പ്രവർത്തനത്തിന്റെ 120-ാം വാർഷികാഘോഷം പ്രമാണിച്ച് ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് പ്രത്യേക ഹെൽമെറ്റ് ശ്രേണി പുറത്തിറക്കി. കമ്പനി പിന്നിട്ട 12 ദശാബ്ദങ്ങളുടെ പ്രൗഢ സ്മരണകൾ പ്രതിഫലിക്കുംവിധത്തിൽ സവിശേഷ രൂപകൽപ്പനയുള്ള 12 ഹെൽമെറ്റുകളാണു കമ്പനി അവതരിപ്പിക്കുന്നത്; ഓരോ കാലത്തെയും പ്രതിനിധീകരിക്കുന്ന പോസ്റ്ററിൽ നിന്നോ പരസ്യങ്ങളിൽ നിന്നോ പ്രചോദിതമായ രൂപകൽപ്പനയാണു ഹെൽമെറ്റുകളിൽ പ്രതിഫലിക്കുക.
ആകെ 12 ഡിസൈനുകളിലാണ് ഈ പ്രത്യേക ഹെൽമെറ്റ് ലഭിക്കുക; ഓരോ ഡിസൈനിലും 120 യൂണിറ്റ് വീതമാവും വിൽപ്പനയ്ക്കെത്തുക. യന്ത്രസഹായമില്ലാതെ, കൈ കൊണ്ടുതന്നെ ചായം പൂശി എത്തുന്ന ഹെൽമെറ്റിൽ ക്രമനമ്പർ രേഖപ്പെടുത്തുമെന്നും റോയൽ എൻഫീൽഡ് വ്യക്തമാക്കുന്നു. ഓപ്പൺ ഫേസ് ഹെൽമെറ്റിന് 6,950 രൂപയും ഫുൾ ഫേസ് പതിപ്പുകൾക്ക് 8,450 രൂപയുമാണു വില നിശ്ചയിച്ചിരിക്കുന്നത്.
അടുത്ത ആറ് ആഴ്ചകളിലായി രണ്ടു വീതം ഹെൽമെറ്റ് ഡിസൈനുകൾ പുറത്തിറക്കുമെന്നാണു കമ്പനിയുടെ പ്രഖ്യാപനം; തിങ്കളാഴ്ചകളിലും ബുധനാഴ്ചകളിലുമാകും പുത്തൻ രൂപകൽപ്പനകൾ അനാവരണം ചെയ്യുക. അതതു വാരാന്ത്യങ്ങളിൽ കമ്പനി വെബ്സൈറ്റ് മുഖേന ഈ ഹെൽമെറ്റുകളുടെ വിൽപ്പനയ്ക്കും തുടക്കമാവും.
ഓരോ ഡിസൈനിലുമുള്ള ഹെൽമെറ്റിൽ ഒന്നു മുതൽ 120 വരെയുള്ള നമ്പറുകളും രേഖപ്പെടുത്തിയിട്ടുണ്ടാവും. പോരെങ്കിൽ ഹെൽമെറ്റിനൊപ്പം ആ രൂപകൽപ്പനയുടെ ലഘുചരിത്രമടങ്ങിയ പോസ്റ്റ്കാർഡും നൽകും. ഹെൽമെറ്റ് ഡിസൈനിനു പ്രചോദനമായ യഥാർഥ പോസ്റ്ററിന്റെയോ പരസ്യത്തിന്റെയോ ചിത്രവും ഈ പോസ്റ്റ് കാർഡിൽ ഉണ്ടാവും. പ്രീമിയം നിലവാരമുള്ള സാമഗ്രികൾ ഉപയോഗിച്ചു നിർമിച്ച ഹെൽമെറ്റിന് ഐ എസ് ഐ, ഡി ഒ ടി, ഇ സി ഇ സർട്ടിഫിക്കേഷനുകളും ഉണ്ട്. മികച്ച സുരക്ഷയ്ക്കായി സൺ വൈസറും ലതർ ട്രിമ്മുകളും സഹിതമാണു ഹെൽമെറ്റിന്റെ വരവ്.