മികച്ച നാല് വാഹന മോഡലുകളെയാണ് ഒറ്റയടിക്ക് ഇന്ത്യക്കാര്‍ക്ക് അന്യമാക്കുന്നത്. ടൊയോട്ട ഫോർച്യൂണറിനെ വെല്ലുവിളിക്കുന്ന ഇന്ത്യയിലെ ഏക എസ്​യുവിയായിരുന്നു ഫോര്‍ഡ് എൻഡവർ. രാജ്യത്തെ ആദ്യത്തെ 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്​മിഷൻ യൂനിറ്റ് ഉപയോഗിച്ച വാഹനവും എൻഡവർ ആയിരുന്നു. ഫോര്‍ഡ് എവറസ്റ്റിനെ അടിസ്ഥാനമാക്കിയാണ് എന്‍ഡവറിനെ ഫോര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2019 ഫെബ്രുവരിയിലാണ് വാഹനത്തിന്‍റെ മൂന്നാംതലമുറയുടെ പരിഷ്‍കരിച്ച പതിപ്പിനെ ഫോര്‍ഡ് ഇന്ത്യ അവതരിപ്പിച്ചത്.  2020 ഫെബ്രുവരിയില്‍ പുതിയ മോഡല്‍ ബിഎസ്6 ഫോര്‍ഡ് എന്‍ഡവറിനെയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച വാഹനമെന്ന്​ പേരെടുത്തെങ്കിലും വിൽപ്പനയിൽ വിപ്ലവം സൃഷ്​ടിക്കാനൊന്നും എൻഡവറിന് സാധിച്ചില്ല. ഫോര്‍ഡ് ഇന്ത്യക്കൊപ്പം എന്‍ഡവറും ഒടുവില്‍ ഇന്ത്യയില്‍ നിന്നും മറയുന്നു.

11 vehicles saying Goodbye India in 2021

2 ഫോർഡ് ഇക്കോസ്​പോർട്ട്​ 
2013 ജൂണിലാണ് ഫോർഡ് ഇക്കോസ്പോർട്ട് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ കോംപാക്ട് എസ്‌യുവികളിൽ ഒന്നായിരുന്നു ഫോർഡ് ഇക്കോസ്‌പോർട്ട്. സബ് -4 മീറ്റർ കോംപാക്റ്റ് എസ്‌യുവിയാണ് ഫോർഡ് ഇക്കോസ്‌പോർട്ട്. ഈ വിഭാഗത്തിലെ കാറുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാക്കിയതും ഫോർഡ് ഇക്കോസ്പോർട്ട് ആണ്. ഈ ജനപ്രിയ മോഡലിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിന്‍റെ പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന സ്റ്റെപ്പിനി ടയറാണ്. ശ്രേണിയില്‍ അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു ലുക്ക് ഈ സ്‌പെയര്‍ വീലിന്‍റെ സാന്നിധ്യം എക്കോസ്‍പോര്‍ട്ടിന് നല്‍കിയിരുന്നു. ഇന്ത്യയിൽ ഫോർഡ് ഏറ്റവും കൂടുതൽ വിറ്റഴിച്ച വാഹനമാണ് ഇക്കോസ്‌പോർട്ട്. ഈ മോഡലിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ്​ മോഡൽ പുറത്തിറക്കാനിരിക്കെയായിരുന്നു കമ്പനിയുടെ ഇന്ത്യ വിടല്‍ തീരുമാനം. 


3 ഫോർഡ് ആസ്​പയർ

ഫിഗോയുടെ സെഡാൻ പതിപ്പായിരുന്നു ആസ്​പയർ. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ആസ്​പയറും വാഗ്​ദാനം ചെയ്​തിരുന്നു. സോളിഡ് ബിൽഡ് ക്വാളിറ്റിയും വിലക്കുറവുമായിരുന്നു ആസ്​പയറിനെ ആകർഷകമാക്കിയിരുന്നത്​. മാരുതി സുസുക്കി ഡിസയർ, ഹ്യുണ്ടായി ഓറ തുടങ്ങിയവരായിരുന്നു ആസ്‍പയറിന്‍റെ എതിരാളികള്‍. 

11 vehicles saying Goodbye India in 2021

4 ഫോർഡ് ഫിഗോ
ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ഫിഗോയും ഇനിമുതല്‍ ഇന്ത്യയ്ക്ക് അപ്രാപ്യമാകും. ഫോർഡി​ന്‍റെ ഹോട്ട്​ സെല്ലിങ്​ ഹാച്ച്​ബാക്കായിരുന്നു ഫിഗോ. പെട്രോൾ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും ഓട്ടോമാറ്റിക് ട്രാൻസ്​മിഷനിലും ലഭ്യമായ ഫോർഡ് ഫിഗോ മികച്ച ഡ്രൈവബിലിറ്റിയുള്ള​ കാർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്​.  ഫിഗോയുടെ ബിഎസ്6 പതിപ്പ് 2020 ഫെബ്രുവരിയിലാണ് കമ്പനി അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ലാറ്റിന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റി അയച്ച ഫിഗോ മികച്ച പ്രകടനം കാഴ്‍ചവച്ചിരുന്നു.  ഗുജറാത്തിലെ സാനന്ദിലെ പ്ലാന്‍റില്‍ നിര്‍മ്മിച്ച് മെക്‌സികോയിലെത്തിച്ച ഹാച്ച്ബാക്ക് മോഡലായ ഫിഗോയും സെഡാന്‍ മോഡലായ ആസ്പയറും നാല് സ്റ്റാര്‍ റേറ്റിങ് നേടിയാണ് സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‍ചയ്ക്കുമില്ലെന്ന് തെളിയിച്ചത്.  കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷയില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുകളാണ് ഫോര്‍ഡിന്‍റെ ഈ വാഹനങ്ങള്‍ സ്വന്തമാക്കിയത്.  നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ്, സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്‌സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളാണ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത്.  ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ക്രാഷ് ടെസ്റ്റില്‍ വിലയിരുത്തിയിരുന്നു. 

11 vehicles saying Goodbye India in 2021

5 ഫോര്‍ഡ് ഫ്രീസ്റ്റൈല്‍
ഫിഗോക്ക്​ ഫ്രീസ്റ്റൈൽ എന്ന ക്രോസ്ഓവർ പതിപ്പും ​ഫോർഡ്​ നൽകിയിരുന്നു. 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റർ ഡീസൽ എന്നീ എഞ്ചന്‍ ഓപ്‍ഷനുകളായിരുന്നു വാഹനത്തിന്‍റെ ഹൃദയം. പെട്രോള്‍ എഞ്ചിന്‍ 95 bhp കരുത്തും 120 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ഡീസല്‍ എഞ്ചിന്‍ 99 bhp കരുത്തും 215 Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവലാണ് ട്രാൻസ്മിഷന്‍. 

11 vehicles saying Goodbye India in 2021

6  മഹീന്ദ്ര എക്​സ്​യുവി 500
വിൽപ്പനക്കുറവോ മറ്റ്​ മോശം പ്രകടനങ്ങളോ അല്ല മഹീന്ദ്രയുടെ ജനപ്രിയ എസ്​.യു.വിയായ എക്​സ്​.യു.വി 50ന്‍റെ നിർബന്ധിത പിൻവാങ്ങലിനുകാരണം. എക്സ്‍യുവി 700 എന്ന കൂടുതൽ മെച്ചപ്പെട്ട മോഡൽ വന്നതോടെയാണ്​ 500 പിന്മാറുന്നത്​. നിലവിൽ വാഹനം മഹീന്ദ്ര ഷോറൂമുകളിൽ ലഭ്യമാണെങ്കിലും, പതിയെ പിൻവലിക്കും.  അതേസമയം, പിന്നീട് അഞ്ച്​ സീറ്റ്​ മാത്രമുള്ള എസ്​യുവിയുടെ രൂപത്തില്‍ എക്സ്‍യുവി 500 വീണ്ടും നിരത്തുകളിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എക്‌സ്‌യുവി 700നും 300നും ഇടയിലായിരിക്കും ഈ മോഡലിന്‍റെ സ്​ഥാനം. ഹ്യുണ്ടായ് ക്രേറ്റ, ടാറ്റ ഹാരിയർ, കിയ സെൽറ്റോസ്, എം‌ജി ഹെക്ടർ തുടങ്ങിയ പ്രീമിയം എസ്‌യുവികളായിരിക്കും എതിരാളികൾ. 

11 vehicles saying Goodbye India in 2021

7 ടൊയോട്ട യാരിസ്
ടൊയോട്ടയുടെ പ്രീമിയം സെഡാനായ യാരിസും ഇന്ത്യന്‍ നിരത്തുകളോട് വിടപറഞ്ഞിരിക്കുന്നു.  ഒട്ടും ജനപ്രിയമല്ലായിരുന്നു ടൊയോട്ട യാരിസ്​.വിപണിയിൽ അവതരിപ്പിച്ച്​ വെറും മൂന്ന്​ വർഷത്തിനുള്ളിലാണ്​ യാരിസ്,​ ഇന്ത്യയിൽ നിന്നും മടങ്ങുന്നത്​. ഏഷ്യന്‍ വിപണികളില്‍ കമ്പനി വില്‍ക്കുന്ന വിയോസിന്‍റെ ഇന്ത്യന്‍ നാമമാണ് യാരിസ് എന്നത്.  2018 ലാണ് ടൊയോട്ട, യാരിസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പുറത്തിറങ്ങിയ കാലം മുതൽ സെഗ്‌മെന്റിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായിരുന്നു യാരിസ്. മികച്ച ഫീച്ചറുകളും നിർമാണ നിലവാരവുമായി എത്തിയ യാരിസിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു കുറഞ്ഞ പരിപാലനചെലവ്. വാഹനത്തിന്റെ ഡ്രൈവിങ് പ്രകടനം കൂടി മികച്ചതായതോടെ ഉപഭോക്താക്കൾ സംതൃപ്തരായിരുന്നെന്നും ടൊയോട്ട പറയുന്നു. എന്നാല്‍ മൂന്നുവർഷംകൊണ്ട്​  19,784 യൂനിറ്റ് മാത്രമാണ് വിറ്റുപോയത്.  യാരിസിന് പകരക്കാരനായി മാരുതി സിയാസിന്റെ റീ-ബാഡ്‍ജിംഗ് പതിപ്പ് വിപണിയില്‍ എത്തുമെന്ന് മുമ്പുതന്നെ വാര്‍ത്തകള്‍ വന്നിരുന്നു. യാരിസിന് പകരക്കാരനായി ബെല്‍റ്റ എന്ന സിയാസ് റീ ബാഡ്‍ജ് പതിപ്പിന്‍റെ പണിപ്പുരയിലാണ് ടൊയോട്ട.

11 vehicles saying Goodbye India in 2021

8 ഹോണ്ട സിവിക്
ജപ്പാനിലും യൂറോപ്പിലുമെല്ലാം വലിയ വിജയം നേടിയ വാഹന മോഡലാണ്​ ഹോണ്ട സിവിക്​. ആദ്യ വരവിൽ ഇന്ത്യക്കാരുടെ മനസുകവര്‍ന്ന് ഈ വാഹനത്തിന്‍റെ പത്താം തലമുറ 2019ല്‍ ഇന്ത്യയില്‍ എത്തി. എന്നാല്‍ ടൊയോട്ട കൊറോളയും സ്​കോഡ ഒക്​ടാവിയയും ഹ്യൂണ്ടായ്​ എലാൻഡ്രയുമെല്ലാം അരങ്ങുവാഴുന്ന പ്രീമിയം സെഡാൻ വിഭാഗത്തിൽ ക്ലച്ചുപിടിക്കാന്‍ ഈ സിവിക്കിന് സാധിച്ചില്ല. കോവിഡ്​ തരംഗത്തിലും കുടുങ്ങിയതോടെ ഗ്രേറ്റർ നോയിഡ പ്ലാന്റിൽ സിവികുകളുടെ നിർമ്മാണം നിർത്താനും വിൽപ്പന രാജ്യത്ത്​ അവസാനിപ്പിക്കാനും ഹോണ്ട തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

11 vehicles saying Goodbye India in 2021

9 ഹോണ്ട സിആർവി
മോണോകോക്ക്​ ഷാസിയിൽ മികച്ച യാത്രാസുഖവുമായി ഹോണ്ട അവതരിപ്പിച്ച വാഹനമായിരുന്നു സി.ആർ.വി. എസ്​.യു.വി എന്നതിനേക്കാൾ ക്രോസ്​​ ഓവർ എന്നാണ്​ സി.ആർ.വിയെ വിളിക്കേണ്ടത്​. വിൽപ്പനക്കുറവ്​ തന്നെയാണ്​ ഈ മികച്ച വാഹനത്തിനും തിരിച്ചടിയായത്​. യൂറോപ്യൻ ഫിറ്റും ഫിനിഷുമെല്ലാം ഉണ്ടായിട്ടും ഇന്ധനക്ഷമതയില്ലായ്​മയും സർവ്വീസ്​ പരാധീനതകളും വിലക്കൂടുതലും സി.ആർ.വിക്ക്​ തിരിച്ചടിയായി. ഇതോടെ ഈ വാഹനത്തിന്‍റെ വിൽപ്പന ഇന്ത്യയിൽ  ഹോണ്ട  നിർത്തലാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

11 vehicles saying Goodbye India in 2021

10  മഹീന്ദ്ര ആള്‍ട്ടുറാസ് ജി4
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ആള്‍ട്ടുറാസ് ജി4യുടെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍​. വിൽപ്പന ഇല്ലായ്​മയാണ്​ ആള്‍ട്ടുറാസ് ജി4നും​ വിനയായത്​. മഹീന്ദ്രയുടെ ദക്ഷിണ കൊറിയന്‍ പങ്കാളിയായ സാങ്‌യോങ്ങുമായുള്ള സഹകരണം കമ്പനി അവസാനിപ്പിച്ചതോടെ ഈ വാഹനവും വിപണിയില്‍ നിന്നും അപ്രത്യക്ഷമാകും.  സാങ്‌യോങ്ങിന്റെ പ്രീമിയം എസ്‌യുവി റെക്സ്റ്റണിനെയാണ് അള്‍ട്ടുറാസ് എന്ന പേരില്‍ മഹീന്ദ്ര ഇന്ത്യയിൽ പുറത്തിറക്കിയത്. 2016ലെ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി-2 കൺസെപ്റ്റിൽ നിന്നും വികസിപ്പിച്ചിരിക്കുന്ന വാഹനം 2017ലാണ് യുകെ വിപണിയിലെത്തിയത്.  2018  ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രദർശിപ്പിച്ച വാഹനം 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.  വിദേശത്ത് നിന്നും ഘടകങ്ങള്‍ ഇറക്കുമതി ചെയ്‍ത് മഹീന്ദ്രയുടെ ചകാന്‍ പ്ലാന്റില്‍ നിര്‍മിച്ചാണ് ആള്‍ട്ടുറാസ് ജി4 ഇന്ത്യയില്‍ എത്തുന്നത്.  നിലവിൽ നിർമാണം പൂർത്തിയായ വാഹനങ്ങൾ വിറ്റുകഴിഞ്ഞാൽ മഹീന്ദ്ര അള്‍ട്ടുറാസും ഓര്‍മ്മയാകും. 

11 vehicles saying Goodbye India in 2021

11 ഹ്യുണ്ടായ് ഗ്രാൻഡ് ​ഐ 10
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ജനപ്രിയ മോഡലായ ഗ്രാന്‍ഡ് ഐ10ന്‍റെ നിര്‍മ്മാണം ഈ വർഷം ആദ്യം നിര്‍ത്തലാക്കിയിരുന്നു. ഹ്യുണ്ടായ് വാഹന നിരയിൽ നിന്ന് നിശബ്​ദമായി നീക്കം ചെയ്​ത മോഡലാണ്​ ഗ്രാൻഡ് ​ഐ10. ഹാച്ച്​ബാക്കുകളുടെ വിഭാഗത്തിൽ മാരുതിയോട്​ ഏറ്റുമുട്ടാൻ ഹ്യുണ്ടായിയെ സഹായിച്ച മോഡലുകളിൽ ഒന്നായിരുന്നു ഇത്​. ജനുവരിയിൽ, ഗ്രാൻഡ്​ ഐ 10 നിയോസ്​ വരികയും ഗ്രാൻഡ് ഐ 10 പിന്നിലേക്ക്​ മാറ്റപ്പെട്ടു. 81 bhp കരുത്തും 114 Nm ടോർക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ കാപ്പ VTVT പെട്രോള്‍ എഞ്ചിനായിരുന്നു വാഹനത്തിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവലായിരുന്നു ഗിയര്‍ബോക്സ്. 64 bhp കരുത്തും, 98 Nm ടോർക്കും ആണ് സിഎന്‍ജി കരുത്തില്‍ എത്തുന്ന ഗ്രാന്‍ഡ് i10 ഉത്പാദിപ്പിച്ചിരുന്നത്